
നൊസ്റ്റാൾജിയ: പൂർവ്വകാല സ്മരണകൾ നമ്മുടെ ചിന്തകളെ സ്വാധീനിക്കുന്നതെന്തുകൊണ്ട്? ഒക്ടോബർ 25 – നു ഡോക്ടർ വിശ്വനാഥൻ നമ്മളോട് സംസാരിക്കും
Friday 11 October 2019 3:19 AM UTC

പ്രിയ കിരൺ
“മറക്കാനോ ? എന്തൊക്കെ ഞാൻ മറക്കണമെടാ?” എന്ന് ചോദിച്ചു , അകത്തേക്ക് കാലെടുത്തു വെക്കുമ്പോളേക്കും, ടൈംലൈനിന്റെ ഭൂതകാലത്തിൽ നിന്നും ഓർമകളുടെ താലം മുന്നോട്ടു നീട്ടും ഫേസ്ബുക്കെന്ന അഞ്ഞൂറാൻ . ഇൻസ്റ്റാഗ്രാമും ട്വിറ്ററുമൊക്കെ, ത്രോബാക് തേർസ്‌ഡേ വഴി ഗൃഹാതുരത്വസ്മരണകളെ ആധികാരികമാക്കിയവരാണ്.
യെസ്, ഇറ്റ് ഈസ് ഒഫീഷ്യൽ നൗ .. മഴ കാണുമ്പോൾ കട്ടൻകാപ്പിയും പരിപ്പുവടയുടെയും പടമെടുത്തു, “ഫീലിംഗ് നൊസ്റ്റാൾജിക് ” എന്ന് പോസ്റ്റിയില്ലെങ്കിൽ നിങ്ങൾ ഒരു 916 പ്രവാസിയായിരിക്കില്ല.
ഷവർമ കഴിച്ചു ഉറക്കം തൂങ്ങുമ്പോൾ , “അമ്മച്ചിയുടെ പഴങ്കഞ്ഞിയോളം വരില്ലെ”ന്ന് പറയാൻ, പണ്ട് ഒരിക്കലെങ്കിലും പഴങ്കഞ്ഞി രുചിച്ചു നോക്കിയിരിക്കണമെന്നു നിർബന്ധവുമില്ല.
ഫാഷനിൽ സവ്യസാചി മുഖർജി മുതൽ, രാജ്യഭരണത്തിൽ മോഡിജി വരെയെല്ലാവരും പുതിയ കുപ്പികളിൽ പഴമയുടെ വീഞ്ഞുകൾ തിരക്കിട്ടു നിറക്കുമ്പോൾ, “ഈ നമുക്ക് പിന്നെയെന്തു ശങ്ക ..”- നൊസ്റ്റാൾജിയ തന്നെയായിരിക്കണം താരം.
പഴമയുടെ അമിതഗ്ലോറിഫിക്കേഷനും , വ്യക്തിമാഹാതമ്യവും ചേർന്ന നൊസ്റാൾജിയയുടെ ഫലമായി യൂറോപ്പിന്റെ സാമൂഹികസാംസ്‌കാരിക മേഖലയിൽ, പതിനെട്ടാം നൂറ്റാണ്ടിന്റെ അന്ത്യത്തോടെ റൊമാന്റിസിസം എന്നൊരു പ്രസ്ഥാനം തന്നെ ഉടലെടുത്തു.
വേർഡ്സ് വർത്ത്, ഷെല്ലി, കീറ്റ്സ് തുടങ്ങിയവർ ഇംഗ്ലീഷ് സാഹിത്യത്തിൽ കാല്പനികതയുടെ നാളുകൾ പ്രതിഫലിപ്പിച്ചപ്പോൾ, മലയാളത്തിൽ ഉള്ളൂർ, ആശാൻ, വള്ളത്തോൾ എന്നീ കവിത്രയങ്ങൾ റൊമാന്റിസിസം ആഘോഷമാക്കി.
പഴമയോടുള്ള അതിഭ്രമത്താൽ, ഏകാന്തതയുടെയും നഷ്ടബോധത്തിന്റെയും കൊച്ചു കൊച്ചു കള്ളികളിൽ മനുഷ്യനെ തളച്ചിട്ട് വിഷാദം വളർത്തുന്നെന്ന മട്ടിലുള്ള നൊസ്റ്റാൾജിയയുടെ ദുഷ്പ്പേരുകളെല്ലാം , ഈ ജ്ഞാനസ്നാനങ്ങളാൽ ആധുനികകാലത്തു കുറെയേറെ മാറിയിട്ടുണ്ട്.
ഒരേ പ്രകൃതക്കാരായ മനുഷ്യരെ തമ്മിലടുപ്പിച്ചു ചേർത്ത് നിർത്തുന്ന, അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കാൻ ഉപകരിക്കുന്ന, ഒരു ഫീൽ ഗുഡ് വികാരമെന്ന നിലയിലേക്ക് ആധുനിക കാലഘട്ടം “ഗൃഹാതുരത്വ”ത്തിനു സ്ഥാനക്കയറ്റം നൽകിയിരിക്കുന്നു.
എന്നാൽ, തങ്ങളുടെ പഴയകാല മേന്മയിൽ അമിതമായി അഭിരമിച്ച ജർമൻ ദേശീയത ഇത്തരമൊരു നൊസ്റ്റാൾജിക് റൊമാന്റിസിസത്തിന്റെയവസാനം എത്തി നിന്നത് അഡോൾഫ് ഹിറ്റ്ലറിൻറെ നാസിജർമ്മനിയിൽ ആയിരുന്നു.
ഇന്ത്യൻഭരണഘടനയിലെ ആർട്ടിക്കിൾ 51 (എ) മുന്നോട്ടു വെക്കുന്ന ശാസ്ത്രാവബോധം ഇന്നത്തെ ഇന്ത്യയിൽ പ്രചരിപ്പിക്കപ്പെടുന്നത്, ഇന്റെർനെറ്റും, വിമാനവും, പ്ലാസ്റ്റിക്സര്ജറിയുമെല്ലാം വേദകാലം മുതൽക്കേ ഉണ്ടായിരുന്ന പ്രാചീനഭാരതമാണ് ശാസ്ത്രത്തിന്റെ അവസാന വാക്കെന്ന മട്ടിലാണ്.
“മേക് അമേരിക്ക ഗ്രേറ്റ് എഗൈൻ” എന്ന മുദ്രാവാക്യത്തിലൂടെ ആർഷഅമേരിക്കയുടെ സുവർണ ദിനങ്ങൾ തിരിച്ചു തരാമെന്ന അമേരിയ്ക്കൻ തിരഞ്ഞെടുപ്പ് വാഗ്ദാനവും, ഇതേ നൊസ്റാൾജിയയുടെ സമർത്ഥമായൊരു ഉപയോഗപ്പെടുത്തലാണെങ്കിൽ , നാം കരുതന്നത്ര നിഷ്ക്കളമായൊരു വികാരമാണോ നൊസ്റ്റാൾജിയ എന്ന് ഒന്ന് കൂടി ചിന്തിച്ചു നോക്കേണ്ടിയൊരിക്കുന്നു.
ജീവിതം തുടങ്ങുമ്പോൾ, അത് സത്യൻ അന്തിക്കാടിന്റെ സിനിമയുടെ തുടക്കം പോലെ, മൃദുലസംഗീതത്തിന്റെ പശ്ചാത്തലത്തിൽ, ലളിതവും സുന്ദരവുമായിരിക്കുകയും, പോകെപ്പോകെ അത് തൊഴിലും പണവും ബന്ധങ്ങളും ഉത്തരവാദിത്തങ്ങളുമൊക്കെയായി സംഘർഷഭരിതമായി പരിണമിക്കുകയും ചെയ്യുന്നത് സ്വാഭാവികം.
ഈ യാഥാർഥ്യബോധത്തോടെ ജീവിതം നൽകുന്ന സകല സംഘര്ഷങ്ങളെയും തരണം ചെയ്തു, ഊരിപ്പിടിച്ച ടു-ഡൂ ലിസ്റ്റുകളുമായി മുന്നോട്ടു നടക്കുമ്പോൾ, മനസ്സ് പണ്ടത്തെ സ്വച്ഛജീവിതശീതളിമയിലേക്ക് തിരിച്ചു പോവാനാഗ്രഹിക്കുന്നതും സ്വാഭാവികം മാത്രം- ആ ഗൃഹാതുരതയുടെ ചോദന അത്രയും നിഷ്ക്കളങ്കമായിരിക്കുന്നിടത്തോളം.
എന്നാൽ, നമ്മുടെ സാംസ്‌കാരിക പഴമയെന്നാൽ പകരം വെക്കാനില്ലാത്തൊരു മഹാസംഭവമായിരുന്നെന്ന അമിതവർണനയും, അതിലേക്കുള്ള തിരിച്ചു പോക്കിന്റെ ആഹ്വാനമെന്ന മൗഢ്യവും തുടങ്ങുന്നിടത്തു, നമ്മൾ ഓമനയായി താലോലിക്കുന്ന നൊസ്റ്റുവെന്ന പൂച്ചക്കുട്ടിക്ക് ചെറിയ ചെറിയ ദംഷ്ട്രകൾ മുളച്ചു തുടങ്ങുന്നു.
ഓണക്കാല ടെലിവിഷൻ സംപ്രേഷണങ്ങളും ജ്വല്ലറിപ്പരസ്യങ്ങളുമെല്ലാം, ഇരുപത് മുറികളും ആട്ടുകട്ടിലും , വയലേലകളുമുള്ള തറവാടും, സന്തോഷവും സമ്പന്നതയും നിറഞ്ഞ ആഢ്യമുഖങ്ങളും കേരളമെന്ന പേരിൽ കൊണ്ടാടുമ്പോൾ, ആ പഴമയിലേക്കുള്ള തിരിച്ചു പോക്കിനെ വാഴ്ത്തിപ്പറയുമ്പോൾ, മിശ്രവിവാഹവും ശബരിമലയിലെ സ്ത്രീ പ്രവേശനവുമെല്ലാം ഈ വിശുദ്ധസംസ്ക്കാരത്തെ പങ്കിലപ്പെടുത്തുന്നുവെന്നു ചിത്രീകരിക്കപ്പെടുമ്പോൾ, വ്യക്തിയെന്ന തലം വിട്ട്, സമൂഹത്തിലേക്ക് പടരുമ്പോളുള്ള ഗൃഹാതുരതയുടെ ഒളിച്ചു കടത്തലുകളെപ്പറ്റി നാം ജാഗരൂകരാകേണ്ടതുണ്ട്. കാര്യങ്ങൾ അത്രയും സ്വപ്നസമാനമായിന്നുന്നെങ്കിൽ, അത്രയും നല്ലൊരു വാഗ്‌ദത്തഭൂമിയിൽ നിന്നും ജീവിതം തേടി മറുനാട്ടിലേക്കു കുടിയേറുന്ന ഇത്രയേറെ പ്രവാസികൾ ഉണ്ടാവുമായിരുന്നില്ലല്ലോയെന്നു ചിന്തിക്കേണ്ടതുണ്ട്.
എന്റേതും, ഞാനുൾപ്പെടുന്ന കൂട്ടത്തിന്റെയും എല്ലാം എന്നും മഹത്തരമായിരുന്നെന്ന നിലയിലേക്ക് നൊസ്റ്റാൾജിയ കാല്പനികവൽക്കരിക്കപ്പെടുമ്പോൾ, അതുണ്ടാക്കുന്ന ഗോത്രീയവിഭാഗീയതകളെയും രാഷ്ട്രീയ സാമൂഹിക പ്രത്യാഘാതങ്ങളെയും പറ്റി ആഴത്തിൽ അറിയേണ്ടതുണ്ട്.
യുണൈറ്റഡ് റാഷണലിസ്റ് ഓഫ് യു കെ യുടെയും, കട്ടൻ കാപ്പിയും കവിതയുടെയും സംയുക്ത ആഭിമുഖ്യത്തിൽ, ഈ വരുന്ന ഒക്ടോബർ 25 – നു, ലണ്ടനിലെ കേരള ഹൗസിൽ വെച്ച്, പ്രമുഖ യുക്തി ചിന്തകനായ ഡോക്ടർ വിശ്വനാഥൻ നമ്മളോട് സംസാരിക്കുന്നത്, നൊസ്റ്റാൾജിയയെക്കുറിച്ചാണ്.
പ്രവാസിയുടെ ഏറ്റവും പ്രിയപ്പെട്ടൊരു സങ്കല്പത്തെക്കുറിച്ചു, യുക്തി ചിന്തയുടെ കോണിൽ നിന്ന് ഡോക്ടർ സംസാരിക്കുമ്പോൾ, അതിനു നമ്മൾ ഓരോരുത്തരും അറിഞ്ഞിരിക്കേണ്ട പുതിയ ആഴവും വ്യാപ്തിയുമുണ്ട്.
പിണറായി വിജയൻറെ എഴുത്തിനിരുത്തൽ മുതൽ റാഫേലിലെ നാരങ്ങയുടെ പങ്കു വരെ ഇഴ കീറി ചർച്ച ചെയ്യുന്ന ഓരോ മലയാളിയുടെയും പ്രബുദ്ധതയെ അടുത്ത തലത്തിലേക്ക് കൊണ്ട് പോകാൻ ഉതകുന്നതായിരിക്കും ഡോക്ടർ വിശ്വനാഥന്റെ ഈ സംഭാഷണം എന്നതിൽ സംശയമില്ല.
നിങ്ങൾ എത്തിച്ചേരേണ്ട അഡ്രസ്
Date & Time:Friday Oct 25 from 18:30 to 21:30
Venue : Kerala House, 671 Romford Road London E12 5AD
Register for free entry https://www.eventbrite.co.uk/e/nostalgia-tickets-74664358105
Please contact 07874002934, 07702873539 for further details.
Follow us on facebook https://www.facebook.com/unitedrationalistsofuk
YouTube Channel
https://www.youtube.com/channel/UCRIeZACy0qPJXFz_WInLIDA
Priya Kiran is a Well known Writer, Passionate Blogger and Journalist based in the UK
Post navigation
CLICK TO FOLLOW UKMALAYALEE.COM