യുക്മ ദേശീയ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ശനിയാഴ്ച ബർമിംഗ്ഹാമിൽ – UKMALAYALEE

യുക്മ ദേശീയ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും ശനിയാഴ്ച ബർമിംഗ്ഹാമിൽ

Thursday 7 March 2019 5:12 AM UTC

സജീഷ് ടോം (യുക്മ പി ആർ ഒ )

LONDON March 7: യുക്മയുടെ ഏഴാമത് ഭരണസമിതിയെ തെരഞ്ഞെടുക്കുന്നതിനുള്ള ദേശീയ പൊതുയോഗം മാർച്ച് ഒൻപത് ശനിയാഴ്ച നടക്കുന്നു. യുക്മയുടെ അംഗ അസോസിയേഷനുകളിൽ, മുൻകൂട്ടി അറിയിച്ചപ്രകാരം നിശ്ചിത സമയത്തിനുള്ളിൽ യുക്മ പ്രതിനിധി ലിസ്റ്റ് സമർപ്പിച്ച നൂറ്റിഒന്ന് അസോസിയേഷനുകൾക്ക് ആയിരിക്കും, രണ്ടുവർഷം കൂടുമ്പോൾ നടക്കുന്ന ഈ ജനാധിപത്യ പ്രക്രിയയിൽ ഇത്തവണ പങ്കെടുക്കുവാൻ അവസരം ലഭിക്കുന്നത്.

ബർമിംഗ്ഹാം സെന്റ് എഡ്മണ്ട് കാംപിയൻ കാത്തലിക് സ്കൂളിൽ രാവിലെ പത്തുമണിക്ക് നിലവിലുള്ള ഭരണസമിതിയുടെ അവസാന ദേശീയ നിർവാഹകസമിതി യോഗം പ്രസിഡന്റ് മാമ്മൻ ഫിലിപ്പിന്റെ അധ്യക്ഷതയിൽ ചേരും. ഉച്ചക്ക് പന്ത്രണ്ട് മണിമുതൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും യുക്മ പ്രതിനിധികൾ ബർമിംഗ്ഹാമിലേക്ക് എത്തിത്തുടങ്ങും.

ഉച്ചഭക്ഷണത്തിന് ശേഷം കൃത്യം ഒരുമണിക്ക് വാർഷിക പൊതുയോഗം ആരംഭിക്കും. ഭരണഘടനാ പ്രകാരമുള്ള നടപടികൾ പൂർത്തിയാക്കി നാല് മണിക്ക് മുൻപായി വാർഷിക പൊതുയോഗം അവസാനിപ്പിക്കുന്ന വിധമാണ് കാര്യപരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്. തുടർന്ന് അടുത്ത രണ്ടു വർഷത്തേക്കുള്ള യുക്മ ദേശീയ സാരഥികളുടെ തെരഞ്ഞെടുപ്പ് നടക്കും.

യു കെ യിലെ പ്രാദേശീക മലയാളി അസോസിയേഷനുകളുടെ ദേശീയ സംഘടനയായ യുക്മ രൂപംകൊണ്ടതിന്റെ ദശാബ്‌ദി ആഘോഷങ്ങൾക്കിടയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് എന്നനിലയിൽ 2019 ലെ ദേശീയ തെരഞ്ഞെടുപ്പ് തീർച്ചയായും ശ്രദ്ധേയമാകുന്നു.

രാജ്യത്തിന്റെ എട്ട് മേഖലകളിൽനിന്നായി മുന്നൂറോളം പ്രതിനിധികൾ തങ്ങളുടെ ദേശീയ സാരഥികളെ തെരഞ്ഞെടുക്കാൻ ശനിയാഴ്ച എത്തിച്ചേരും എന്ന് വിലയിരുത്തപ്പെടുന്നു. പൊതുയോഗ ഹാളിലേക്ക് പ്രവേശിക്കുവാൻ ഫോട്ടോ പതിച്ച ഏതെങ്കിലും തരത്തിലുള്ള യു കെ തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതേണ്ടതാണ്.

തെരഞ്ഞെടുപ്പ് പ്രക്രിയക്കിടയിലും, ചോദിക്കുന്ന പക്ഷം തിരിച്ചറിയൽ കാർഡ് സമർപ്പിക്കുവാൻ പ്രതിനിധികൾ ബാധ്യസ്ഥരാണ്.

പൊതുയോഗം നടക്കുന്ന വേദിയുടെ വിലാസം:
St.Edmund Campion Catholic, Sutton Road, Birmingham – B23 5XA

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM