യു ആർ യു കെ  വിഞ്ജാനോൽസവം സമാപിച്ചു: “പ്രകാശം ഒട്ടും അകലെയല്ല.”: സന്തോഷ് റോയ് എഴുതുന്ന ലേഖനം  – UKMALAYALEE

യു ആർ യു കെ  വിഞ്ജാനോൽസവം സമാപിച്ചു: “പ്രകാശം ഒട്ടും അകലെയല്ല.”: സന്തോഷ് റോയ് എഴുതുന്ന ലേഖനം 

Tuesday 21 May 2019 1:35 AM UTC

LONDON May 21: 2019 മേയ്‌ 18-നു ലണ്ടനിലെ‌ ക്രോയ്ഡണിൽ സംഘടിപ്പിച്ച യു ആർ യു കെ യുടെ ഒന്നാം വാർഷിക പരിപാടി വളരെ ഗംഭീരമായ്‌ തന്നെ സമാപിച്ചു. അക്ഷരാർത്ഥത്തിൽ തന്നെ ഒരു വിഞ്ജാനോൽസവം തന്നെയായിരുന്നു യു കെ യിലെ സ്വതന്ത്ര ചിന്തകരുടെ ഈ സംഗമം.

യു കെ യിലെ പ്രവാസികളെ ബാധിക്കുന്ന ബ്രെക്സിറ്റ്‌ മുതൽ , യു കെ യിലെ കുട്ടികളുടെ പഠനരീതികളെ കുറിച്ച്‌ വരെയുള്ള പ്രഭാഷണങ്ങൾ ഒട്ടേറെ അറിവുകളാണു സദസ്യർക്ക്‌ പകർന്നു നൽകിയത്‌. മിക്ക സെമിനാറുകളും പങ്കെടുത്തവരുടെ സജീവ പങ്കാളിത്തം കൊണ്ട്‌ ശ്രദ്ധേയമായ്‌.

സംഘടനയുടെ വാർഷിക പരിപാടിയോട്‌ അനുബന്ധിച്ചു കുട്ടികൾക്കായ്‌ നടത്തിയ ‘Make the Cut’ എന്ന സയൻസ്‌ വീഡിയോ മൽസരം വേറിട്ട അനുഭവമായ്‌.

നിത്യ ജീവിതത്തിൽ ശാസ്ത്രം നമ്മെ ഏതൊക്കെ തരത്തിൽ സ്വാധീനിക്കുന്നു എന്നതിനെ കുറിച്ചു നമ്മുടെ കുട്ടികൾ തയ്യാറാക്കിയ ഓരോ വീഡിയോകളും ഒന്നിനൊന്നു മികച്ചത്‌ തന്നെയായിരുന്നു.

നമ്മുടെ കുട്ടികൾ ശാസ്ത്രതൽപ്പരരായ്‌ വളരുന്നു എന്നുള്ളത്‌ അഭിനന്ദനാർഹം തന്നെയാണു.!

ഈ വീഡിയോ മൽസരത്തിൽ പങ്കെടുത്ത എല്ലാ കുട്ടികൾക്കും , അവരെ പ്രോൽസാഹിപ്പിച്ച മാതാപിതാക്കൾക്കും അഭിനന്ദനങ്ങൾ!!, അനുമോദനങ്ങൾ.!!

യു കെ യിലെ വേറിട്ട്‌ ചിന്തിക്കുന്ന ഒരു കൂട്ടം മലയാളി ചെറുപ്പക്കാരുടെ ഒരു കൂട്ടായ്മയാണു യു ആർ യു കെ (United rationalists of UK).

വലിയ അവകാശ വാദങ്ങൾക്കൊന്നും ഞങ്ങൾ മുതിരുന്നില്ല. പക്ഷെ, പിറവി കൊണ്ട അന്ന് മുതൽ യുക്തിചിന്തയുടെ തിരിനാളങ്ങൾ യു കെ മലയാളികൾക്ക്‌ പകരുവാനായ്‌ ഞങ്ങൾ ശ്രമിക്കുന്നു.

കുട്ടികൾക്കായ്‌ വാന നിരീക്ഷണ ക്ലാസ്സ്‌, വിവിധ സെമിനാറുകളും വെബ്ബിനാറുകളും, യുക്തിചിന്തകരുടെ വാട്സാപ്പ്‌ , ഫേസ്‌ബുക്ക്‌ കൂട്ടായ്മ , ചർച്ചകൾ ..അങ്ങനെയൊക്കെയായ്‌ വിവിധ തരത്തിലുള്ള ഇടപെടലുകൾ യുകെ യിലെ മലയാളി സമൂഹത്തിൽ നടത്താൻ ഞങ്ങൾക്ക്‌ കഴിഞ്ഞിട്ടുണ്ട്‌.

യു ആർ യു കെ എന്ന സംഘടനക്ക്‌ യു കെ യിലെ സ്വതന്ത്ര ചിന്തകരുടെ ഏറ്റവും വലിയ സംഘടനയായ്‌ മാറാൻ കഴിഞ്ഞതും യു കെ മലയാളി സമൂഹത്തിലെ ഇത്തരത്തിലുള്ള ഇടപെടലുകളിലൂടെയാണു.

അതു കൊണ്ട്‌ മാത്രമാണു 2019 മേയ്‌ 18 നു യു ആർ യു കെ യുടെ ഒന്നാം വാർഷിക പരിപാടി വളരെ ഗംഭീരമായ്‌ നടത്താൻ ഞങ്ങൾക്ക്‌ കഴിഞ്ഞത്‌. വിവിധ വിഷയങ്ങളെ കുറിച്ച്‌ സംസാരിച്ച ഒൻപത്‌ പ്രഭാഷകർ പകർന്ന് തന്ന അറിവുകളൊക്കെയും വില മതിക്കാനാകാത്തതാണു.

കേരളത്തിൽ നിന്നും പ്രഭാഷകരെ കൊണ്ട്‌ വരാം . പ്രഭാഷണങ്ങൾ ഒക്കെ നടത്താം. പക്ഷെ, യു കെ മലയാളികളെ ബാധിക്കുന്ന പ്രശ്നങ്ങളെ കുറിച്ച്‌ ചർച്ച ചെയ്യാൻ നമ്മുടെ കൂടെയുള്ളവരല്ലേ വേണ്ടത്‌.?

യുക്തിവാദത്തിന്റെ വഴികൾ കല്ലും മുള്ളും കൊടുങ്കാറ്റും ഒക്കെ നിറഞ്ഞതാണു. പക്ഷേ, യുക്തിവാദികൾ മുന്നോട്ട്‌ നീങ്ങുന്നത്‌ ശാസ്ത്രാവബോധവും ശാസ്ത്രീയ മനോവൃത്തിയും തങ്ങൾ ജീവിക്കുന്ന സമൂഹത്തിൽ പകരുവാൻ ശ്രമിച്ചു കൊണ്ടാണു.

വിമർശ്ശനാത്മകമായ ചിന്താ ശൈലി സ്വന്തമാക്കുക എന്നതു തന്നെയാണു ശാസ്ത്രീയ മനോവൃത്തിയിലൂടെ സഞ്ചരിക്കുന്നതിലുടെ നാം ലക്ഷ്യമിടേണ്ടത്‌. അതിനായാണു എല്ലാ യുക്തിവാദ പ്രസ്ഥാനങ്ങളും ശ്രമിക്കേണ്ടത്‌.

സമൂഹത്തിൽ, മതത്തിന്റെ പേരിലുള്ള ചൂഷണങ്ങളും അന്ധവിശ്വാസ പ്രചരണങ്ങളും പ്രതിരോധിക്കാനും മതങ്ങളെ വിമർശിക്കാനും , നേർപ്പിക്കാനും , നവീകരിക്കാനും ആധുനികതയിലേക്ക്‌ കൈ പിടിച്ചു നടത്താനും യുക്തിവാദി പ്രസ്ഥാനങ്ങൾക്കു മാത്രമേ കഴിയൂ.

പരിപാടിയിൽ പങ്കെടുത്തവർക്കും , പ്രഭാഷകർക്കും , നന്ദി. കൂടാതെ, ഞങ്ങളുടെ പരിപാടിയെ കുറിച്ചുള്ള വാർത്താ വിവരങ്ങൾ നൽകിയ മാധ്യമ പ്രവർത്തകർക്കും, ഓൺലൈൻ പോർട്ടലുകൾക്കും ടെലിവിഷൻ മാധ്യമങ്ങൾക്കും ഞങ്ങൾ പ്രത്യേകം നന്ദി രേഖപ്പെടുത്തുന്നു.

ഞങ്ങളുടെ ക്ഷണം സ്വീകരിച്ച്‌ കൊണ്ട്‌ പരിപാടിയിലെ വിശിഷ്ട അതിഥികളായെത്തിയ റാഷണലിസ്റ്റ് ഇൻറർനാഷണൽ പ്രസിഡന്റ്‌, ശ്രീ. സനൽ ഇടമറുകിനും, ബ്രാഡ്ലെ സ്റ്റോക്ക്‌ നഗരത്തിന്റെ ബഹുമാന്യ മേയർ ശ്രീ. ടോം ആദിത്യക്കും സ്നേഹത്തിന്റെ ഭാഷയിൽ , നന്ദി അറിയിക്കുന്നു.

#URUKDareToThink

https://www.youtube.com/playlist?list=PLrTOxoDHrXCPgBW0qt34EpRvmmVzocu88&disable_polymer=true

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM