അകന്നുപോയവരെ അടുപ്പിക്കാന്‍ സി.പി.എം കമ്മിറ്റിയുടെ ഗൃഹസമ്പര്‍ക്ക പരിപാടി അങ്കലാപ്പില്‍ – UKMALAYALEE

അകന്നുപോയവരെ അടുപ്പിക്കാന്‍ സി.പി.എം കമ്മിറ്റിയുടെ ഗൃഹസമ്പര്‍ക്ക പരിപാടി അങ്കലാപ്പില്‍

Friday 28 June 2019 1:43 AM UTC

കോഴിക്കോട്  June 28 : അകന്നുപോയ ജനങ്ങളെ അടുപ്പിക്കാന്‍ സി.പി.എം സംസ്ഥാന കമ്മിറ്റി ആസൂത്രണം ചെയ്ത ഗൃഹസമ്പര്‍ക്ക പരിപാടിയെച്ചൊല്ലി പ്രവര്‍ത്തകര്‍ക്ക് അങ്കലാപ്പ്.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിനുശേഷം ജനങ്ങളെ അഭിമുഖീകരിക്കാനുള്ള രാഷ്ട്രീയ അന്തരീക്ഷമല്ല നിലവിലുള്ളതെന്നാണു പ്രവര്‍ത്തകരുടെ വികാരം.

തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു പിന്നാലെ പാര്‍ട്ടിയെ പ്രതികൂട്ടിലാക്കുന്ന സംഭവങ്ങള്‍ ദിനംപ്രതിയെന്ന നിലയിലാണു പുറത്തുവരുന്നത്. സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ഉള്‍പ്പെട്ട െലെംഗീക ആരോപണമാണ് ഇതില്‍ ഏറ്റവും പുതിയത്.

പാര്‍ട്ടി കോട്ടയായ ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യ, പ്രവാസി കുടുംബങ്ങളിലും വലിയ പ്രതികരണം സൃഷ്ടിച്ചേക്കുമെന്നും ഉറപ്പാണ്.

അനുഭാവികളില്‍നിന്നും പൊതുജനങ്ങളില്‍നിന്നും ഉയരാനിടയുള്ള ചോദ്യങ്ങളെ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണു പ്രവര്‍ത്തകര്‍.

തെരഞ്ഞെടുപ്പു പ്രചാരണാര്‍ഥം സി.പി.എം സ്‌ക്വാഡുകള്‍ അഞ്ചു തവണയിലധികം ഗൃഹസന്ദര്‍ശനം നടത്തിയിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പില്‍ കണക്കു തീര്‍ക്കാന്‍ ജനം മാനസികമായി തയാറെടുത്ത വിവരം വായിച്ചെടുക്കാന്‍ പ്രവര്‍ത്തകര്‍ക്കായില്ല.

ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട്, പരമ്പരാഗതമായി സി.പി.എമ്മിനെ പിന്തുണച്ചിരുന്നവരില്‍ വലിയൊരു വിഭാഗം പ്രതിഷേധത്തിലായിരുന്നു. പലരും ഇതു പരസ്യമായി പ്രകടിപ്പിച്ചുവെങ്കിലും വോട്ടിങ്ങില്‍ എങ്ങനെ പ്രതിഫലിക്കുമെന്നു മനസിലാക്കാന്‍ ഉത്തരവാദിത്തപ്പെട്ടവര്‍ക്കു സാധിച്ചില്ല.

യു.ഡി.എഫ്. പ്രവര്‍ത്തനം സജീവമല്ലാത്ത ബൂത്തികളില്‍ പോലും ഇടതുപക്ഷത്തിന്റെ വോട്ട് വിഹിതത്തില്‍ വന്‍കുറവുണ്ടായി.
ഇടതു സ്‌ക്വാഡുകളുടെ ഓരോ ഗൃഹസന്ദര്‍ശനത്തിലും യു.ഡി.എഫിനുവോട്ട് ഉറയ്ക്കുകയായിരുന്നു എന്ന് ഇതില്‍നിന്നു വ്യക്തമായി.

തെരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് നടന്ന കാസര്‍ഗോഡ് ഇരട്ടക്കൊലപാതകം സൃഷ്ടിച്ച പ്രതിഷേധം വിലയിരുത്തുന്നതിലും പാര്‍ട്ടി പരാജയപ്പെട്ടു.

ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വന്‍തോതില്‍ രൂപപ്പെട്ട കോണ്‍ഗ്രസ് അനുകൂല തരംഗം തിരിച്ചറിയാന്‍ കഴിയാതെ പോയ പാര്‍ട്ടി യന്ത്രം ഉപയോഗിച്ച് വീണ്ടും ജനസമ്പര്‍ക്കത്തിനു ശ്രമിക്കുന്നത് എത്രമാത്രം ഫലവത്താകുമെന്നു കാത്തിരുന്നു കാണേണ്ടിവരും.

പാര്‍ട്ടിയും നേതാക്കളും ജനങ്ങളില്‍നിന്ന് എത്രമാത്രം അകന്നു പോയി എന്നതിന്റെ തെളിവാണു തെരഞ്ഞെടുപ്പിലെ തിരിച്ചടിയെന്ന വിലയിരുത്തലും ഒരു വിഭാഗം നടത്തുന്നു.

പാര്‍ട്ടി പ്രവര്‍ത്തകരെ ഉത്തരം മുട്ടിക്കാനും പ്രകോപിപ്പിക്കാനും എതിരാളികള്‍ പരമാവധി ശ്രമിക്കുമെന്നുറപ്പാണ്. നിലവിലെ സാഹചര്യത്തില്‍ ഇതു വാക്കേറ്റത്തിനോ സംഘഷര്‍ത്തിനോ ഇടയാക്കിയാല്‍ അതു മറ്റൊരു തിരിച്ചടിക്ക് കാരണമാകുമെന്നും ആശങ്കയുണ്ട്.

ജനങ്ങളുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിനായി ജൂെലെ 22 മുതല്‍ 28 വരെ പാര്‍ട്ടി നേതൃത്വത്തില്‍ ഗൃഹസന്ദര്‍ശനം നടത്തുമെന്നാണു സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പ്രഖ്യാപിച്ചത്.

സംസ്ഥാന കമ്മിറ്റിയംഗങ്ങള്‍ ഉള്‍പ്പടെയുള്ള നേതാക്കളെയും ജനപ്രതിനിധികളെയും അണിനിരത്തി ഗൃഹസന്ദര്‍ശന പരിപാടി സംഘടിപ്പിക്കാനാണു തീരുമാനം.

ജനങ്ങളുടെ പരാതികള്‍ കേള്‍ക്കാനും ഉചിതമായ പരിഹാരം കാണാനും അതുവഴി ശ്രമിക്കുമെന്നാണു പ്രഖ്യാപനം.

CLICK TO FOLLOW UKMALAYALEE.COM