
അട്ടപ്പാടിയിലെ മാവോയിസ്റ്റ് വെടിവയ്പ്പിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്
Friday 1 November 2019 4:18 AM UTC

പാലക്കാട് Nov 1: അട്ടപ്പാടിയിലെ മാവോയിസ്റ്റ് വെടിവയ്പ്പിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് പോലീസ്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റ് നടക്കുന്നതിനിടെ രണ്ടാം ദിവസം നടന്ന വെടിവയ്പ്പിന്റെ ദൃശ്യങ്ങളാണ് പോലീസ് പുറത്തുവിട്ടത്.
ഇന്‍ക്വസ്റ്റ് നടക്കുന്നതിനിടെ ഒരു മണിക്കൂറിലേറെ മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തുവെന്ന് പോലീസും തണ്ടര്‍ബോള്‍ട്ടും വെളിപ്പെടുത്തിയിരുന്നു. ഇത് സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.
വെടിവയ്പ്പിനിടെ പോലീസുകാരും മറ്റുള്ളവരും പ്രാണരക്ഷാര്‍ത്ഥം നിലക്ക് കിടക്കുന്നത് വീഡിയോയില്‍ കാണം. തുടര്‍ച്ചയായി വെടിയൊച്ച മുഴങ്ങുന്നതും കേള്‍ക്കാം.
ആദ്യ ദിവസം നടന്ന ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ഇന്‍ക്വസ്റ്റ് നടപടികള്‍ക്കായി രണ്ടാം ദിനം മഞ്ചക്കണ്ടിയില്‍ നിന്ന് ഉള്‍വനത്തിലേക്ക് പോലീസ് ഉദ്യോഗസ്ഥരും റവന്യു ഉദ്യോഗസ്ഥരും നാട്ടുകാരും എത്തിയിരുന്നു. ഒന്‍പത് മണിയോടെ ഉള്‍വനത്തിലെത്തി ഇന്‍ക്വസ്റ്റ് തുടങ്ങുമ്പോഴാണ് മാവോയിസ്റ്റുകള്‍ വെടിയുതിര്‍ത്തത്.
ദൃശ്യങ്ങളില്‍ തല ഉയര്‍ത്താന്‍ കഴിയാത്ത വിധമാണ് പോലീസ് ഉദ്യോഗസ്ഥരും മറ്റുള്ളവരും നിലത്ത് കിടക്കുന്നത്. അതുകൊണ്ടുതന്നെ വെടിയുതിര്‍ക്കുന്നവരെ ദൃശ്യങ്ങളില്‍ വ്യക്തമല്ല.
അട്ടപ്പാടിയിലുണ്ടായ ഏറ്റുമുട്ടലില്‍ നാല് മാവോയിസ്റ്റുകളാണ് കൊല്ലപ്പെട്ടത്. മണിവാസകം, കര്‍ണാടക സ്വദേശി സുരേഷ്, തമിഴ്നാട് സ്വദേശികളായ രമ, കാര്‍ത്തി എന്നിവരാണ് കൊല്ലപ്പെട്ടത്.
സുരേഷ്, രമ, കാര്‍ത്തി എന്നിവര്‍ ആദ്യ ദിവസത്തെ വെടിവയ്പ്പിലും മണി വാസകം രണ്ടാം ദിവസത്തെ വെടിവയ്പ്പിലുമാണ് കൊല്ലപ്പെട്ടത്. അട്ടപ്പാടിയില്‍ നടന്നത് വ്യാജ ഏറ്റുമുട്ടലാണെന്ന ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് പോലീസ് ദൃശ്യങ്ങള്‍ പുറത്തുവിട്ടത്.
CLICK TO FOLLOW UKMALAYALEE.COM