അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചന ഉറപ്പിച്ച് സര്‍ക്കാര്‍; പോലീസ് അന്വേഷിക്കും – UKMALAYALEE

അതിഥി തൊഴിലാളികളുടെ പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചന ഉറപ്പിച്ച് സര്‍ക്കാര്‍; പോലീസ് അന്വേഷിക്കും

Monday 30 March 2020 2:10 AM UTC

ചങ്ങനാശേരി March 30: പായിപ്പാട്ടെ അതിഥി തൊഴിലാളികളുടെ ആസൂത്രത പ്രതിഷേധത്തിന് പിന്നില്‍ ഗൂഢാലോചന ഉറപ്പിച്ച് സര്‍ക്കാര്‍. അപ്രതീക്ഷിത പ്രതിഷേധത്തെക്കുറിച്ച് പോലീസ് അന്വേഷിക്കുമെന്ന് ഭക്ഷ്യ വകുപ്പ് മന്ത്രി പി. തിലോത്തമന്‍ അറിയിച്ചു.

പായിപ്പാട് മേഖലയിലെ അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളില്‍ പഞ്ചായത്ത് അധ്യക്ഷന്‍മാരും മറ്റ് തദ്ദേശ സ്വയംഭരണ സ്ഥാപന പ്രതിനിധികളും കഴിഞ്ഞ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്തുകയും വിവരങ്ങള്‍ ആരായുകയും ചെയ്തിരുന്നതാണ്.

എന്നാല്‍ അവരോട് ആരും തന്നെ പരാതികള്‍ ഉന്നയിച്ചിരുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി.

പായിപ്പാട് മേഖലയില്‍ 280 വീടുകളിലായി മൂവായിരത്തിലധികം അതിഥി തൊഴിലാളികള്‍ താമസിക്കുന്നുണ്ട്. തദ്ദേശസ്വയംഭരണ സ്ഥാപന പ്രതിനിധികളും തഹസില്‍ദാര്‍മാരും ഇക്കഴിഞ്ഞ ദിവസങ്ങളില്‍ അവിടെയെത്തി വിവരങ്ങള്‍ ആരായുകയഒം സ്ഥിതിഗതികള്‍ അന്വേഷിക്കുകയും ചെയ്തിരുന്നു.

രണ്ട് ദിവസം മുന്‍പ് ജില്ലാ കലക്ടര്‍ നേരിട്ട് തന്നെ സ്ഥലത്തെത്തി വിവരങ്ങള്‍ അന്വേഷിച്ചിരുന്നതാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അതിഥി തൊഴിലാളികള്‍ക്ക് ഭക്ഷണം നല്‍കുന്നത് അടക്കമുള്ള എല്ലാ കാര്യങ്ങള്‍ക്കും മേല്‍നോട്ടം വഹിക്കുന്നതിനായി ഇത്രയും ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഉണ്ടായിരുന്നിട്ടും എങ്ങനെ ഇത്ര വലിയ പ്രതിഷേധമുണ്ടായി എന്ന് പരിശോധിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.

പത്തനംതിട്ടയില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ വരെ പായിപ്പാട്ട് പ്രതിഷേധ രംഗത്ത് ഉണ്ടായിരുന്നുവെന്നും ഇത് ഗൗരവമായി അന്വേഷിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

CLICK TO FOLLOW UKMALAYALEE.COM