പ്രവാസികള്‍ കേരളത്തിലേയ്ക്കു മടങ്ങിത്തുടങ്ങി, രൂപയുടെ മൂല്യം തകരുന്നു – UKMALAYALEE

പ്രവാസികള്‍ കേരളത്തിലേയ്ക്കു മടങ്ങിത്തുടങ്ങി, രൂപയുടെ മൂല്യം തകരുന്നു

Tuesday 24 March 2020 6:04 AM UTC

റിയാദ്‌ March 24: കോവിഡ്‌ വൈറസ്‌ വ്യാപനത്തെത്തുടര്‍ന്ന്‌ ഈ വര്‍ഷം ഗള്‍ഫ്‌, അറബ്‌ രാജ്യങ്ങളില്‍ 17 ലക്ഷത്തോളം തൊഴില്‍ നഷ്‌ടമുണ്ടാകുമെന്ന്‌ യു.എന്‍. മുന്നറിയിപ്പ്‌ നല്‍കി. തൊഴിലില്ലായ്‌മ നിരക്ക്‌ 1.2 ശതമാനം വര്‍ധിക്കും.

വൈറസ്‌ വ്യാപനത്തെക്കുറിച്ചുള്ള പരിഭ്രാന്തി സമ്പദ്‌ഘടനകളേയും വ്യാപാരങ്ങളേയും ഗുരുതരമായി ബാധിച്ചുകൊണ്ടിരിക്കെയാണ്‌ യു.എന്‍. ഇക്കണോമിക്‌ ആന്‍ഡ്‌ സോഷ്യല്‍ കമ്മിഷന്‍ ഫോര്‍ വെസ്‌റ്റേണ്‍ ഏഷ്യ (ഇ.എസ്‌.സി.ഡബ്ല്യു.എ.)യുടെ മുന്നറിയിപ്പ്‌.

പല രാജ്യങ്ങളിലും അവശ്യവസ്‌തുക്കള്‍ വില്‍ക്കുന്ന സ്‌ഥാപനങ്ങള്‍ക്ക്‌ മാത്രമാണ്‌ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്‌. അപ്രതീക്ഷിത നടപടികള്‍ സാമ്പത്തിക മാന്ദ്യത്തിലേക്ക്‌ നയിക്കുമെന്നും കോവിഡ്‌ വൈറസ്‌ ഏല്‍പ്പിക്കുന്ന സാമ്പത്തിക ആഘാതങ്ങള്‍ ഇനിയും കൃത്യമായി കണക്കാക്കാനായിട്ടില്ലെന്നും വിദഗ്‌ധര്‍ ചൂണ്ടികാണിക്കുന്നു.

2008-ല്‍ അഭിമുഖീകരിച്ച സാമ്പത്തിക പ്രതിസന്ധിയില്‍നിന്ന്‌ ഭിന്നമായി കോവിഡ്‌ പ്രതിസന്ധി എല്ലാ മേഖലകളിലും തൊഴിലിനെയാണ്‌ പ്രധാനമായും ബാധിക്കുകയെന്ന്‌ ഇ.എസ്‌.സി.ഡബ്ല്യു.എ. എക്‌സിക്യുട്ടീവ്‌ സെക്രട്ടറി റോള ദാസ്‌തി പറഞ്ഞു.

റീട്ടെയില്‍, വിദ്യാഭ്യാസം, സോഷ്യല്‍ വര്‍ക്ക്‌, കമ്മ്യൂണിക്കേഷന്‍സ്‌ തുടങ്ങിയ സേവന മേഖലകളെ കാര്യമായി ബാധിക്കുമെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി ഉംറ വിസയും പ്രവേശനവും താല്‍ക്കാലികമായി നിര്‍ത്തിവെച്ചതോടെ കോടിക്കണക്കിന്‌ രൂപയുടെ വരുമാനമാണ്‌ ഇതോടെ നിലച്ചത്‌.

ഒപ്പം തൊഴില്‍ സാഹചര്യവും. ഹോട്ടല്‍ മേഖലയുള്‍പ്പെടെ വലിയ പ്രതിസന്ധിയാണ്‌ നേരിടുന്നത്‌. കോവിഡ്‌ 19 മൂലം ഗള്‍ഫ്‌ സമ്പദ്‌ഘടനക്ക്‌ പ്രതീക്ഷിച്ചതിലും വലിയ ആഘാതം സംഭവിക്കുമെന്നാണ്‌ സാമ്പത്തിക വിദഗ്‌ധര്‍ നല്‍കുന്ന മുന്നറിയിപ്പ്‌.

അസംസ്‌കൃത എണ്ണയുടെ വില ആഗോള വിപണിയില്‍ കുത്തനെ ഇടിയുന്നത്‌ തുടരുകയാണ്‌. സൗദി അറേബ്യയുടെ ചൈനയിലേക്കുള്ള ക്രൂഡ്‌ ഓയില്‍ കയറ്റുമതി കുറഞ്ഞതുള്‍പ്പെടെ വലിയ പ്രതിസന്ധിയിലാണ്‌ വ്യവസായ രംഗവും.

അതേ സമയം മലയാളികളടക്കം പ്രവാസി ഇന്ത്യക്കാര്‍ വന്‍തോതിലുള്ള ഗള്‍ഫ്‌ രാജ്യങ്ങളില്‍ ഇന്ത്യന്‍ രൂപയുടെ മൂല്യം അനുനിമിഷം തകരുന്നതായാണ്‌ റിപ്പോര്‍ട്ടുകള്‍. കേരളത്തിലേക്ക്‌ തിരിച്ചെത്തിയ പ്രവാസികളുടെ എണ്ണം കൂടി വരികയാണ്‌.

80 ശതമാനം പ്രവാസി മലയാളികളും ഗള്‍ഫ്‌ രാജ്യങ്ങളിലേക്കാണ്‌ കുടിയേറിയിരിക്കുന്നത്‌. ഇറാനു പിന്നാലെ ഗള്‍ഫ്‌ രാജ്യങ്ങളില്‍ രോഗബാധ അനിയന്ത്രിതമായാല്‍അതിന്റെ ഏറ്റവും കനത്ത പ്രഹരത്തിന്‌ ഇന്ത്യയും കേരളവുമായിരിക്കും ഇരയാവുക.

CLICK TO FOLLOW UKMALAYALEE.COM