ദിലീപിനോടുള്ള കൂറ് വെളിപ്പെടുത്തി ഡബ്ലിയുസിസി യെ കുറ്റപ്പെടുത്തി സിദ്ദിഖ് – UKMALAYALEE

ദിലീപിനോടുള്ള കൂറ് വെളിപ്പെടുത്തി ഡബ്ലിയുസിസി യെ കുറ്റപ്പെടുത്തി സിദ്ദിഖ്

Thursday 7 November 2019 6:19 AM UTC

ആലുവ Nov 7: നടിയെ ആക്രമിച്ച കേസില്‍ പ്രതിയായ ദിലീപിനോടുള്ള കൂറ് വെളിപ്പെടുത്തി വീണ്ടും സിദ്ദിഖ്. നടി ആക്രമിക്കപ്പെട്ടശേഷം അറസ്റ്റിലായ നടന്റെ പേര് നാലുമാസം കഴിഞ്ഞാണ് നടി പറഞ്ഞതെന്ന് സിദ്ദിഖ് പറഞ്ഞു.

ഇതിനുപിന്നില്‍ ദുരൂഹതയുണ്ട്. നടന്‍ കുറ്റവാളിയാണെന്ന് കോടതി പറയുകയാണെങ്കില്‍ മാത്രം ആ രീതിയില്‍ കണ്ടാല്‍ മതിയെന്നും സിദ്ദിഖ് പറഞ്ഞു .

നടിക്കൊപ്പം നില്‍ക്കുന്നില്ലെന്ന് പറയുന്നത് ജനങ്ങളുടെ തോന്നലാണ്. അക്രമമുണ്ടായെന്ന് അറിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍തന്നെ സംഘടനയുടെ ഭാരവാഹിയെന്ന നിലയിലും സഹപ്രവര്‍ത്തകനെന്ന നിലയിലും മുഖ്യമന്ത്രിയെയും ഡി.ജി.പി.യെയും നേരില്‍ക്കണ്ട് സംസാരിച്ചു.

തുടര്‍ന്നാണ് മൂന്നുദിവസത്തിനകം പ്രതികളെ പിടികൂടിയത്. നടി ഇവരെ തിരിച്ചറിയല്‍ പരേഡില്‍ തിരിച്ചറിയുകയും ചെയ്തിരുന്നു. നടിക്കൊപ്പമാണ് എല്ലാവരും നിലനില്‍ക്കുന്നതെന്നും സിദ്ദിഖ് പറഞ്ഞു.

നടി ആക്രമിക്കപ്പെട്ടശേഷം രൂപീകൃതമായ ഡബ്ലിയുസിസിക്കെതിരെയും സിദ്ദിഖ് ആഞ്ഞടിച്ചു. ഡബ്ലിയുസിസി നടിക്കായി ഒരുസഹായവും ചെയ്തിട്ടില്ല. സാമൂഹികമാധ്യമത്തില്‍ എന്തെങ്കിലും എഴുതിപ്പിടിപ്പിക്കുകയാണ് ചെയ്യുന്നത്.

ജനം അത് വിശ്വസിച്ചു. നടിക്കുവേണ്ടി നില്‍ക്കുന്നുവെന്ന് അവകാശപ്പെടുന്നവര്‍ ചാനല്‍ ചര്‍ച്ചകളില്‍ മാത്രമേ രംഗത്ത് വരൂ. അവര്‍ക്കൊരു ആശ്വാസമായിക്കൊള്ളട്ടെയെന്ന് കരുതി സംസാരിക്കുന്നതാണെന്ന് ചിലര്‍ പറഞ്ഞിട്ടുണ്ട്.

സ്വന്തം പ്രശസ്തിക്കുവേണ്ടിയും ചാനല്‍ ചര്‍ച്ചയില്‍ പലരും വിഡ്ഢിത്തം പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അറസ്റ്റിനു മുമ്പ് ദിലീപിനെയും നാദിര്‍ഷയെയും ആലുവ പോലീസ് ക്ലബില്‍ 13 മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യല്‍ നടക്കവേ രാത്രി അവിടേയ്ക്കു എത്തി ദിലീപിനോടുള്ള വിധേയത്വം പ്രകടിപ്പിച്ച ആളാണ് സിദ്ദിഖ്.

മാത്രമല്ല, പ്രതി പള്‍സര്‍ സുനിയാണെന്നും അയാള്‍ കുറ്റം സമ്മതിച്ചിട്ടുണ്ടെന്നും മാധ്യമങ്ങളുലൂടെ സിദ്ദിഖ് പറയുകയും ചെയ്തിട്ടുണ്ട്.

CLICK TO FOLLOW UKMALAYALEE.COM