അഞ്ച് ആശുപത്രികൾ പ്രവേശനം നിഷേധിച്ച മലയാളി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു – UKMALAYALEE

അഞ്ച് ആശുപത്രികൾ പ്രവേശനം നിഷേധിച്ച മലയാളി യുവതി ഓട്ടോറിക്ഷയിൽ പ്രസവിച്ചു

Monday 11 May 2020 1:49 AM UTC

ബെംഗളൂരു : കൊവിഡിൻ്റെ പേരിൽ അഞ്ച് ആശുപത്രികൾ പ്രവേശനം നിഷേധിച്ചതിനെ തുടർന്ന് മലയാളി യുവതി അർധരാത്രിയിൽ ഓട്ടോറിക്ഷയിൽ വച്ചു പ്രസവിച്ചു. കണ്ണൂർ സ്വദേശിനിയായ യുവതിക്കാണ് ഈ ദുരനുഭവം ഉണ്ടായത്.
പ്രസവവേദന അനുഭവപ്പെട്ടതോടെയാണ് പൂർണഗർഭിണിയായ യുവതി ഓട്ടോറിക്ഷ വിളിച്ച് ആശുപത്രിയിലേക്ക് പോയത്. എന്നാൽ കൊവിഡ് കാരണം പുതിയ രോഗികളെ എടുക്കില്ല എന്നായിരുന്നു ആദ്യമെത്തിയ ആശുപത്രിയിൽ നിന്നുള്ള മറുപടി.

ഇതോടെ മറ്റൊരു ആശുപത്രിയിലേക്ക് പോയെങ്കിലും അവിടേയും അഡ്മിഷൻ നൽകാൻ തയ്യാറായില്ല.

തുടർന്ന് ഓട്ടോറിക്ഷയിൽ തന്നെ മൂന്ന് ആശുപത്രികളിലേക്ക് കൂടി യുവതി പോയെങ്കിലും എവിടെയും അവരെ പ്രവേശിപ്പിച്ചില്ല. ഒടുവിൽ അർധരാത്രിയോടെ സിദ്ധപ്പുര റോഡരികിൽ ഓട്ടോറിക്ഷയിൽ വച്ചു യുവതി കുഞ്ഞിനെ പ്രസവിക്കുകയായിരുന്നു.

ഇന്നലെ മുംബൈ കോർപ്പറേഷൻ്റെ ഉടമസ്ഥതയിലുള്ള നായർ ആശുപത്രിയിൽ കൊവിഡ് പൊസീറ്റീവായ യുവതി മൂന്ന് കുഞ്ഞുങ്ങൾക്ക് ജന്മം നൽകിയിരുന്നു.

സ്വകാര്യ ആശുപത്രിയിൽ ആദ്യം കാണിച്ചിരുന്ന ഇവർക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ അവിടെ ചികിത്സ നിഷേധിച്ചു.

പിന്നീട് പല ആശുപത്രികളുടെ സഹായം തേടിയെങ്കിലും ആറ് ആശുപത്രികളും ഇവരെ സഹായിക്കാൻ തയ്യാറായില്ല. ഒടുവിലാണ് നായർ ആശുപത്രി തുണയായി എത്തിയത്.

CLICK TO FOLLOW UKMALAYALEE.COM