ബിജി അച്ചന്റെ നിര്യാണത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അനുശോചിച്ചു – UKMALAYALEE

ബിജി അച്ചന്റെ നിര്യാണത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത അനുശോചിച്ചു

Friday 8 May 2020 12:39 AM UTC

പ്രെസ്റ്റൻ May 8: ബ്രിട്ടനിലെ യാക്കോബായ സുറിയാനി സഭാ വൈദികനായിരുന്ന റവ.ഡോ. ബിജി മർക്കോസ് ചിറത്തലാട്ടിന്റെ ആകസ്മിക വിയോഗത്തിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപതാ കുടുംബം ഒന്നാകെ അനുശോചനം രേഖപ്പെടുത്തുന്നതായി രൂപതാധ്യക്ഷൻ മാർ ജോസഫ് സ്രാമ്പിക്കൽ.

ബ്രിട്ടനിൽ യാക്കോബായ സുറിയാനി സഭയുടെ ആത്മീയ പ്രസ്ഥാനങ്ങളുടെ വളർച്ചയ്ക്ക് നേതൃത്വം കൊടുത്ത് സഭാംഗങ്ങളെ നയിച്ചു വന്ന ബിജി അച്ചന്റെ നിര്യാണം യാക്കോബായ സഭയ്ക്ക് വലിയ നഷ്ടമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ആത്മീയതയിൽ അടിയുറച്ച പ്രവർത്തനങ്ങളുമായി മുന്നേറുന്ന അവസരത്തിലാണ് ഏവർക്കും പ്രിയങ്കരനായിരുന്ന അച്ചൻ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ടത്.

സെന്റ് തോമസ് യാക്കോബായ ചർച്ച് റോംഫോർഡ്, ലണ്ടൻ, സെന്റ് ജോർജ് യാക്കോബായ ചർച്ച് ബിർമിംഗ്ഹാം, സെന്റ് ജോർജ് യാക്കോബായ ചർച്ച് പൂൾ എന്നിവയുടെ വികാരിയായി സേവനമനുഷ്ഠിച്ച് വരികയായിരുന്ന ബിജി അച്ചൻ വർത്തിങ് ഹോസ്പിറ്റലിലെ ചാപ്ലയിൻ കൂടിയായിരുന്നു.

കോട്ടയം ജില്ലയിൽ വാകത്താനം സ്വദേശിയായ ബിജി അച്ചൻ ഓസ്ട്രിയയിലെ വിയന്നയിൽ സേവനമനുഷ്ഠിച്ച ശേഷമാണ് കുടുംബസമേതം യു.കെയിൽ എത്തി സഭയുടെ ആത്മീയനേതൃത്വം ഏറ്റെടുത്തത്.

ഈ മഹാമാരിയുടെ ആരംഭം മുതൽ രോഗവുമായി മല്ലിടുന്ന സഭാമക്കളുടെ ആത്മീയവും മാനസികവും ശാരീരികവുമായ മേഖലകളിൽ അതീവശ്രദ്ധ പുലർത്തി പ്രവർത്തിച്ചു പോന്നിരുന്ന ബിജിയച്ചന്റെ സേവനങ്ങൾ എക്കാലവും സ്മരിക്കപ്പെടും.

അച്ഛന്റെ വിയോഗത്തിൽ അതീവദുഃഖിതയായിരിക്കുന്ന ജീവിതപങ്കാളി ബിന്ദുവിന്റെയും മക്കളായ സബിത, ലസിത, ബേസിൽ എന്നിവരുടെയും വേദനയിൽ ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഒന്നായി പങ്കു ചേരുകയും അച്ചന്റെ ആത്മശാന്തിക്കായി പ്രാർഥിക്കുകയും ചെയ്യുന്നതായി അഭിവന്ദ്യ മാർ ജോസഫ് സ്രാമ്പിക്കൽ തന്റെ അനുശോചന സന്ദേശത്തിൽ അറിയിച്ചു.

ഫാ. ടോമി എടാട്ട് പിആർഒ, ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM