യുക്മ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ടൊയോട്ടാ ഐഗോ കാർ തൃശ്ശൂര്‍ സ്വദേശി സി.എസ് മിത്രന് – UKMALAYALEE

യുക്മ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ടൊയോട്ടാ ഐഗോ കാർ തൃശ്ശൂര്‍ സ്വദേശി സി.എസ് മിത്രന്

Tuesday 29 January 2019 2:49 AM UTC

മാഞ്ചസ്റ്റർ Jan 29:- യുക്മ നാഷണൽ കമ്മിറ്റി ചാരിറ്റി പ്രവർത്തനങ്ങൾക്കും യുക്മയുടെ നാഷണൽ, റീജിയണൽ കമ്മിറ്റികളുടേയും അംഗ അസോസിയേഷനുകളുടെയും പ്രവർത്തനത്തിനായി ഫണ്ട് ശേഖരിക്കുന്നതിന്റെ ഭാഗമായി യുകെയിലെ പ്രമുഖ ഫിനാൻഷ്യൽ സർവീസ് സ്ഥാപനമായ അലൈഡ് ഫിനാൻഷ്യൽ സർവ്വീസസ് സ്പോൺസർസ്പോൺസർ  ചെയ്ത ക്രിസ്തുമസ് പുതുവത്സര സമ്മാന പദ്ധതിയുടെ നറുക്കെടുപ്പിൽ ഒന്നാം സമ്മാനമായ ടൊയോട്ടാ ഐഗോ കാർ സമ്മാനമായി ലഭിച്ചത് യുക്മ മിഡ്ലാൻഡ്സ് റീജിയനിലെ  തൃശ്ശൂര്‍ സ്വദേശിയായ സി.എസ് മിത്രന്.

ബര്‍മിംഗ്ഹാമില്‍ താമസിക്കുന്ന മിത്രന്‍ ലണ്ടനില്‍ ബിസിനസ്സ് നടത്തി വരികയാണ്. സിനിമയില്‍ ഏറെ താത്പര്യമുള്ള ഇദ്ദേഹം സ്വന്തം സിനിമാ കമ്പനിയായ നിര്‍മ്മാല്യത്തിന്റെ ബാനറില്‍ മലയാളത്തിലും തമിഴിലും സിനിമകള്‍ നിര്‍മ്മിച്ചിട്ടുണ്ട്.

കോഴിക്കോട് സ്വദേശിയായ ഡോ. രജനിയാണ് ഭാര്യ. യു.കെ ഹെൽത്ത് സയന്‍സില്‍ മാസ്‌റ്റേഴ്‌സ് ഡിഗ്രി കരസ്ഥമാക്കിയിട്ടുള്ള രജനി ഒരു നൃത്ത കലാകാരി കൂടിയാണ്.

കാലിക്കറ്റ് മെഡിഫെസ്റ്റില്‍ കലാതിലക പട്ടം നേടിയിട്ടുള്ള രജനി പത്തു വര്‍ഷമായി യു.കെയില്‍ ദൃശ്യ ഭാരതി സ്‌കൂള്‍ ഓഫ് ഡാന്‍സ് നടത്തി വരികയാണ്.

ഏക മകള്‍ ജ്യോതിക എ ലെവല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്. ജ്യോതിക രണ്ട് തവണ യുക്മ റീജണല്‍ കലോത്സവത്തില്‍ കലാതികമായിരുന്നു. കൂടാതെ നാഷണല്‍ കലോത്സവത്തിലും നിരവധി സമ്മാനങ്ങള്‍ നേടിയിട്ടുണ്ട്.

ഭാഗ്യ ദേവത യോർക്ഷയർ ഹംബർ റീജിയണിൽ ഇത്തവണയും സമ്മാനവുമായി എത്തി.

 കഴിഞ്ഞ വർഷം യുക്മ യുഗ്രാൻറിന്റെ ആദ്യത്തെ നറുക്കെടുപ്പിൽ  ഒന്നാം സമ്മാനമായിരുന്നുവെങ്കിൽ ഇത്തവണ അത് രണ്ടും അഞ്ചും സമ്മാനങ്ങളുമായിട്ടാണെന്ന് മാത്രം.

യു ഗ്രാൻഡ് രണ്ടാം സമ്മാനമായ പതിനാറ് ഗ്രാം  സ്വർണ്ണത്തിനു  അർഹരായത്  ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷനിലെ അംഗങ്ങളായ  ഷിറാസ് – തൻവി ദമ്പതികളാണ്. ബ്രാഡ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്നും ബിരുദാനന്തര ബിരുദം നേടിയ ഷിറാസ് ഹസ്സൽ 2007 മുതൽ  ഐ ടി മേഖലയിൽ സോഫ്റ്റ് വെയർ എൻജിനീയറായി ജോലിചെയ്യുന്നു.

മികച്ച ബാഡ്മിന്റൺ കളിക്കാരനായ അദ്ദേഹം ഈ മാസം ഷെഫീഡിൽ വെച്ച് നടത്തിയ യുക്മ ബാഡ്മിന്റൺ മത്സരത്തിൽ മൂന്നാം സ്ഥാനം നേടിയിരുന്നു. ഇദ്ദേഹത്തിന്റെ ഭാര്യ തൻവി സൈനബ് എഛ് ആർ ഡിപ്പാർട്ടുമെന്റിൽ ഉദ്യോഗസ്ഥയാണ്.

കഴിഞ്ഞ തവണ ഒന്നാം സമ്മാനം നേടിയതും ഷെഫീൽഡ് കേരള കൾച്ചറൽ അസോസിയേഷനിലെ അംഗമായ സിബിക്കും കുടുംബത്തിനുമായിരുന്നു.

മൂന്നാം സമ്മാനം ഈസ്റ്റ് ആംഗ്ലിയ റീജിയനിലേക്ക്…

യുക്മ ജാല മാഗസിന്റെ ചീഫ് എഡിറ്ററും എൻഫീൽഡ് മലയാളി അസോസിയേഷൻ പ്രസിഡൻറുമായ ശ്രീ.റെജി നന്തിക്കാട്ടിനാണ് യുക്മ യു ഗ്രാന്റ് നറുക്കെടുപ്പിലൂടെ 8 ഗ്രാം സ്വർണം ലഭിച്ചത്.

2006 ൽ യുകെയിലെത്തിയ കോട്ടയം സ്വദേശിയായ റെജി നന്തിക്കാട്ട് ഭാര്യ തനൂജ റെജി, മകൻ ജെറിൻ റെജി, മരുമകൾ ലീന ജെറിൻ എന്നിവരൊന്നിച്ച് ഈസ്റ്റ് ആഗ്ലി റീജിയനിലെ  എൻഫീൽഡിലാണ് താമസിക്കുന്നത്.

നാലാം സമ്മാനം സൗത്ത് വെസ്റ്റ് റീജിയനിൽ…

യു ഗ്രാന്റ് നറുക്കെടുപ്പിലൂടെ നാലാം സമ്മാനമായ 4 ഗ്രാം സ്വർണ്ണം ലഭിച്ചത് സാലിസ്ബറിയിലെ ജിനോ ജോസിനാണ്.

യുക്മ സൗത്ത് വെസ്റ്റ് റീജിയണിലെ സാലിസ്ബറി മലയാളി അസ്സോസിയേഷൻ സജീവാംഗമായ ജിനോ ജോസ് കോതമംഗലം സ്വദേശിയാണ്.

ഭാര്യക്കും മൂന്നു മക്കൾക്കുമൊപ്പം സാലിസ്ബറിയിൽ താമസമാക്കിയിട്ടുള്ള ജിനോ മികച്ചൊരു ഫിസിയോതെറാപ്പിസ്റ്റ് കൂടിയാണ്. നിലവിൽ അമേരിക്കയിലാണ് ജോലി നോക്കുന്നത്.

അവധിക്ക് സാലിസ്ബറിയിലെത്തിയ ജിനോ സാലിസ്ബറി മലയാളി അസ്സോസിയേഷൻ ക്രിസ്തുമസ് ന്യൂ ഇയർ ആഘോഷത്തിനിടെയാണ് യു ഗ്രാന്റ് ടിക്കറ്റ് കരസ്ഥമാക്കിയത്. കുട്ടികളായ അലീനാ, ആഡ്രിയാ, ആബേൽ എന്നിവർ യുക്മ കലമേളകളിലെ നിറസാന്നിധ്യമാണ്.

ലീഡ്സിലൂടെ രണ്ടാമത്തെ സമ്മാനം യോർക് ഷെയർ ആൻഡ് ഹംപർ റീജിയനിലേക്ക്…

ലീഡ്സ് സെന്റ് ജെയിംസ് ഹോസ്പിറ്റലിലെ ലാബിൽ ജോലിചെയ്യുന്ന ജേക്കബ്- സിനി ദമ്പതികൾക്കാണ് അഞ്ചാം സമ്മാനമായ രണ്ടു ഗ്രാം സ്വർണ്ണം  ലഭിച്ചത്. മകൾ ജാസ്മിന്റെ പേരിൽ ജേക്കബ് എടുത്ത ടിക്കറ്റിനു അഞ്ചാം സമ്മാനം ലഭിച്ചുകൊണ്ടായിരുന്നു യുക്മ യു ഗ്രാൻഡ് നറുക്കെടുപ്പ് ആരംഭിച്ചതുതന്നെ.

യുക്മ റീജിയണൽ ഡ്രോയിങ് മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയിട്ടുള്ള ജേക്കബ് ലീഡ്സ് ഗ്ലാഡിയേറ്റർ ക്രിക്കറ് ടീം ക്യാപ്റ്റനും ലീഡ്‌സിൽ നിന്നുള്ള യുക്മ പ്രതിനിധിയുമാണ്.

ഭാര്യ സിനി നഴ്‌സ് ആയി ജോലി ചെയ്യുന്നു. കഴിഞ്ഞ തവണത്തെ നറുക്കെടുപ്പിലും ലീഡ്സ് മലയാളി അസോസിയേഷനിൽ നിന്നുള്ള അംഗത്തിന് പ്രോത്സാഹന സമ്മാനം ലഭിച്ചിരുന്നു.

യുക്മ യുഗ്രാൻറ് ബംപർ നറുക്കെടുപ്പ് യു കെ മലയാളികൾക്കായി യുക്മയുടെ ക്രിസ്തുമസ് പുതുവത്സര സമ്മാനമായിരുന്നു. യു ഗ്രാൻറ് വിജയികൾക്ക് യുക്മയുടെ അഭിനന്ദനങ്ങൾ… വിജയികൾക്ക് എല്ലാവർക്കും സൗകര്യപ്രദമായ ഏറ്റവും അടുത്ത ദിവസം സമ്മാനങ്ങൾ വിതരണം ചെയ്യുന്നതാണ്.

 യു ഗ്രാന്റ് സമ്മാന പദ്ധതിയുടെ വിജയത്തിനായി സഹകരിച്ച  യുക്മ നാഷണൽ റീജിയണൽ കമ്മിറ്റികളോടും, അംഗ അസോസിയേഷനുകളോടും യുക്മ പ്രസിഡന്റ് മാമ്മൻ ഫിലിപ്പ്, യുക്മ യുഗ്രാൻറിന്റെ ചുമതല വഹിച്ച നാഷണൽ ട്രഷറർ അലക്സ് വർഗ്ഗീസ്, ജോയിന്റ് ട്രഷറർ ജയകുമാർ നായർ എന്നിവർ നന്ദി രേഖപ്പെടുത്തി.

യുക്മ യുഗ്രാന്റ് നറുക്കെടുപ്പിന്റെ കാറും 30 ഗ്രാം സ്വർണ്ണവും സ്പോൺസർ ചെയ്ത അലൈഡ് ഫിനാൻഷ്യൽ സർവീസസിന്റെ ജോയ് തോമസിനോടും, ബിജോ ടോമിനോടും യുക്മ നാഷണൽ കമ്മിറ്റി നന്ദി രേഖപ്പെടുത്തി.

CLICK TO FOLLOW UKMALAYALEE.COM