അതിരുവിടാതെ പ്രതിഷേധം, അലകടലായി യാക്കോബായ സഭാംഗങ്ങള്‍ – UKMALAYALEE

അതിരുവിടാതെ പ്രതിഷേധം, അലകടലായി യാക്കോബായ സഭാംഗങ്ങള്‍

Thursday 3 October 2019 3:57 AM UTC

കോട്ടയം Oct 3: നീതിനിഷേധത്തിനും ഇടവക പള്ളികള്‍ കൈയേറി വിശ്വാസികളെ പുറത്താക്കുന്ന നിലപാടുകള്‍ക്കുമെതിരേ യാക്കോബായ സഭ കോട്ടയം ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ ഓര്‍ത്തഡോക്‌സ് സഭയുടെ ആസ്‌ഥാനമായ ദേവലോകം കാതോലിക്കേറ്റ്‌ അരമനയിലേക്കു നടത്തിയ മാര്‍ച്ചില്‍ പ്രതിഷേധം ഇരമ്പി.

സുന്നഹദോസ്‌ സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ്‌ മോര്‍ തിമോത്തിയോസിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധ മാര്‍ച്ച്‌ കഞ്ഞിക്കുഴിയില്‍ പോലീസ്‌ തടഞ്ഞു.

കുറിയാക്കോസ്‌ മോര്‍ സേവേറിയോസ്‌ വലിയ മെത്രാപ്പോലീത്ത, ഗീവര്‍ഗീസ്‌ മോര്‍ കൂറിലോസ്‌, സഖറിയാസ്‌ മോര്‍ പീലക്‌സീനോസ്‌, തോമസ്‌ മോര്‍ അലക്‌സന്ത്രയോസ്‌, മാത്യൂസ്‌ മോര്‍ അന്തീമോസ്‌, മാത്യൂസ്‌ മോര്‍ തീമോത്തിയോസ്‌, ഏലിയാസ്‌ മോര്‍ യൂലിയോസ്‌ എന്നിവര്‍ മാര്‍ച്ചില്‍ പങ്കെടുത്തു.

കുട്ടികളും വയോധികരുമടക്കം കോട്ടയം ഭദ്രാസനത്തിലെ പതിനായിരത്തോളം വിശ്വാസികളും വൈദികരും അണിനിരന്ന റാലി പൂര്‍ണമായും സമാധാനപരമായിരുന്നു.

ഉച്ചകഴിഞ്ഞ്‌ 2.30-നു സെന്റ്‌ ജോസഫ്‌സ്‌ കത്തീഡ്രലില്‍നിന്നാണ്‌ അന്ത്യോഖ്യാ സിംഹാസനത്തിന്‌ അഭിവാദ്യമര്‍പ്പിച്ചു മാര്‍ച്ച്‌ ആരംഭിച്ചത്‌. യാക്കോബായ സഭയോടുള്ള നീതിനിഷേധത്തില്‍ പ്രതിഷേധിക്കുകയെന്ന ബോര്‍ഡുകളുമായി അച്ചടക്കത്തോടെയാണു വിശ്വാസികള്‍ മാര്‍ച്ചില്‍ അണിനിരന്നത്‌.

വന്‍ പോലീസ്‌ സന്നാഹം മാര്‍ച്ചിനൊപ്പമുണ്ടായിരുന്നു. കഞ്ഞിക്കുഴിയില്‍ ബാരിക്കേഡ്‌ സ്‌ഥാപിച്ചു പോലീസ്‌ മാര്‍ച്ച്‌ തടഞ്ഞു. സംഘര്‍ഷസാധ്യത കണക്കിലെടുത്തായിരുന്നു നടപടി.

തുടര്‍ന്നു നടന്ന പ്രതിഷേധസംഗമം തോമസ്‌ മോര്‍ തിമോത്തിയോസ്‌ മെത്രാപ്പോലീത്ത ഉദ്‌ഘാടനം ചെയ്‌തു. വിശ്വാസസംരക്ഷണ സമിതി, യാക്കോബായ യൂത്ത്‌ അസോസിയേഷന്‍, വനിതാ സമാജം, സണ്‍ഡേ സ്‌കൂള്‍, ഹെയ്‌ല്‍ മേരി ലീഗ്‌ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ മാര്‍ച്ചിന്‌ ആവേശം വര്‍ധിപ്പിച്ചു.

നിയമനിര്‍മാണം നടത്തണം: മോര്‍ തിമോത്തിയോസ്‌
കോട്ടയം: വിശ്വാസത്തില്‍നിന്നു യാതൊരു കാരണവശാലും പിന്മാറില്ലെന്നും ആ വിശ്വാസത്തില്‍ നിലനിന്ന്‌ അനേകം ദേവാലയങ്ങള്‍ പണിതുയര്‍ത്തിയിട്ടുണ്ടെന്നും യാക്കോബായ സഭാ സുന്നഹദോസ്‌ സെക്രട്ടറിയും കോട്ടയം ഭദ്രാസനാധിപനുമായ തോമസ്‌ മോര്‍ തിമോത്തിയോസ്‌.

ദേവലോകം കാതോലിക്കേറ്റ്‌ അരമനയിലേക്കു യാക്കോബായ സഭ നടത്തിയ മാര്‍ച്ചിന്റെ ഭാഗമായി പ്രതിഷേധ സംഗമം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പള്ളികള്‍ അന്യായമായി ആര്‍ക്കും വിട്ടുകൊടുക്കില്ല. ഓര്‍ത്തഡോക്‌സ്‌ സഭ നീതിപീഠങ്ങളെ തെറ്റിദ്ധരിപ്പിച്ചു നേടിയ വിധിയെ യാക്കോബായ സഭ ഒറ്റക്കെട്ടായിനിന്നു മറികടക്കും.

പള്ളിയും സെമിത്തേരിയും പള്ളിക്കാരുടേതാണ്‌. അതിനു വിപരീതമായുള്ള ഏതു തീരുമാനത്തിനുമെതിരേ സര്‍ക്കാര്‍ നിയമനിര്‍മാണം നടത്തണം. പള്ളികള്‍ കൈയേറിയതുകൊണ്ട്‌ വിശ്വാസത്തിനു യാതൊരു കുറവും വരുന്നില്ല.

അതു മറുവിഭാഗത്തിനു കനത്ത തിരിച്ചടിയാകും. എറണാകുളം ജില്ലയിലെ പള്ളിക്കൈയേറ്റങ്ങള്‍ പോലെ ഇവിടെയും കൈയേറ്റങ്ങള്‍ നടന്നേക്കാം. അതു ഗുണം ചെയ്യില്ലെന്നു ബോധ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

CLICK TO FOLLOW UKMALAYALEE.COM