തൃശൂര്‍ ജില്ലയുടെ സപ്തതി ആഘോഷം ബ്രിട്ടനില്‍ സംഗീതസാന്ദ്രമായി കൊണ്ടാടി – UKMALAYALEE

തൃശൂര്‍ ജില്ലയുടെ സപ്തതി ആഘോഷം ബ്രിട്ടനില്‍ സംഗീതസാന്ദ്രമായി കൊണ്ടാടി

Monday 22 July 2019 2:31 AM UTC

ശരത് സുധാകരന്‍

ഓക്‌സ്‌ഫോര്‍ഡ് July 22: ബ്രിട്ടിനിലെ തൃശൂര്‍ ജില്ല സൗഹൃദവേദിയുടെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവും നടത്തിവരാറുള്ള ജില്ലാ കുടുംബസംഗമം ഇപ്രാവശ്യം ഇരട്ടി മധുരമായി. തൃശ്ശൂര്‍ ജില്ല രൂപീകരിച്ചിട്ട് 70 വര്‍ഷം പൂര്‍ത്തിയാക്കുന്ന ജൂലൈ ആദ്യവാരം തന്നെയാണ് ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ലയുടെ മക്കള്‍ തങ്ങളുടെ ജില്ല കുടുംബസംഗമത്തിന് ഒത്തുചേരാന്‍ തെരഞ്ഞെടുത്തത്.

സപ്തതിയുടെ നിറവില്‍ നില്‍ക്കുന്ന തൃശ്ശൂര്‍ ജില്ലയ്ക്ക് കേരളത്തേക്കാള്‍ ഏഴ് വയസ്സ് മൂപ്പുണ്ട്. 1949 ജൂലൈ ഒന്നിന് പിറന്നുവീണ തൃശ്ശൂര്‍ ജില്ലയുടെ ഭാഗമായിരുന്നു ഇന്നത്തെ എറണാകുളം ജില്ലയുടെ ഭൂരിഭാഗം പ്രദേശങ്ങളും. പിന്നീട് 1958 ഏപ്രില്‍ ഒന്നിനാണ് എറണാകുളം ജില്ല രൂപീകൃതമായത്.

ജില്ലയുടെ മക്കള്‍ക്ക് നിറപുഞ്ചിരിയോടെ സ്വാഗതം ഏകി മയൂഖ ലക്ഷ്മിയും സായൂജ് കൈതക്കാട്ടും രജിസ്‌ട്രേഷന്‍ നടപടികള്‍ക്ക് തുടക്കം കുറിച്ചു. ജുവാന മരിയ കടവിയും ഇസ ആന്റുവും ചേര്‍ന്ന് ആലപിച്ച പ്രാര്‍ത്ഥനയോടെ തുടങ്ങിയ യോഗത്തില്‍ ഈ കഴിഞ്ഞ 2018 ഓഗസ്റ്റ്മാസത്തില്‍ കേരളത്തില്‍ ദുരിതം വിതച്ച മഹാപ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ട നൂറുകണക്കിന് നമ്മുടെ സഹോദരീസഹോദരങ്ങള്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും വീടും സ്വത്തും നഷ്ടപ്പെട്ടവര്‍ക്ക് അവയെല്ലാം പുനരധിവസിപ്പിക്കാനായിട്ടുള്ള എല്ലാവിധ പ്രാര്‍ത്ഥനകളും ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ല സൗഹൃദവദിയുടെ പേരില്‍ നേരുകയും ഒരു മിനിറ്റ് നേരം എല്ലാവരും എഴുന്നേറ്റ് നിന്ന് മൗനം ആചരിക്കുകയും ചെയ്തു.

ഗ്രേറ്റ് ബ്രിട്ടനിലെ തൃശ്ശൂര്‍ ജില്ല സൗഹൃദവദിയുടെ പ്രസിഡന്റ് അഡ്വ.ജെയ്‌സണ്‍ ഇരിങ്ങാലക്കുട അദ്ധ്യക്ഷത വഹിച്ചു. ഗോയത്തില്‍ ജില്ലയുടെ സപ്തതി ആഘോഷങ്ങളുടെ ഭാഗമായുള്ള ജീല്ല കുടുംബസംഗമം യുകെയിലെ ജോസഫ് റാഫേല്‍ സോളിസിറ്റേഴ്‌സ് എന്ന സോളിസിറ്റര്‍ സ്ഥാപനം നടത്തുന്ന പ്രമുഖ സോളിസിറ്റര്‍ ജോബി ജോസഫ് കുറ്റിക്കാട്ട് നിലവിളക്കില്‍ ഭദ്രദീപം തെളിയിച്ച് ഉത്ഘാടനം ചെയ്തു.

യുകെയിലെ വിവിധ പ്രദേശങ്ങളില്‍ ചിന്നിച്ചിതറിക്കിടക്കുന്ന നാട്ടുകാര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ കണ്ടുമുട്ടാനുള്ള അസുലഭമായ ഭാഗ്യമാണ് സംഘാടകര്‍ ഒരുക്കിയിരിക്കുന്നതെന്ന് ഉത്ഘാടകനായ സോളിസിറ്റര്‍ ജോബി ജോസഫ് കുറ്റിക്കാട്ട് സദസ്യരെ അഭിസംബോധന ചെയ്തു പ്രസ്താവിച്ചു.

തൃശ്ശൂര്‍ അതിരൂപതയില്‍ നിന്ന് ബ്രിട്ടനില്‍ വൈദികസേവനം ചെയ്യുന്ന ഫാ.ബിനോയി നിലയാറ്റിങ്കല്‍ മുഖ്യാതിഥിയായി പങ്കെടുത്ത് ഉത്ഘാടനസമ്മേളനത്തിന് മാറ്റുകൂട്ടി. ശക്തന്റെ നാട്ടില്‍നിന്ന് വരുന്ന ഫാ.ബിനോയി തൃശ്ശൂരിനെക്കുറിച്ച് പറഞ്ഞപ്പോള്‍ ഒത്തിരി വാചാലനായി. ഒരു നാടിന്റെ മുഴുവന്‍ വികാരമാണ് തൃശിവപേരൂര്‍ പൂരം എന്ന് ഫാ.ബിനോയി തന്റെ പ്രസംഗത്തില്‍ കൂടി സൂചിപ്പിച്ചു.

തൃശ്ശൂര്‍ ജില്ല സൗഹൃദവദിയുടെ മുന്‍ രക്ഷാധികാരി മുരളി മുകുന്ദന്‍, സംഘടനയുടെ വൈസ്പ്രസിഡന്റ് ജീസണ്‍ പോള്‍ കടവി, വി പ്രൊട്ടക്റ്റ് ഇന്‍ഷ്വറന്‍സിന്റെ സന്‍ജു സെബാസ്റ്റ്യന്‍ എന്നിവര്‍ ആശംസ പ്രസംഗം നടത്തുകയും ജോസ് കുരുതുകുളങ്ങര സ്വാഗതവും രാജു റാഫേല്‍ നന്ദിയും പറഞ്ഞു.

സ്വയം പരിചയപ്പെടുത്തല്‍ പരിപാടിയിലൂടെ തങ്ങളുടെ തൊട്ടടുത്ത ദേശക്കാരെയും ബന്ധുക്കളെപ്പോലും എന്തിന് നാട്ടില്‍ ഒരു ദേശത്തുനിന്നുതന്നെ യുകെയിലേയ്ക്ക് വന്നവര്‍ക്ക് പോലും കണ്ടുമുട്ടാനുള്ള അസുലഭമായ ഭാഗ്യമാണ് ജില്ല കുടുംബസംഗമത്തിലൂടെ കൈവന്നത്. കുട്ടികളുടെ കലാപരിപാടികളില്‍ ഇവിക്ക, ഫ്രെയ, ലിവിയ, നേഹ, ഇവ എന്നിവര്‍ നയിച്ച മോഹന കല്യാണി തില്ലാന ക്ലാസിക്കല്‍ ഡാന്‍സോടുകൂടി ആരംഭിച്ചു. ബെഞ്ചമിന്‍ നൈജോവിന്റെ പാട്ടും തുടര്‍ന്ന് ഓസ്റ്റിനും റൂഫസും ചേര്‍ന്നുകൊണ്ടുള്ള ഡ്യൂയറ്റ് ഡാന്‍സും ജുവാന മരിയ കടവിയുടെ സിംഗിള്‍ ഡാന്‍സും ഗൗതം, അര്‍ജുന്‍ എന്നിവര്‍ ഹാര്‍മോണിയവും തബലയും കൊണ്ട് നടത്തിയ മ്യൂസിക്കും തുടര്‍ന്ന് അര്‍ജുനനും ഗൗതമും കൂടിയുള്ള സിനിമാറ്റിക് ഡാന്‍സും എല്‍ബയുടെ പാട്ടും ചടങ്ങിന് കൂടുതല്‍ മിഴിവേകി.

പൊതുസമ്മേളനത്തിനും മറ്റ് കാര്യപരിപാടികള്‍ക്കും കൂടി ജിനിത നൈജോയും ആന്റോയും ചേര്‍ന്നുള്ള ആങ്കറിംങ് കാണികളുടെ പ്രശംസ പിടിച്ചുപറ്റി. തൃശ്ശൂര്‍ ജില്ല സൗഹൃദവദിയുടെ വനിതാവിഭാഗത്തിന്റെ ദേശീയ നേതാവായ ഷൈനി വനിതാവിംഗിന് ചുക്കാന്‍ പിടിച്ചപ്പോള്‍ വനിതാവിംഗിന്റെ മുന്‍നിര നേതാക്കളായ പ്രിന്‍സി, കുമാരി, ജോളി. വിജി, ജീനിത, കവിത, ലക്ഷിമി, നവമി, നീലിമ എന്നിവര്‍ സഹായഹസ്തങ്ങളുമായി മുന്നില്‍തന്നെയുണ്ടായിരുന്നു.

1960-കളില്‍ ഇവിടെ എത്തിച്ചേര്‍ന്ന ശാദര മേനോന്റെ കുടുംബസംഗമത്തിലേയ്ക്കുള്ള കടന്നുവരവും അവരുടെ നാട്ടിലെയും യുകെയിലെയും ജീവിതാനുഭവങ്ങള്‍ പങ്കുവെച്ചതും ജില്ലാനിവാസികള്‍ കൗതുകത്തോടെയാണ് നോക്കിക്കണ്ടത്. ജില്ലാസംഗമത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം മുതല്‍ അവസാനം വരെ നടുനായകത്വം വഹിച്ചിരുന്ന പ്രാദേശിക സംഘാടകനിരയുടെ നായകനായ ജോസഫ് ഇട്ടൂപ്പിന്റെ അകമഴിഞ്ഞ പ്രവര്‍ത്തനങ്ങളെ ജില്ലാനിവാസികള്‍ ഒത്തിരി പ്രശംസിക്കുകയും നേരിട്ടും അല്ലാതെയും ജോസഫ് ഇട്ടൂപ്പിനെ അഭിനന്ദിക്കുകയും നന്ദിപറയുന്നതും ചെയ്യുന്നത് എല്ലാവര്‍ക്കും കാണാമായിരുന്നു. വളരെ രുചിയേറിയ തൃശ്ശൂര്‍ നാടന്‍ ഭക്ഷണം എല്ലാവര്‍ക്കും ഒരുക്കിയ ജോസഫ്ഇട്ടൂപ്പിനെ ജില്ലാനിവാസികള്‍ ഐകകണ്‌ഠ്യേന മുക്തകണ്ഠം പ്രശംസിച്ചു.

ഇദംപ്രദമായി യൂത്ത്‌വിംഗിന്റെ അകമഴിഞ്ഞ പിന്തുണ ജില്ലാസംഗമത്തിന് നല്‍കിക്കൊണ്ട് യൂത്ത്‌വിംഗിന്റെ നേതാക്കളായ നേതാക്കളായ കണ്ണനും ലക്ഷ്മിയും പരിപാടികള്‍ സമയബന്ധിതമായി നടത്തുന്നതിന് മുന്‍നിരയില്‍ തന്നെയുണ്ടായിരുന്നു.

അടുത്തവര്‍ഷം മുതല്‍ ഒരു വര്‍ഷം പ്രാതിനിധ്യ സ്വഭാവമുള്ള എജിഎം (AGM) നടത്തുകയാണെങ്കില്‍ അതിന്റെ തൊട്ടടുത്ത കൊല്ലം വിപുലമായ ജില്ലാ കുടുംബസംഗമം നടത്തുവാന്‍ പൊതുയോഗം തീരുമാനിച്ചു. ഇതുപ്രകാരം അടുത്തവര്‍ഷം സംഘടനയുടെ എജിഎം ആയിരിക്കും നടത്തുക. പ്രേഷകരില്‍ സംഗീതത്തിന്റെ വേലിയേറ്റം തന്നെ സൃഷ്ടിച്ചുകൊണ്ട് യുകെയിലെ ആന്റോ നേതൃത്വം കൊടുക്കുന്ന മെലഡി ബീറ്റ്‌സിന്റെ ഓര്‍ക്കസ്ട്രയുടെ ഗാനമേള കാണികളില്‍ വന്‍ ആവേശമാണ് സൃഷ്ടിച്ചത്. ആന്റോയും ഡിനിയും എല്‍ബയും അടങ്ങുന്ന ഓര്‍ക്കസ്ട്ര ഗ്രൂപ്പ് ശ്രോതാക്കളെ സംഗീതത്തിന്റെ പെരുമഴയിലേയ്ക്കാണ് കൊണ്ടുചെന്നെത്തിച്ചത്. പരിപാടികള്‍ വന്‍ വിജയമാക്കാന്‍ സഹായിച്ച എല്ലാ സ്‌പോണ്‍സര്‍മാര്‍ക്കും ഭാരവാഹികള്‍ നന്ദി രേഖപ്പെടുത്തി. റാഫില്‍ ടിക്കറ്റില്‍ക്കൂടി വിജയികളായവര്‍ക്ക് സംഘടനയുടെ ഭാരവാഹികള്‍ സമ്മാനദാനം നിര്‍വഹിച്ചു.

ബ്രിട്ടനിലെ യൂണിവേഴ്‌സിറ്റി നഗരത്തില്‍ അരങ്ങേറിയ ജില്ലാകുടുംബ സംഗമം വന്‍ വിജയമാക്കുന്നതിന് അക്ഷീണം പ്രയത്‌നിച്ച പ്രാദേശിക സംഘാടകനിരയുടെ നായകനായ ജോസഫ് ഇട്ടൂപ്പ്, മുന്‍നിരനേതാക്കളായ ജോണ്‍സണ്‍ പെരിഞ്ചേരി, റാഫേല്‍ ഇടപ്പള്ളി, അജേഷ് വാസുദേവന്‍, ജുബിന്‍ അബ്ദുള്‍ കരീം, ജിജി വര്‍ഗീസ്, ജിമ്മി പൊഴോലിപ്പറമ്പില്‍, നൈജോ കളപ്പറമ്പത്ത്, സിബി കുര്യാക്കോസ്, ശരത് സുധാകരന്‍, വിമല്‍ ജോര്‍ജ്, പ്രജീഷ് മോഹനന്‍ എന്നിവരുടെ പ്രവര്‍ത്തനങ്ങളെ ജില്ലാനിവാസികള്‍ നന്ദിയോടെ സ്മരിച്ചു. ലണ്ടന്റെ ഹൃദയനഗരങ്ങളായ ഈസ്റ്റ്ഹാമിലും ക്രോയ്‌ഡോണിലും മിഡ്‌ലാന്റ്‌സിനു സമീപം ഗ്ലോസ്റ്ററിലെ ചെല്‍റ്റനാമിലും ഇംഗ്ലണ്ടിന്റെ നോര്‍ത്തായ ലിവര്‍പൂളിലും ഗ്രേറ്റര്‍ലണ്ടനിലെ ഹെമല്‍ഹെംപ്സ്റ്റഡിലും ഇപ്പോള്‍ ബ്രിട്ടന്റെ പ്രമുഖ യൂണിവേഴ്‌സിറ്റി നഗരമായ സൗത്ത് ഈസ്റ്റിലെ ഓക്‌സ്‌ഫോര്‍ഡിലും എത്തിനില്‍ക്കുകയാണ് തൃശ്ശൂര്‍ ജില്ലയുടെ കൂട്ടായ്മ. ആദ്യമായി ഇംഗ്ലണ്ടിന്റെ സൗത്ത് ഈസ്റ്റ് റീജിയണിലേയ്ക്ക് കടന്നുവന്ന ജില്ലാകൂട്ടായ്മയെ കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനത്തിന്റെ സാംസ്‌കാരിക പൈതൃകം മുറുകെ പിടിച്ചുകൊണ്ടുള്ള നൃത്തത്തിന്റെയും വാദ്യമേളാഘോഷത്തിന്റെയും പ്രൊഫഷണല്‍ സംഗീതത്തിന്റെയും അകമ്പടിയോടെയാണ് യൂണിവേഴ്‌സിറ്റിയുടെ നാട്ടുകാര്‍ വരവേറ്റത്.

കേരളത്തിലെ പൂരത്തിന്റെ പൂരമായ തൃശ്ശൂര്‍ പൂരം യുകെയിലെ തൃശ്ശൂര്‍കാര്‍ക്ക് ഒരു ലഹരിയാണ്. സാം ശിവ, ഷിനോ പോള്‍, രാജേഷ് ചാലിയത്ത് എന്നിവര്‍ നേതൃത്വം നല്‍കിയ കേരളത്തില്‍ നിന്ന് വന്ന പ്രെഫഷണല്‍ ലൈവ് മ്യൂസിക്കല്‍ പരിപാടി മാനത്ത് പൊട്ടിവിരിയുന്ന വിവിധ വര്‍ണ്ണങ്ങളായ അമിട്ട് കണ്ട് ആസ്വദിക്കുന്ന പൂരം ആസ്വാദകരുടെ അനുഭവം പോലെയായിരുന്നു. കീബോര്‍ഡ്, ഗിറ്റാര്‍, ഡ്രം എന്നിവകൊണ്ട് സംഗീതത്തിന്റെ മാസ്മരികത സൃഷ്ടിച്ച് സംഗിതത്തിന്റെ അനന്തവിഹായസിലേയ്ക്ക് കാണികളെ കൂട്ടിക്കൊണ്ടുപോയി ഒരിക്കലും മറക്കാനാവാത്ത ഒരു നവ്യാനുഭവം സൃഷ്ടിക്കുക തന്നെയായിരുന്നു. തണ്ടര്‍ 2019 ലൂടെ സാം ശിവയും ഷിനോപോളും രാജേഷ് ചാലിയത്തും യുണിവേഴ്‌സിറ്റി നഗരമായ ഓക്‌സ്‌ഫോര്‍ഡില്‍ ചെയ്തത്.

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM