യുക്മ “ആദരസന്ധ്യ 2020” ഫെബ്രുവരി ഒന്നിന് ലണ്ടനില്‍ – UKMALAYALEE

യുക്മ “ആദരസന്ധ്യ 2020” ഫെബ്രുവരി ഒന്നിന് ലണ്ടനില്‍

Monday 23 December 2019 6:20 AM UTC

സജീഷ് ടോം
(യുക്മ നാഷണൽ പി ആർ ഒ & മീഡിയ കോർഡിനേറ്റർ)

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി മലയാളി കൂട്ടായ്മയായ യൂണിയന്‍ ഓഫ് യു കെ മലയാളി അസോസിയേഷൻസിന്റെ (യുക്മ) ദേശീയ ഭരണസമിതിയുടെ നേതൃത്വത്തില്‍ ലണ്ടനില്‍ വച്ച് “യുക്മ ആദരസന്ധ്യ 2020” എന്നപേരിൽ വിപുലമായ സാംസ്ക്കാരിക സംഗമം സംഘടിപ്പിക്കുന്നു.

നോര്‍ത്ത് ലണ്ടനിലെ എന്‍ഫീല്‍ഡില്‍ വച്ച്  2020 ഫെബ്രുവരി ഒന്നാം തീയതി ശനിയാഴ്ച്ച ഒരു മുഴുദിന പരിപാടി എന്നനിലയിലാണ് പ്രോഗ്രാം വിഭാവനം ചെയ്തിരിക്കുന്നത്. യുക്മയുടെ മെഗാ സമ്മാനപദ്ധതിയായ യു-ഗ്രാന്റ് ലോട്ടറിയുടെ നറുക്കെടുപ്പും “ആദരസന്ധ്യ 2020″നോടനുബന്ധിച്ച് നടത്തപ്പെടുന്നതായിരിക്കും.

സംഗീത-നൃത്ത ഇനങ്ങള്‍ക്കൊപ്പം വൈവിധ്യമാര്‍ന്ന നിരവധി പരിപാടികളും കോര്‍ത്തിണക്കി,  യുക്മ ലണ്ടനില്‍ സംഘടിപ്പിക്കുന്ന ഏറ്റവും മനോഹരവും ആകര്‍ഷകവുമായ ഒന്നായിട്ടാവും “ആദരസന്ധ്യ 2020” നടത്തപ്പെടുന്നത്.

നിലവിലുള്ള ഭരണസമിതി അധികാരമേറ്റത് മുതല്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലം സംഘടിപ്പിക്കപ്പെട്ട എല്ലാ പരിപാടികളും ജനപങ്കാളിത്തം കൊണ്ടും സംഘാടകമികവു കൊണ്ടും  ശ്രദ്ധേയമായപ്പോൾ, ലണ്ടൻ പ്രോഗ്രാം എല്ലാറ്റിലും മികച്ചതാക്കുവാനുള്ള തയ്യാറെടുപ്പിലാണ് സംഘാടകർ.

യുക്മയുടെ യശ്ശസ്സ് ആഗോളതലത്തില്‍ ഉയര്‍ത്തിയ യുക്മ ദേശീയ കലാമേളകളുടെ ചരിത്രത്തില്‍ ആദ്യമായി കലാതിലകം-കലാപ്രതിഭ പട്ടങ്ങള്‍ ഒരേ റീജിയണില്‍ നിന്നുള്ളവര്‍ നേടിയെടുത്തുകൊണ്ട് മാഞ്ചസ്റ്ററില്‍ നടന്ന പത്താമത് ദേശീയ കലാമേള ശ്രദ്ധേയമായിരുന്നു.

എന്‍ഫീല്‍ഡ് മലയാളി അസോസിയേഷനില്‍ നിന്നുള്ള ദേവപ്രിയ ബിബിരാജ് കലാതിലകപ്പട്ടം സ്വന്തമാക്കിയപ്പോള്‍ ലൂട്ടണ്‍ കേരളൈറ്റ്സില്‍ നിന്നുള്ള ടോണി അലോഷ്യസ് കലാപ്രതിഭയായി തിളങ്ങി.

യുക്മയുടെ ഈ രണ്ടു അപൂർവ്വ താരങ്ങളെയും  ആദരിക്കുന്ന ഒരു ചടങ്ങ് ലണ്ടനില്‍ സംഘടിപ്പിക്കുമെന്ന്, യുക്മ ദേശീയ കലാമേളയുടെ അവലോകനത്തോടനുബന്ധിച്ച് പ്രസിഡന്റ് മനോജ്കുമാര്‍ പിള്ളയും ജനറല്‍ സെക്രട്ടറി അലക്സ് വര്‍ഗ്ഗീസും പ്രഖ്യാപിച്ചിരുന്നു. “ആദരസന്ധ്യ 2020” ലണ്ടനില്‍ സംഘടിപ്പിക്കപ്പെടുമ്പോൾ അത് യാഥാർഥ്യമാകുകയാണ്.

ഇവര്‍ക്കൊപ്പം ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തില്‍ നിന്നും വിവിധ മേഖലകളില്‍ നേട്ടങ്ങള്‍ കൈവരിച്ചിട്ടുള്ളതും, പ്രവാസി മലയാളികള്‍ക്കായി വിവിധ സഹായങ്ങള്‍ നല്‍കിയിട്ടുള്ളതുമായ ഏതാനും വ്യക്തികളെയും കൂടി ആദരിക്കുന്നതിന് യുക്മ ലക്ഷ്യമിടുന്നുണ്ട്.

യുക്മയുടെ അംഗ അസോസിയേഷന്‍ ഭാരവാഹികള്‍, യുക്മ പ്രതിനിധികള്‍, യുക്മയുടെ വിവിധ പോഷക സംഘടനാ ഭാരവാഹികള്‍ തുടങ്ങിയവര്‍ക്ക്, അത്തരത്തിൽ ആദരിക്കപ്പെടുന്നതിന് അര്‍ഹതയുണ്ടെന്ന് ബോധ്യമുള്ളവരുടെ വിശദവിവരങ്ങള്‍ നല്‍കാവുന്നതാണ്.

യുക്മ പ്രസിഡന്റിന്റെ അധ്യക്ഷതയിലുള്ള സബ് കമ്മറ്റി ഇത് സംബന്ധിച്ച അന്തിമമായ തീരുമാനം കൈക്കൊള്ളുന്നതായിരിക്കും. ആദരിക്കപ്പെടേണ്ടവരുടെ വിവരങ്ങള്‍ secretary.ukma@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് ഡിസംബര്‍ 30 വൈകുന്നേരം 5 മണിക്ക് മുൻപായി അയക്കേണ്ടതാണ്.

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM