ശബരിമല യുവതി പ്രവേശനം ഭക്തജനങ്ങളുടെ കൂടെ നിൽക്കുമെന്ന് ക്രോയ്ഡൺ ഹിന്ദു സമാജം. – UKMALAYALEE
foto

ശബരിമല യുവതി പ്രവേശനം ഭക്തജനങ്ങളുടെ കൂടെ നിൽക്കുമെന്ന് ക്രോയ്ഡൺ ഹിന്ദു സമാജം.

Thursday 4 October 2018 1:48 AM UTC

എ. പി. രാധാകൃഷ്ണൻ

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കേരളത്തിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ പരിപാടികൾക്ക് പരിപൂർണ പിന്തുണ നൽകാൻ ക്രോയിഡൺ ഹിന്ദു സമാജം തീരുമാനിച്ചു.

കോടതി വിധി തികച്ചും ദൗർഭാഗ്യകരം ആണെന്നും ഇൗ കാര്യത്തിൽ ഭക്തരുടെ പക്ഷത്താണ് സമാജം എന്നും സമാജം പ്രസിഡന്റ് ശ്രീ കുമാർ സുരേന്ദ്രൻ, സെക്രട്ടറി പ്രേംകുമാർ എന്നിവർ സംയുക്ത പ്രസ്താവനയിൽ അറിയിച്ചു.

സമാന രീതിയിൽ ചിന്തിക്കുന്ന മറ്റ് ഹൈന്ദവ സമാജങ്ങളുമായി കൂടുതൽ വിപുലമായ ആലോചനകൾ നടത്തി ഭാവി പരിപാടികൾ ആസൂത്രണം ചെയ്യും എന്നും അവർ കൂട്ടി ചേർത്തു.

പ്രസ്താവന:

ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസങ്ങളിൽ ഭാരതത്തിലെ ബഹുമാനപ്പെട്ട സുപ്രീം കോടതിയിൽ നിന്നും ഉണ്ടായ വിധി തികച്ചും ദൗർഭാഗ്യകരം എന്ന് തന്നെ പറയേണ്ടിയിരിക്കുന്നു.

ഭാരതം നൂറ്റാണ്ടുകളായി ഉയർത്തി പിടിക്കുന്ന “നാനാത്വത്തിൽ ഏകത്വം” എന്ന മഹത്തായ ആശയത്തെ പൂർണമായും ഉൾക്കൊള്ളാതെ തികച്ചും നിയമ വശങ്ങൾ മാത്രം നോക്കിയാണ് വിധി പ്രസ്താവിച്ചത് എന്ന് തോന്നുന്നു.

കാലങ്ങളായി ഭാരതത്തിന്റെ വിവിധ ഭാഗങ്ങളിൽ സംസ്കാരത്തിന്റെ പരിച്ചേദങ്ങൾ ആയി നിലനിന്നു പോരുന്ന ഹൈന്ദവ ആചാരങ്ങളെ കേവലമായ യുക്തി ഉപയോഗിച്ച് അട്ടിമറിക്കാൻ മാത്രമേ ഇത്തരം നീക്കങ്ങൾക്ക് സാധിക്കുകയുള്ളൂ.

നൈഷ്ഠിക ബ്രഹ്മചാരി സങ്കല്പത്തിൽ ലോകത്താകമാനമുള്ള ഭക്തർ പൂജിക്കുന്ന അയ്യപ്പ സ്വാമിയുടെ സങ്കല്പത്തിന് തന്നെ കളങ്കം ചാർത്തുന്ന വിധമുള്ള നീക്കങ്ങൾ ആണ് മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ പോലെ നടക്കുന്നത്.

അതിന്റെ ഉത്തമ ഉദാഹരണം ആണ് പത്തു വയസിനും അൻപത് വയസിനു ഇടയിലുള്ള സ്ത്രീകൾക്ക് മാത്രം പ്രവേശനം തടഞ്ഞ ആചാരത്തെ മൊത്തം സ്ത്രീ വിരുദ്ധമാണ് എന്ന് ആക്കി പ്രചരിപ്പിച്ചത്.

മാറ്റങ്ങളെ എല്ലാകാലത്തും പ്രോത്സാഹിപ്പിക്കുകയും വേണ്ട രീതിയിൽ അതിനെ സ്വീകരിച്ച് യഥാർത്ഥ സത്തയോടെ ഉൾകൊണ്ട് നിത്യ നൂതനമായി നിലനിൽക്കുന്ന സനാതന ധർമ്മം ഒന്നിനും എതിരല്ല.

പരിഷ്കാരതിന്റെയും മാറ്റത്തിന്റെയും പേരിൽ ഹൈന്ദവ ജനതയുടെ ആരാധന സ്വാതന്ത്ര്യവും അതിലുപരി ദേവഹിതത്തിന് വിരുദ്ധവുമായ നടപടികൾ ആരിൽ നിന്ന് ഉണ്ടായാലും എതിർക്കേണ്ടത് ആണെങ്കിൽ എതിർക്കുക തന്നെ ചെയ്യും.

ശക്തിയില്ലാതെ ശിവൻ ഇല്ലെന്ന് പഠിപ്പിച്ച സനാതന ധർമ്മം, പുര പ്രാചീനമായ വേദങ്ങളിൽ പോലും സ്ത്രീ തുല്യത ഉറപ്പ് വരുത്തി മുന്നോട്ടുപോകുന്ന ഹൈന്ദവ സംസ്കാരം ഒരു തരത്തിലുള്ള ലിംഗ വിവേചനവും ഒരു കാലത്തും നടത്തിയിട്ടില്ല എന്ന് ചരിത്രം പരിശോധിച്ചാൽ മനസിലാകും.

ഭൂരിപക്ഷ സമുദായത്തിന്റെ വികാര വിചാരങ്ങൾ വേണ്ട രീതിയിൽ ഉൾകൊണ്ട് പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ  ഉത്തരവാദിത്വം ഉള്ള സർക്കാര് സംവിധാനങ്ങൾ ഒരുവിധത്തിലും അതിന് ശ്രമിക്കുന്നില്ല എന്നത് ഖേദകരമാണ്.

ശബരിമലയുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇപ്പൊൾ നടന്നു വരുന്ന പ്രതിഷേധ പരിപാടികൾക്ക് ക്രോയ്ഡൺ ഹിന്ദു സമാജം പൂർണ്ണ പിന്തുണ നൽകാൻ തീരുമാനിച്ചു. ക്രോയ്ഡൺ ഹിന്ദു സമാജം എന്നും ഭക്തരുടെ കൂടെയായിരിക്കും.

വിവാദങ്ങൾ എല്ലാം ഒഴിഞ്ഞ് നിലനിൽക്കുന്ന ആചാര അനുഷ്ഠനങ്ങൾ അതെപടി തുടർന്ന് ശബരിമല ഇനിയും നൂറ്റാണ്ടുകൾ നിലനിൽക്കണം അതിന് കലിയുഗഗവരദൻ ശ്രീ അയ്യപ്പ സ്വാമിയുടെ അനുഗ്രഹം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

എന്ന്

ഭഗവദ് തൃപാദങ്ങളിൽ

ശ്രീ കുമാർ സുരേന്ദ്രൻ – പ്രസിഡന്റ് – 07979352084

ശ്രീ പ്രേംകുമാർ – ജനറൽ സെക്രട്ടറി – 07551995663

ക്രോയ്ഡൺ ഹിന്ദു സമാജം

ലണ്ടൻ

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM