അതിഥിത്തൊഴിലാളികള്‍ തിരിച്ചെത്തുന്നു; ആശങ്ക – UKMALAYALEE

അതിഥിത്തൊഴിലാളികള്‍ തിരിച്ചെത്തുന്നു; ആശങ്ക

Thursday 18 June 2020 4:11 AM UTC

പാലക്കാട്‌ June 18 : സംസ്‌ഥാനത്തു കോവിഡ്‌ വ്യാപനം വന്‍തോതില്‍ തുടരുന്നതിനിടെ, അതിഥിത്തൊഴിലാളികളും കൂട്ടത്തോടെ മടങ്ങിയെത്തുന്നത്‌ ആശങ്കയുയര്‍ത്തുന്നു.

ഇതരസംസ്‌ഥാനങ്ങളില്‍ കുടുങ്ങിയ മലയാളികളെ തിരിച്ചെത്തിക്കാനുള്ള ഓണ്‍ലൈന്‍ സംവിധാനത്തില്‍ രജിസ്‌റ്റര്‍ ചെയ്‌താണ്‌ ഇവരുടെയും മടക്കം. കോവിഡ്‌ പരിശോധനകളൊന്നുമില്ലാതെ ഇവര്‍ കൂട്ടത്തോടെ മടങ്ങിയെത്തി തൊഴിലിടങ്ങളില്‍ സജീവമാകുന്നതില്‍ ആരോഗ്യവകുപ്പിന്‌ ആശങ്ക.

കഴിഞ്ഞ ചൊവ്വാഴ്‌ച മാത്രം മിനിബസുകളിലും ലോറിയിലുമായി നൂറ്റമ്പതോളം അതിഥിത്തൊഴിലാളികള്‍ വാളയാര്‍ അതിര്‍ത്തി കടന്നെത്തി. മലപ്പുറം ജില്ലയിലെ പെരിന്തല്‍മണ്ണയിലേക്കും കോഴിക്കോട്ടേക്കുമാണ്‌ ഇവര്‍ പോയത്‌.

നിര്‍മാണമേഖലയിലും ഹോട്ടലുകളിലുമൊക്കെ ജോലി ചെയ്‌തിരുന്നവരെ ഇടനിലക്കാര്‍ മുന്‍കൈയെടുത്താണ്‌ ഓണ്‍ലൈന്‍ ബുക്കിങ്‌ നടത്തി തിരിച്ചെത്തിക്കുന്നത്‌.

ഇതരസംസ്‌ഥാനങ്ങളില്‍നിന്നു നാട്ടിലേക്കു മടങ്ങുന്ന മലയാളികളെപ്പോലെ, അതിഥിത്തൊഴിലാളികള്‍ വീട്ടുനിരീക്ഷണത്തില്‍ കഴിയാനിടയില്ല.

ക്വാറന്റൈന്‍ കൂടാതെ ഇവര്‍ തൊഴിലിടങ്ങളില്‍ സജീവമാകുന്നതു കോവിഡ്‌ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കു തിരിച്ചടിയാകും.

ലോക്ക്‌ഡൗണ്‍ കാലയളവില്‍ കോവിഡ്‌ മാനദണ്ഡങ്ങള്‍ പാലിച്ച്‌, പരിശോധനയും നടത്തിയാണ്‌ അതിഥിത്തൊഴിലാളികളെ പ്രത്യേക ട്രെയിനുകളില്‍ യാത്രയാക്കിയത്‌.

മേയ്‌ ആറുമുതല്‍ കഴിഞ്ഞ 13 വരെ മുപ്പതോളം ട്രെയിനുകളില്‍ പാലക്കാട്ടുനിന്നു മാത്രം 14,803 പേര്‍ വിവിധ സംസ്‌ഥാനങ്ങളിലേക്കു മടങ്ങി.

പശ്‌ചിമബംഗാളിലേക്കാണ്‌ ഏറ്റവും കൂടുതല്‍ പേര്‍ പോയത്‌-4128. തമിഴ്‌നാട്ടിലേക്ക്‌ 673 തൊഴിലാളികള്‍ കെ.എസ്‌.ആര്‍.ടി.സി. ബസുകളില്‍ പോയി.

CLICK TO FOLLOW UKMALAYALEE.COM