മാനസിക സമ്മര്‍ദ്ദം അതിജീവിക്കുക: പോലീസുകാര്‍ക്ക് ‘ഉല്ലാസ അവധി’ പ്രഖ്യാപിച്ച് യതീഷ് ചന്ദ്ര – UKMALAYALEE

മാനസിക സമ്മര്‍ദ്ദം അതിജീവിക്കുക: പോലീസുകാര്‍ക്ക് ‘ഉല്ലാസ അവധി’ പ്രഖ്യാപിച്ച് യതീഷ് ചന്ദ്ര

Wednesday 6 November 2019 6:48 AM UTC

തൃശ്ശൂര്‍ Nov 6: പോലീസുകാര്‍ക്ക് ഉല്ലാസ അവധി പ്രഖ്യാപിച്ച് സിറ്റി പോലീസ് കമ്മീഷ്ണര്‍ യതീഷ് ചന്ദ്ര. മാനസിക പിരിമുറുക്കവും ഡ്യൂട്ടി ഭാരവും ഒഴിവാക്കാന്‍ ജില്ലയിലെ പോലീസുകാര്‍ക്ക് വര്‍ഷത്തിലൊരിക്കല്‍ ഇനി ഉല്ലാസദിനം.

പോലീസ് അസോസിയേഷന്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് യതീഷ് ചന്ദ്ര ഈ തീരുമാനം എടുത്തത്. സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍മാരുടെ നിര്‍ദേശത്തോടെ ഇനി കുടുംബസംഗമമായോ, വിനോദയാത്രയോ സേനാംഗങ്ങള്‍ക്ക് ഒരുമിച്ച് പോകാനാകും.

പോലീസ് സ്‌റ്റേഷനുകളിലേയും വിവിധ യൂണിറ്റുകളിലേയും പോലീസുകാര്‍ക്ക് ഇനി ഒരു ദിവസം ഒരുമിച്ച് ഒത്തുചേരാനാകും. സ്‌റ്റേഷനിലെ ദൈനംദിന ജോലികള്‍ തടസ്സപ്പെടാത്ത വിധത്തില്‍ മുന്‍കൂട്ടി അനുവാദത്തോടെയാകും ഉല്ലാസ അവധി അനുവദിക്കുക.

ഇതിനായി സിറ്റി പോലീസ് ലിമിറ്റിലെ മറ്റ് പോലീസ് സ്‌റ്റേഷനില്‍ നിന്നുള്ള പോലീസുകാരെ താത്കാലികമായി ഈ സ്‌റ്റേഷനില്‍ നിയോഗിക്കും.

ഉല്ലാസദിന അവധി കാഷ്വല്‍ ലീവായാണ് പരിഗണിക്കുക. പോലീസുകാര്‍ക്കിടയില്‍ പരസ്പര സഹകരണം വര്‍ധിപ്പിക്കുക, മാനസിക സമ്മര്‍ദ്ദം അതിജീവിക്കുക, കുടുംബാംഗങ്ങളുമായി കൂടുതല്‍ അടുത്ത് ഇടപഴകുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് ഉല്ലാസദിനം സംഘടിപ്പിക്കുന്നത്.

CLICK TO FOLLOW UKMALAYALEE.COM