ജോലിസംബന്ധമായ പ്രശ്നങ്ങളിലെ പൊതു ഉപദേശങ്ങൾക്ക് പ്രൊഫഷണൽ അഡ്വൈസ് സെൽ രൂപീകരിച്ച് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ – UKMALAYALEE

ജോലിസംബന്ധമായ പ്രശ്നങ്ങളിലെ പൊതു ഉപദേശങ്ങൾക്ക് പ്രൊഫഷണൽ അഡ്വൈസ് സെൽ രൂപീകരിച്ച് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ

Friday 24 April 2020 1:33 AM UTC

LONDON April 24: കൊറോണ രോഗ ബാധയും ദുരന്തഫലങ്ങളും ലോക ജനതയെ ആകമാനം ആശങ്കയിലാഴ്ത്തിയിരിക്കുകയും, സാധാരണ ജീവിതത്തിന് തടയിട്ടിരിക്കുകയും ചെയ്യുന്ന ഇപ്പോഴത്തെ സാഹചര്യത്തിൽ ഇതോടനുബന്ധിച്ച് പുതിയ വിവാദങ്ങളും ഉയർന്നുവരികയാണ്.

യു കെ യിൽ NHS ഹോസ്പിറ്റലുകളിൽ ഇന്നലെവരെയുള്ള കണക്കനുസരിച്ച് പതിനേഴായിരത്തിനു മുകളിൽ ആൾക്കാർ മരിക്കുകയും, അത്രയും തന്നെ പേർ ചികിത്സയിലിരിക്കുകയും ചെയ്യുന്നതായാണ് ഗവണ്മെന്റ് വൃത്തങ്ങൾ  വ്യക്തമാക്കുന്നത്.

യു കെ യിലെ പ്രമുഖ മാദ്ധ്യമങ്ങളായ സ്കൈ ന്യൂസ്, ഗാർഡിയൻ, ദി ടെലിഗ്രാഫ്, ഡെയ്‌ലി മെയിൽ എന്നിവരുടെ വാർത്താവിശകലനങ്ങളിൽ വ്യക്തമാകുന്നത് യു കെയിലെ കോവിഡ് ബാധിതരുടെ  എണ്ണത്തിലും മരണസംഖ്യയിലും,  വെളുത്ത വംശക്കാരെക്കാൾ കൂടുതലായി വംശീയ ന്യൂനപക്ഷങ്ങളാണ് ഇരയായിരിക്കുന്നത് എന്നാണ്.

യു കെ യിൽ കോവിഡ് രോഗബാധ കാരണം മരണമടഞ്ഞ ആദ്യ പത്തു ഡോക്ടർമാരും ഏഷ്യൻ-ആഫ്രിക്കൻ വംശജരായ വംശീയ ന്യൂനപക്ഷണങ്ങളായിരുന്നു എന്നതും, രോഗബാധയേറ്റ നേഴ്സുമാരും മറ്റ്   ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവരും ആനുപാതികമായി വെളുത്ത വംശജരെക്കാൾ കൂടുതലാണ് എന്നതും ബ്രിട്ടീഷ് മെഡിക്കൽ അസോസിയേഷന്റെയും, പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് , NHS എന്നിവരുടെയും അന്വേഷണത്തിന് കാരണമായിരിക്കുകയാണ്.

അതോടൊപ്പം തന്നെ ബ്ലാക്ക് ആൻറ് ഏഷ്യൻ എത്നിക് മെനോറിറ്റിയെ (BAME) പ്രതിനിധാനം ചെയ്യുന്ന ആക്ടിവിസ്റ്റുകൾ യു കെ ഹോസ്പിറ്റലുകളിൽ ന്യൂനപക്ഷവംശജരായ സ്റ്റാഫിനെ താരതമ്യേന അപകടകരമായ ജോലികൾക്ക് നിർബന്ധപൂർവം അയക്കുന്നതായി ആക്ഷേപമുയർത്തിയിട്ടുമുണ്ട്.

പതിനായിരക്കണക്കിന് മലയാളികൾക്ക് തുല്യ അവകാശങ്ങളോടെയും, തുല്യ നീതിയോടെയും ജോലിയും, ജോലിയിലെ ഉയർച്ചാസാദ്ധ്യതകളും നൽകുന്ന നാഷണൽ ഹെൽത്ത് സർവീസിനെപ്പറ്റിയുള്ള അസമത്വ ആക്ഷേപം ഒറ്റപ്പെട്ട നിരീക്ഷണങ്ങളായിരിക്കുമെങ്കിലും യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ‘ഫൈറ്റ് എഗൈൻസ്റ്റ് കോവിഡ് 19 ‘ പ്രോജക്ടിന്റെ ഭാഗമായി ഏർപ്പെടുത്തിയിരിക്കുന്ന 02070626688 എന്ന ഹെൽപ്പ്ലൈൻ നമ്പറിലേക്ക് വരുന്ന നിരവധി കോളുകളും ജോലി സംബന്ധമായ പ്രശ്നങ്ങളും സംശയങ്ങളും ഉൾക്കൊള്ളുന്നതാണ്.

കോവിഡ് ബാധ സ്ഥിരീകരിച്ച നേഴ്സിനോട് രോഗം മാറിയോ എന്ന് പരിശോധിക്കാതെ പനി മാറിയെങ്കിൽ ജോലിക്ക് വരാൻ ആവശ്യപ്പെട്ടതും, ക്യാൻസറിന് ചികിത്സയിലുള്ള ഹൈ റിസ്ക് വിഭാഗത്തിൽ പെടുന്ന ഭാര്യയേയും, 8 വയസ്സുള്ള കുഞ്ഞിനേയും തനിച്ചാക്കി ഹോസ്പിറ്റൽ അക്കൊമഡേഷനിൽ താമസിച്ച് ജോലി ചെയ്യാൻ ഭർത്താവിനോട് ആവശ്യപ്പെട്ടതും, കോവിഡ് രോഗബാധയുടെ ലക്ഷണങ്ങളെ തുടർന്ന് ഹോസ്പിറ്റലിൽ അറിയിച്ചപ്പോൾ പുതുതായി വന്ന നേഴ്‌സുമാരോട് അവരുടെ ആരോഗ്യസ്ഥിതി പോലും കണക്കിലെടുക്കാതെ, പബ്ലിക് ട്രാൻസ്‌പോർട്ട് ഉപയോഗിക്കരുത് എന്ന താക്കീതോടെ നടന്ന് ആശുപത്രിയിൽ എത്തി ടെസ്റ്റിന് വിധേരാകാൻ ആവശ്യപ്പെട്ടതും ഒക്കെ ഒറ്റപ്പെട്ട സംഭവങ്ങളായിരിക്കാം.

എങ്കിലും, പരിചയക്കുറവോ, ജോലിസ്ഥലത്തെ അവകാശങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മയോ, ഭീതിയോ പലതരത്തിലും ചൂഷണം ചെയ്യപ്പെടുന്നു എന്നത് വ്യക്തമാക്കുകയാണ്.

ജോലി സ്ഥലത്ത് ഇപ്രകാരം ഒരു അസമത്വം നിലനിൽക്കുന്നു എങ്കിൽ അതിനെ എങ്ങിനെ കുറയ്ക്കുകയോ ഒഴിവാക്കുകയോ ചെയ്യാം എന്നതിനെക്കുറിച്ച് ഉത്തരവാദിത്തപ്പെട്ട ഒരു സംഘടന എന്ന നിലക്ക് യുണൈറ്റഡ് മലയാളി ഓർഗനൈസേഷൻ ഉണർവ് ടെലിമെഡിസിൻ എന്ന വെബ് പ്ലാറ്റ്‌ഫോമിന്റെ സഹായത്തോടെ ക്ലിനിക്കൽ, ലീഗൽ, പ്രൊഫഷണൽ വോളന്റിയർമാരുടെ വീഡിയോ കോൺഫറൻസിലൂടെ കാര്യങ്ങൾ ചർച്ച ചെയ്തു.

പബ്ലിക്ക് ഹെൽത്ത് ഇംഗ്ലണ്ടും, നാഷണൽ ഹെൽത്ത് സർവീസും വ്യക്തമായ മാർഗ്ഗരേഖകൾ ഇക്കാര്യത്തിൽ പുറപ്പെടുവിച്ചിട്ടുണ്ട് എന്ന് സീനിയർ നേഴ്‌സുമാരുടെ പാനൽ വ്യക്തമാക്കി.

കൂടാതെ കൊറോണ ബാധ കാരണം ആരോഗ്യപ്രവർത്തകരുടെ ക്ഷാമം ഉണ്ടെങ്കിലും, യുകെയിലെ എല്ലാ ഹോസ്പിറ്റലുകളിലും ഇപ്രകാരമുള്ള അസമത്വം നിലവിലില്ല എന്നും, എന്നാൽ ചിലയിടങ്ങളിൽ ചൂഷണം നടക്കുന്നുണ്ട് എന്നും വിലയിരുത്തി.

കൂടുതലായും ഫോൺ കോളുകളിലൂടെയാണ് ജോലിക്ക് ചെല്ലാൻ നിർബ്ബന്ധിക്കുന്നത് എന്നും, ഇമെയിൽ പോലുള്ള രേഖാപരമായ മാർഗ്ഗങ്ങൾ അവലംബിക്കുന്നില്ല എന്നതും ചർച്ചയായി. പുതുതായി വന്നിരിക്കുന്ന നേഴ്സുമാരും, ബാൻഡ് 5-6 നേഴ്സുമാരുമാണ് കൂടുതലായും ഇപ്രകാരമുള്ള നിർബന്ധങ്ങൾക്ക് ഇരയാകുന്നത് എന്നതും ശ്രദ്ധിക്കപ്പെട്ടു.

ഇപ്രകാരം വിഷമവൃത്തത്തിലാകുന്നവരെ സഹായിക്കാനായി  ക്ലിനിക്കൽ, ലീഗൽ, പ്രൊഫഷണൽ വോളണ്ടിയർമാരെ കൂട്ടിച്ചേർത്ത്  യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഹെൽപ്പ്ലൈൻ കൂടുതൽ കാര്യക്ഷമമാക്കി.

കൊറോണ രോഗബാധ മൂലമുള്ള കടുത്ത തിരക്കും, ജോലിക്കാരുടെ ക്ഷാമവും മൂലം വിഷമവൃത്തത്തിലായിരിക്കുന്ന നാഷണൽ ഹെൽത്ത് സർവീസിനെ പരിരക്ഷിക്കുന്നതോടൊപ്പം നമ്മളോരോരുത്തരുടെയും സുരക്ഷയും പ്രധാനമാണ്.

ആതുരസേവനരംഗത്ത് അന്താരാഷ്‌ട്ര പ്രസിദ്ധിയുള്ള മലയാളി സേവനമനഃസ്ഥിതി തുടരുക. എന്നാൽ ജോലിസംബന്ധമായ കാര്യങ്ങളിൽ ഉള്ള സംശയങ്ങൾക്ക് കാര്യക്ഷമമായ ഉപദേശങ്ങൾക്കും, ആരോഗ്യപരമായ പൊതു ഉപദേശങ്ങൾക്കോ അന്യസമ്പർക്കമില്ലാതെ ജീവിക്കേണ്ടിവന്നിരിക്കുന്ന അവസ്ഥയിൽ വേണ്ടിവരുന്ന ചെറിയ സഹായങ്ങൾക്കോ യുണൈറ്റഡ് മലയാളി ഓർഗനൈസേഷന്റെ ഫൈറ്റ് എഗൈൻസ്റ്റ് കോവിഡ് 19 ഹെൽപ്പ്ലൈൻ നമ്പറിൽ ബന്ധപ്പെടുക.

ഹെൽപ്പ്ലൈൻ നമ്പർ 02070626688

CLICK TO FOLLOW UKMALAYALEE.COM