ചാൾസ് ഡിക്കൻസിൻെറ നാട്ടിലെത്തിയ മലയാളികൾ പ്രവാസ സാഹിത്യ ലോകത്തെ Great Expectations ആയി മാറുമ്പോൾ – UKMALAYALEE
foto

ചാൾസ് ഡിക്കൻസിൻെറ നാട്ടിലെത്തിയ മലയാളികൾ പ്രവാസ സാഹിത്യ ലോകത്തെ Great Expectations ആയി മാറുമ്പോൾ

Monday 5 December 2022 7:00 AM UTC

മാത്യു ജേക്കബ്ബ് പുളിക്കത്തൊട്ടിയിൽ

ഇംഗ്ലണ്ടിൻ്റെ ഉദ്യാനനഗരിയെന്നറിയപ്പെടുന്ന കെൻ്റിലെ മെഡ്വേയിൽ വച്ചാണ് ആംഗലേയ സാഹിത്യത്തിലെ അഗ്രഗണ്യരിൽ ഒരാളായ ചാൾസ് ഡിക്കൻസ് തൻ്റെ വിഖ്യാത ക്യതികൾക്കു വേണ്ടി തൂലിക ചലിപ്പിച്ചത്.

ലോകപ്രശസ്ത ക്യതികളായ ഒലിവർ ട്വിസ്റ്റ്, ഗ്രേറ്റ്‌ എക്സ്പെറ്റേഷൻസ്, എ ടെയിൽ ഓഫ് ടു സിറ്റീസ്, ഡേവിഡ് കോപ്പർഫീൽഡ്‌ തുടങ്ങി അനേകം ക്യതികൾ രചിയ്ക്കപ്പെട്ട മെഡ്‌വേയിത എത്തിയ മലയാളികളിൽ പലരും സാഹിത്യ മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വർഷമാണ് കടന്നു പോകുന്നത്.

കോട്ടയം ഡി സി ബുക്സിൻ്റെ സഹകരണത്തോടെ അഥീനിയം യു കെ നടത്തിയ കഥാ-കവിതാ രചനാ മത്സരങ്ങളിൽ മെഡ്‌വേയിലെ റെയിൻഹാമിൽ താമസിക്കുന്ന ലിൻസി വർക്കിയുടെ അഡ്രിയാന മികച്ച കഥയായി തെരെഞ്ഞെടുത്ത് ഒന്നാം സ്ഥാനം നേടി.

യു കെ മലയാളികൾക്കിടയിൽ സാഹിത്യവാസനകളെയും, സാഹിത്യ പ്രവർത്തനങ്ങളെയും പ്രോൽസാഹിപ്പിയ്ക്കാനായി തുടക്കം കുറിച്ച അഥീനിയം ഗ്രന്ഥശാലയുയും അഥീനിയം റെറ്റേഴ്സ് സൊസൈറ്റിയും സംയുക്തമായി സംഘടിപ്പിച്ച സാഹിത്യരചനാമത്സരത്തിൽ ചെറുകഥാ വിഭാഗത്തിൽ രണ്ടാം സ്ഥാനം നേടിയതും മെഡ് വേ മലയാളികളുടെ ആഘോഷങ്ങളിലെ സജീവ സാന്നിധ്യമായ ഹരികൃഷ്ണൻ പുത്തൻ കളത്തിലിൻ്റെ “അതിരുകൾ അലിവില്ലാത്തവരകൾ” എന്ന ചെറുകഥയാണ്. ഹരികൃഷ്ണൻ മെഡ്വേ മലയാളികൾക്കുവേണ്ടി നാടകം രചിച്ച് സംവിധാനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ഏതാനം വർഷങ്ങളായി ഈടുറ്റ ചെറുകഥകൾ രചിയ്ക്കുന്ന ലിൻസി വർക്കിയുടെ ചെറുകഥകൾ ദേശാഭിമാനി, അസീസ്സി, മംഗളം തുടങ്ങിയവ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നവസാഹിത്യകാരിൽ ശ്രദ്ധിയ്ക്കപ്പെട്ടു തുടങ്ങിയ ലിൻസി വർക്കിയെന്ന യുവസാഹിത്യകാരി സാഹിത്യ ലോകത്തെ നവനക്ഷത്രമായി തിളങ്ങാൻ തുടങ്ങിയിട്ടുണ്ട്.  “വസന്തം കടന്നു പോയി, ഇനി വരാനുള്ളത് പ്രതീക്ഷിയ്ക്കാനൊന്നുമില്ലാത്ത കാലം. അതിനു മുമ്പേ പോകണം.” ആത്മഹത്യയ്ക്കായി ഉറച്ച തീരുമാനമെടുത്ത് മരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങുമ്പോൾ ഒന്ന് പള്ളിയിൽ പോകണമെന്ന് തോന്നിയ അവിവാഹിതയായ മധ്യവയസ്ക്കയ്ക്ക് സംഭവിച്ച അത്ഭുതകരമായ കാര്യങ്ങളാണ് അഡ്രിയാന എന്ന ചെറുകഥയിലൂടെ ലിൻസി വർക്കി കോറിയിടുന്നത്.

ആസ്വാദകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുമ്പോഴും അഡ്രിയാന അടുത്തെവിടെയോ നിൽക്കുന്ന ഒരാളാണെന്ന് തോന്നിയ്ക്കുന്ന അപൂർവ്വ സുന്ദരമായ ഒരു കഥയാണ് ലിൻസി വർക്കിയുടേത്. മെഡ് വേയിലെ ഡാർലണ്ട് ഹൗസിൽ നേഴ്സായി ജോലി ചെയുന്ന കട്ടപ്പന സ്വദേശിയായ ലിൻസി വർക്കിയുടെ ഭർത്താവ് ഡാരൻ്റ് വാലി ആശുപത്രിയിലെ നേഴ്സായ റെനിവർക്കി തുരുത്തിയിലാണ്. വിവേക്, വിനയ എന്നിവരാണ് മക്കൾ.

സോഷ്യൽ വർക്കർ ആയി ജോലി ചെയ്യുന്ന ഹരി കൃഷ്ണൻ പത്തു വരഷങ്ങൾക്ക് മുമ്പെഴുതി പ്രസിദ്ധീകരണത്തിന് നൽകാതെ വച്ച കഥയാണ് “അതിരുകൾ, അതിരില്ലാത്തവരകൾ “.  ആദ്യമായി എഴുതിത്തുടങ്ങുന്നവരെ പ്രോൽസാഹിപ്പിയ്ക്കാനായി ഹരികൃഷ്ണനും സുഹൃത്തുക്കളും ചേർന്ന് ഫോർബ പബ്ലിക്കേഷൻസ് എന്ന സംരഭം നടത്തിയിരുന്നു.

കാശ്മീരിൽ നിന്നെത്തി കമ്പിളി കച്ചവടം നടത്തുന്ന ബാബയെന്ന ഇംതിയാസ് ഉൾപ്പെടെ ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കഥാപാത്രങ്ങൾ അണിനിരക്കുന്ന കഥയാണ് ഹരികൃഷ്ണനെ സമ്മാനാർഹനാക്കിയത്. ഹിമാചൽ പ്രദേശിലെ യൂണിവേഴ്സിറ്റിയിൽ Ph d യ്ക്കു വേണ്ടി ശ്രമിയ്ക്കുന്ന മലയാളി പെൺകുട്ടിയ്ക്ക് ലഭിയ്ക്കുന്ന ഒരു phone കാളിലൂടെയാണ് കഥയുടെ ഗതി മാറുന്നത്. ഈ വിദ്യാർത്ഥിനിയുടെ ആത്മസംഘർഷങ്ങൾ അനുവാചക ഹൃദയമേറ്റെടുക്കുന്ന രീതിയിലാണ് ഹരികൃഷ്ണൻ രചന നിർവ്വഹിച്ചിരിയ്ക്കുന്നത്. പയ്യന്നൂർ സ്വദേശിയായ മേഘ ഭാര്യയും അരവിന്ദ്, ദേവിക എന്നിവർ മക്കളുമാണ്.

ലിൻസിയ്ക്കും ഹരികൃഷ്ണനുമൊപ്പം പതിമൂന്ന് വയസ്സുകാരൻ കുട്ടിയും മെഡ് വേയിൽ നിന്നും ശ്രദ്ധേയനാകുന്നുണ്ട്. ആൽവിൻ റോബർട്ട് എന്ന കൊച്ചു മിടുക്കൻ കൗമാരത്തിൻ്റെ തുടക്കത്തിൽ തന്നെ മൂന്ന് പുസ്തകങ്ങളാണ് പുറത്തിറക്കിയത്.  ദ സാഡ് മില്യണയർ, ദ മിസ്റ്ററി ഓഫ് മിസ്സിംഗ് കേക്ക് എന്നീ ചെറുകഥാ സമാഹാരങ്ങളും, ദ ചെയർ എന്ന കവിതാ സമാഹാരവുമാണ് ആൽവിൻ റോബർട്ട് രചിച്ചത്. മറ്റു കുട്ടികളിൽ നിന്നും വ്യത്യസ്തനായാ വൃക്കരോഗങ്ങൾ അലട്ടിയിരുന്ന ആൽവിൻ വൃക്ക മാറ്റ ശസ്ത്രക്രിയക്ക് വിധേയനായിട്ടുണ്ട്. സ്വന്തം പിതാവായ റോബർട്ട് ചാക്കോയാണ് ആൽവിന് തൻ്റെ വൃക്ക നൽകിയത്. ഇന്നും സ്ഥിരമായി രക്ത പരിശോധനകൾക്കും, ഹോസ്പിറ്റൽ അപ്പോയൻ്റുകൾക്കുമായി സമയമേറെ ചെലവിടുന്ന ആൽവിന് അതുകൊണ്ടുതന്നെ എഴുതാനുള്ള സമയം വളരെ കുറവാണ് ലഭിയ്ക്കുന്നത്. പക്ഷെ അതൊന്നും ആൽവിൻ്റെ എഴുതാനുള്ള ആഗ്രഹത്തിന് തടസ്സമാകുന്നില്ല. സ്കൂളിലേയ്ക്കുള്ള ബസ് വരാൻ വൈകിയാൽ ബസ്സ്റ്റോപ്പിൽ നിന്നു പോലും മനസ്സിൽ തോന്നിയത് കുറിച്ചിടുന്ന ആൽവിൻ സ്കൂളിലെ വിശ്രമസമയങ്ങൾ പോലും എഴുത്തിനായി ഉപയോഗിയ്ക്കുന്നു. അവധി ദിവസങ്ങളിലാണ് ആൽ വിൻ്റെ രചനകൾ പൂർണ്ണമാവുന്നത്. റോബർട്ട് ചാക്കോയുടെയും റിൻസി റോബർട്ടിൻ്റെയും മകനാണ് ആൽവിൻ. അങ്കമാലി MLA റോജി എം ജോണിൻ്റെ സഹോദരിയാണ് റിൻസി.എഡ്വിൻറോബർട്ട്, ഹെലൻ റോബർട്ട്, മരിയ റോബർട്ട് എന്നിവർ സഹോദരങ്ങളാണ്. ആൽവിന് ആഗ്രഹമൊന്നുമാത്രം ഇനിയുമെഴുതണം ഒത്തിരിയൊത്തിരി.

മെഡ്‌വേ മലയാളികളിൽ സാഹിത്യകാരി എന്ന് നേരത്തെ തന്നെ പേരെടുത്ത ബീന റോയിയുടെ സാരമധു എന്ന നോവലും അടുത്ത കാലത്താണ് പുറത്തിറങ്ങിയത്. രണ്ട് കവിതാ സമാഹാരങ്ങളും മറ്റൊരു നോവലും ബീന റോയിയുടേതായി പുറത്തിറങ്ങിയിരുന്നു. ഒരു സ്ത്രീ സാഹിത്യകാരി എന്ന നിലയിൽ സ്ത്രീകളുടെ ദുരിതങ്ങൾക്കുനേരെയുള്ള പ്രതികരണങ്ങൾ സാരമധുവിലുണ്ട്. കഷ്ടതകളുടെടെയും, ദുഷ്ടതകളുടെയും കാർമേഘങ്ങൾക്കിടയിൽ സാന്ത്വന സംഗീതത്തിൻ്റെ പുതുമഴ പെയുന്ന അനവദ്യമായൊരു വായനാ അനുഭവമാണ് സാരമധുവിൻ്റേത്. കഥക് നർത്തകി നായികയായി എത്തുന്ന രാജസ്ഥാനിലെ ക്ഷേത്ര മണ്ഡപത്തിലെ ചിലങ്കകളുടെ നാദം വായനക്കാരൻ്റെ ഹ്യദയമിടിപ്പിൻ്റെ താളമാകുന്നുണ്ട്. ഇലകൾ എത കൊഴിഞ്ഞാലും, കൊഴിഞ്ഞ ഇലകളുടെ ഓർമ്മകൾ പോലുമവശേഷിപ്പിയ്ക്കാതെ കാറ്റവയെ എത്ര ദൂരത്തേയ്ക്ക് പറത്തിയാലും, ശിശിരത്തിനു ശേഷം ഇലകൾ പിന്നെയും തളിർക്കുന്നതു പോലെ ഇനിയും പിറക്കും ഉൽകൃഷ്ട കൃതികൾ ബീനയുടെ തൂലികയിൽ. യു കെയിലെ അറിയപ്പെടുന്ന ഗായകനായ റോയി സെബാസ്റ്റ്യനാണ് ഭർത്താവ്.

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM