യുക്മയുടെ നേതൃത്വത്തിൽ ദേശീയ യുവജന ദിനാഘോഷവും പരിശീലനക്കളരിയും ബർമിംഗ്ഹാമിൽ – UKMALAYALEE

യുക്മയുടെ നേതൃത്വത്തിൽ ദേശീയ യുവജന ദിനാഘോഷവും പരിശീലനക്കളരിയും ബർമിംഗ്ഹാമിൽ

Friday 8 November 2019 6:02 AM UTC

സുരേന്ദ്രൻ ആരക്കോട്ട്  (യുക്മ ന്യൂസ് ടീം)

LONDON Nov 8: യുവ തലമുറയുടെ ഭാവി സുരക്ഷിതമാക്കുക എന്ന ഉദ്ദേശത്തോടുകൂടി യുക്മ സംഘടിപ്പിക്കുന്ന ദേശീയ യുവജന ദിനം ബർമിംഗ്ഹാമിൽ നടക്കും.

നവംബർ 23 ശനിയാഴ്ച  വൂൾവർഹാംപ്ടണിലെ യു കെ കെ സി എ കമ്മ്യൂണിറ്റി സെന്ററിലെ പ്രത്യേകം തയ്യാറാക്കിയ വേദിയിൽ വച്ചാണ് വിദ്യാർത്ഥികൾക്കും യുവജനങ്ങൾക്കുമായുള്ള പരിശീലന കളരിയും അവാർഡ് ദാനവും സംഘടിപ്പിച്ചിരിക്കുന്നത്.

മുൻവർഷങ്ങളിൽ യുക്മ യു കെ യിലെ പല റീജിയനുകളിലായി നടത്തിയ ഇത്തരം സെമിനാറുകൾ വളരെ വിജയകരമായി മാറിയതിന്റെ പശ്ചാത്തലത്തിലാണ് ഇത്തവണ ‘ദേശീയ യുവജന ദിനം’ എന്ന പേരിൽ സംഘടിപ്പിക്കുവാൻ പ്രേരണയായത്.

സമൂഹത്തിലെ വിവിധ തുറകളിൽനിന്നുള്ളവരും, വ്യത്യസ്ത മേഖലകളിൽ ജോലി ചെയ്യുന്നവരുമായ നിരവധി പ്രമുഖ വ്യക്തികൾ വിദ്യാർത്ഥികൾക്കായി ക്ലാസ് എടുക്കുകയും അവരുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്യുന്നതാണ്.

കുട്ടികളിൽ ആത്മവിശ്വാസവും ലക്ഷ്യബോധവും വളർത്തുവാൻ സഹായകരമാവും വിധമാണ് വിവിധ സെഷനുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.

പത്താം വാർഷികം ആഘോഷിക്കുന്ന യുക്മയുടെ തൊപ്പിയിലെ മറ്റൊരു പൊൻതൂവലാകും യുവജന ദിന പരിപാടികൾ എന്നതിൽ സംശയമില്ല.

മാഞ്ചസ്റ്ററിൽ നടന്ന പത്താമത് യുക്മ ദേശീയ നാഷണൽ കലാമേളയിൽ അസോസിയേഷൻ വിഭാഗത്തിൽ ചാമ്പ്യന്മാരായ ബർമിംഗ്ഹാം സിറ്റി മലയാളി കമ്മ്യൂണിറ്റി ആയിരിക്കും ദേശീയ യുവജന ദിനത്തിന്  ആതിഥേയത്വം വഹിക്കുക.

പന്ത്രണ്ട് വയസ്സിന് മുകളിൽ പ്രായമുള്ള യു കെ മലയാളികളായ ഏതൊരു വിദ്യാർത്ഥിക്കും യുവജന പരിശീലക്കളരിയിൽ പങ്കെടുക്കാവുന്നതാണ്.

രാവിലെ പത്തുമണിമുതൽ വൈകുന്നേരം നാല് മണിവരെ ആണ് യുവജന പരിശീലക്കളരി നടക്കുന്നത്. പ്രോഗ്രാമിൽ പങ്കെടുക്കുവാൻ എത്തുന്നവർ പത്ത് പൗണ്ട് പ്രവേശന ഫീസ് നൽകേണ്ടതാണ്. ഭക്ഷണം സംഘാടകർ ക്രമീകരിക്കുന്നതായിരിക്കും.

പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവർ 9:30 ന് രജിസ്റ്റർ ചെയ്യേണ്ടതാണ്. പരിപാടിയുടെ കൂടുതൽ വിശദാംശങ്ങൾ ആവശ്യമെങ്കിൽ യുക്മ ദേശീയ ഭാരവാഹികളായ ലിറ്റി ജിജോ (07828424575), സെലിന സജീവ് (07507519459), ഡോ.ബിജു പെരിങ്ങത്തറ (07904785565) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

“യുക്മ യൂത്ത് അക്കാദമി” അവാർഡിന് അപേക്ഷകൾ ക്ഷണിക്കുന്നു

കഴിഞ്ഞ അദ്ധ്യായന വർഷം ജി സി എസ് ഇ, എ-ലെവൽ എന്നീ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് യുവജന ദിനാഘോഷങ്ങളോടനുബന്ധിച്ച് അവാർഡുകൾ നൽകി യുക്മ ആദരിക്കുന്നതാണ്.

ഏതൊരു യു കെ മലയാളിക്കും ഈ അവാർഡുകൾക്ക് അപേക്ഷിക്കാവുന്നതാണ്. ഇതിനായി ഉന്നതമായ മാർക്കുകൾ നേടിയ വിദ്യാർത്ഥികളോ രക്ഷിതാക്കളോ uukmayouth10@gmail.com എന്ന ഇ-മെയിൽ വിലാസത്തിലേക്ക് 2019 ലെ മാർക്ക് ലിസ്റ്റിന്റെ കോപ്പികൾ അയക്കേണ്ടതാണ്.

GCSE, A-Level അവാർഡുകൾക്ക് അപേക്ഷിക്കുന്നവരിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി മുൻനിരയിൽ എത്തുന്ന പത്ത് വിദ്യാർത്ഥികൾക്ക് വീതമാണ് പുരസ്‌ക്കാരങ്ങൾ നൽകുന്നത്.

അപേക്ഷയോടൊപ്പം അഡ്രസ്സും മൊബൈൽ ഫോൺ നമ്പറും ഉൾപ്പെടുത്തേണ്ടതാണ്. നവംബർ 15 വെള്ളിയാഴ്ചയാണ് അപേക്ഷകൾ അയക്കേണ്ടുന്ന അവസാന തീയതി.

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM