യുക്മ ദേശീയ കലാമേള ഒക്ടോബർ ഇരുപത്തിയേഴിന് – UKMALAYALEE
foto

യുക്മ ദേശീയ കലാമേള ഒക്ടോബർ ഇരുപത്തിയേഴിന്

Tuesday 10 July 2018 8:47 AM UTC

LONDON July 10: 2018  ലെ യുക്മയുടെ റീജണൽ കലാമേളകളുടെയും നാഷണൽ കലാമേളയുടെയും തീയതികൾക്ക് തീരുമാനമായതോടെ ഇനി പരിശീലനത്തിന്റെ നാളുകൾ ആരംഭിക്കുകയായി. വീറും വാശിയും കലർന്ന മത്സരങ്ങൾ പല കണക്കുകൂട്ടലുകളെയും തെറ്റിക്കാറുണ്ട്. പുതിയ കലാ പ്രതിഭകളെയും കലാ തിലകങ്ങളെയും സൃഷ്ടിക്കാറുണ്ട്. പുതുമയുള്ള വിഭവങ്ങൾ തട്ടിൽ അരങ്ങേറാറുണ്ട്.

യുക്മയുടെ ചരിത്രത്തിൽ ആദ്യമായി പ്രവാസിമലയാളികളുടെ ഏറ്റവും വലിയ കലാ മാമാങ്കത്തിന് വേദിയാകുവാൻ യോർക്ഷയർ ആൻഡ് ഹംബർ റീജിയനെയാണ് നാഷണൽ കമ്മറ്റി ഈ തവണ തിരഞ്ഞെടുത്തത്എന്ന് നാഷണൽ പ്രസിഡന്റ് മാമ്മൻ ഫിലിപ്പും സെക്രട്ടറി റോജിമോൻ വർഗീസും അറിയിച്ചു.  ഒക്ടോബർ മാസം ഇരുപത്തിയേഴാം തീയതി ശനിയാഴ്‌ച നടക്കുന്ന കലാമേളയിൽ മത്സരിക്കുന്നതിന് യോഗ്യത നേടുവാനുള്ള  റീജിയണൽ മത്സരങ്ങളുടെ തീയതികളും ഒട്ടുമിക്ക റീജിയനുകളും തീരുമാനിച്ചുകഴിഞ്ഞു.

പതിവ് തെറ്റിക്കാതെ ഇത്തവണയും  റീജിയണൽ കലാമേളയുടെ  തീയതിയും  വേദിയും ആദ്യമേ പ്രഖ്യാപിച്ചുകൊണ്ട്  യോർക്ക് ഷെയർ  ആൻഡ് ഹംബർ റീജിയൺ ഒരു പടി മുന്നിൽത്തന്നെയാണ്. സെപ്തംബർ മാസം ഇരുപത്തി ഒമ്പതാം തീയതി കീത്തിലി മലയാളി അസോസിയേഷന്റെ ആതിഥേയത്തിൽ കലാമേളയ്ക്ക് തിരിതെളിയുമ്പോൾ ഒരു പക്ഷെ റീജിയണൽ കലാമേളയുടെ ഉത്‌ഘാടനമാവും അവിടെ നടക്കുക.

ഒക്ടോബർ ആറ്  ശനിയാഴ്ച  മിഡ്‌ലാൻഡ്‌സ് റീജിയണൽ കലാമേളയും ഈസ്റ്റ് ആംഗ്ലിയ റീജിയണൽ കലാമേളയും നടക്കുമ്പോൾ നാഷണൽ കലാമേളയുടെ ഒരു മിനി പതിപ്പാവും അരങ്ങേറുക എന്നതിൽ സംശയം വേണ്ട. ഒക്ടോബർ പതിമൂന്ന്   ശനിയാഴ്ച പ്രഗത്ഭരായ സൗത്ത് വെസ്റ്റ് റീജിയന്റെയും സൗത്ത് ഈസ്റ്റ് റീജിയന്റെയും കലാമേളകൾ അരങ്ങേറും. മിക്ക വർഷങ്ങളിലും ഈ രണ്ടു റീജിയന്റെയും കലാമേളകൾ ഒരേദിവസമാണ് നടക്കുക എന്നത് യാദൃശ്ചീകമാവാം.

നോർത്ത് ഈസ്റ്റ് റീജിയൻ കലാമേളയുടെ തീയതി ഏകദേശ ധാരണയായെങ്കിലും ചില കാര്യങ്ങളിൽ അന്തിമ തീരുമാനമാകാത്തതിനാൽ ഇപ്പോൾ തീയതി പറയാനാകില്ലെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.  ഒക്ടോബർ ഇരുപതാം തീയതി  ശനിയാഴ്ച  മാഞ്ചസ്റ്ററിൽ നോർത്ത് വെസ്റ്റ് റീജിയണൽ കലാമേള അരങ്ങേറുമ്പോൾ റീജിയണൽ കലാമേളയ്ക്ക് വിരാമമാവും. തുടർന്ന് എല്ലാ കണ്ണുകളും യോർക്ഷയറിലേക്ക്.

 യു.കെ. മലയാളികളുടെ ഉത്സവദിനങ്ങളായി  മാറിക്കഴിഞ്ഞ യുക്മ കലാമേളകൾ പ്രതിഭയുടെ മാറ്റുരക്കലാകുമെന്നതിൽ സംശയമില്ല. ആയിരത്തിലധികം കലാകാരന്മാരും കലാകാരികളും മത്സരാർത്ഥികളായി എത്തിച്ചേരുന്ന യുക്മ ദേശീയ കലാമേളയിൽ കലയെ സ്നേഹിക്കുന്ന യു.കെ. മലയാളികളായ ആയിരങ്ങൾ  കാണികളായും  ഒത്തുചേരുമ്പോൾ  ലോക പ്രവാസി സമൂഹങ്ങളിലെ ഏറ്റവും വലിയ കലാ മാമാങ്കത്തിനാണ് തിരശീലയുയരുക. യുകെ മലായാളികളുടെ ദേശീയോത്സവം എന്ന ഖ്യാതി നേടിയ നാഷണൽ കലാമേള ഒക്ടോബർ ഇരുപത്തിയേഴാം തീയതി ശനിയാഴ്ച യോർക്ഷയർ ഹംബർ റീജിയനിൽ നടക്കുമ്പോൾ അതിന്റെ ഭാഗമാകുവാൻ  യുക്മ ദേശീയ കമ്മറ്റി ഏവരേയും സ്വാഗതം ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM