ഓർമ്മകളുടെ മലർ മഞ്ചലുമായി   മാരിവില്ലിൻ തെന്മലർ  ചൊരിയുന്ന  ഒരു ശരത് കാല സന്ധ്യ ലണ്ടനിൽ അരങ്ങേറുന്നു – UKMALAYALEE

ഓർമ്മകളുടെ മലർ മഞ്ചലുമായി   മാരിവില്ലിൻ തെന്മലർ  ചൊരിയുന്ന  ഒരു ശരത് കാല സന്ധ്യ ലണ്ടനിൽ അരങ്ങേറുന്നു

Tuesday 19 November 2019 4:35 AM UTC

LONDON Nov 19: അടുത്ത ഞായറാഴ്ച്ച  നവംബർ  24 – ന് , ഈ ശരത് കാല സന്ധ്യയിൽ   മലയാള നാടക ഗാനങ്ങളുടെ എന്നുമെന്നും മധുരിക്കുന്ന   ഓർമ്മകളുടെ മലർ മഞ്ചലുമായി മാഞ്ചുവട്ടിനു പകരം ലണ്ടനിലെ കേരള ഹൌസിൽ  വീണ്ടും ഒത്ത് കൂടുകയാണ്  ‘കട്ടൻ കാപ്പിയും കവിതയും’ കൂട്ടായ്‌മ …

ഒരു കാലഘട്ടത്തിന്റെ മൂളിപ്പാട്ടുകൾ ചിറകടിച്ചുയർന്നത്  പഴയകാല നാടക സദസ്സുകളിൽ നിന്നായിരുന്നു .  ‘ക്ലാർനെറ്റും, ബുൾബുളും, ഹാർമോണിയ’വും ഒക്കെ നിറഞ്ഞു നിന്നിരുന്ന നാടക ഗാനങ്ങൾ .

അതു പിന്നീടു മലയാളിയുടെ ചുണ്ടിൽ  നിന്നും ഹൃദയത്തിലേക്കു ചേക്കേറി . പഴമയുടെ ഈറ്റില്ലങ്ങളിലേക്കൊരു തിരിച്ചുപോക്കാണ് മലയാളത്തിന്റെ എക്കാലത്തേയും  പ്രിയപ്പെട്ട നാടക ഗാനങ്ങൾ കോർത്തിണക്കിയ “മാരിവില്ലിൻ തേന്മലരെ” എന്ന പരിപാടി.

അനൗപചാരികതയുടെ ഈ സദസ്സിൽ ആർക്കും പഴയ നാടക ഗാനങ്ങൾ അവതരിപ്പിക്കാം, അവയുടെ സൗന്ദര്യത്തെ വാഴ്ത്താം …

മൂന്നു തലമുറകളായി താലോലിച്ചു  പാടുകയും കേൾക്കുകയും ചെയ്യുന്ന ‘പാവങ്ങളാണേലും ഞങ്ങളു പായസച്ചോറു തരാം , താമരക്കുമ്പിളുമായ് അമ്മാവന്‍ താഴോട്ടു പോരാമോ …’,  ‘ചെപ്പു കിലുക്കണ ചങ്ങാതീ നിന്റെ ചെപ്പു തുറന്നൊന്നു കാട്ടൂലെ …’
തുടങ്ങിയ മലയാളി മനസുകളിൽ ഗൃഹാതുര പ്രസരിപ്പിക്കുന്ന ഗാനങ്ങളുമായി ഈ പാശ്ചാത്യ നാട്ടിലെ  മലയാളികൾക്കു വേണ്ടി  വേദി ഒരുക്കുന്നത് ‘മലയാളി അസോസ്സിയേഷൻ ഓഫ് ദി യു.കെ’യുടെ ആഭിമുഖ്യത്തിലാണ് .

വേദിയുടെ  നാല് ചുമരുകൾക്കുള്ളിലും വെള്ളാരം കുന്നുകളുടെയും ചില്ലിമുളം കാടുകളുടെയും ഓർമ്മകൾ ഉണർത്തി മലയാളത്തിന്റെ പ്രിയപ്പെട്ട നാടക ഗാനങ്ങളുടെ പുനരാവിഷ്കരങ്ങൾ നമുക്ക് ആസ്വദിക്കാം.

ചക്കരപ്പന്തലില്‍ തേന്‍മഴ ചൊരിയും ചക്രവർത്തി കുമാരാ… നിൻ മനോരാജ്യത്തെ രാജകുമാരിയായി വന്നു നിൽക്കാനൊരു മോഹവുമായി  ‘യു.കെ’യിലെ  പഴയതും പുതിയതുമായ  തലമുറകൾ വീണ്ടും പാടുകയാണ് ….

താമരക്കുമ്പിളുമായ് അമ്പിളിയമ്മാവൻ  താഴോട്ടു പോരാത്ത ,   ചക്കര പന്തലും ചില്ലിമുളം കാടുകളും അന്യമായ ലണ്ടൻ നഗരത്തിൽ ലല്ലലല്ലം പാടി വരാൻ സംഗീത പ്രിയരായ ഏവർക്കും ഗൃഹാതുരതയുടെ  ഈറനണിഞ്ഞ ഒരു ശരത് കാല സന്ധ്യയിലേക്ക്  സ്വാഗതം…

Date :-     Sunday 24 November 2019 from 5.30pm.

Venue :-   KERALA HOUSE, 671 ROMFORD ROAD, MANOR PARK, LONDON E12 5AD

Leave a Reply

Your email address will not be published.

CLICK TO FOLLOW UKMALAYALEE.COM