അനാവശ്യയാത്ര: വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും – UKMALAYALEE

അനാവശ്യയാത്ര: വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും

Thursday 26 March 2020 2:01 AM UTC

തിരുവനന്തപുരം March 26: ലോക്ക്‌ഡൗണ്‍ ദിവസങ്ങളില്‍ തുടര്‍ച്ചയായി അനാവശ്യയാത്ര നടത്തുന്ന വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കും. ഒരു തവണ തിരിച്ചയച്ച ശേഷവും അനാവശ്യമായി റോഡിലിറങ്ങിയാലാണു നടപടി.

കൃത്യമായ കാരണങ്ങളില്ലെങ്കില്‍ യാത്രക്കാരെ അറസ്‌റ്റ് ചെയ്യാനും ഡി.ജി.പി ലോക്‌നാഥ്‌ ബെഹ്‌റ ജില്ലാ പോലീസ്‌ മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കി.

ജനതാ കര്‍ഫ്യു ദിനം പോലെ, സമ്പൂര്‍ണ ലോക്ക്‌ഡൗണിന്റെ ആദ്യദിവസവും ജനങ്ങള്‍ കൂട്ടത്തോടെ വാഹനങ്ങളുമായി നിരത്തിലിറങ്ങി.

തീര്‍ത്തും അനാവശ്യ യാത്രയെന്നു വ്യക്‌തമായവരെ തടഞ്ഞ്‌ തിരിച്ചയച്ചതിനു പുറമേ നൂറിലേറെ വാഹനങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്‌തു. ഇന്നലെയും ഒട്ടേറെപ്പേര്‍ കാഴ്‌ച കാണാനും തമാശയ്‌ക്കും വണ്ടിയെടുത്തിറങ്ങിയവരാണ്‌. പറഞ്ഞുമടുത്തതോടെയാണ്‌ പോലീസ്‌ നടപടി കടുപ്പിച്ചത്‌.

പോലീസ്‌ നിര്‍ദേശിക്കുന്ന സത്യവാങ്‌മൂലമോ അവശ്യവിഭാഗത്തിലെ ജോലിയെന്നു തെളിയിക്കുന്ന തിരിച്ചറിയല്‍ കാര്‍ഡോ കാണിക്കാത്തവരെ ഇന്നുമുതല്‍ കര്‍ശനമായി തടഞ്ഞ്‌ തിരിച്ചയയ്‌ക്കും.

അതിനൊപ്പം, അവശ്യ മേഖലകളില്‍ ജോലി ചെയ്യുന്ന കൂടുതല്‍ പേര്‍ക്കു സ്വന്തം സ്‌ഥാപനത്തിലെ തിരിച്ചറിയല്‍ കാര്‍ഡുമായി യാത്രചെയ്യാന്‍ അനുവദിക്കാനും തീരുമാനമായി.

CLICK TO FOLLOW UKMALAYALEE.COM