15-Aug-2018

മാണിക്കെതിരായ കേസുകള്‍: തെളിവുണ്ടെന്നു പറഞ്ഞിട്ടും അന്വേഷണം അവസാനിപ്പിക്കാന്‍ നീക്കം

കൊച്ചി Feb 12: ബാര്‍കോഴ അടക്കമുള്ള കേസുകളില്‍ മുന്‍മന്ത്രി കെ.എം. മാണിക്കെതിരേ തെളിവുണ്ടെന്നു നിയമോപദേശം കൊടുത്തിട്ടും അന്വേഷണം അവസാനിപ്പിക്കാനാണു നീക്കമെന്ന്‌ സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍.
 
കെ.എം. മാണിക്കെതിരേയുള്ള ബാര്‍കോഴ, ബാറ്ററി, കോഴി നികുതിയിളവ്‌ കേസുകളില്‍ വാദിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കെ.പി. സതീശനാണു വിജിലന്‍സിനെതിരേ രൂക്ഷ ആരോപണവുമായി രംഗത്ത്‌ എത്തിയത്‌.
 
മാണിക്കെതിരായ അഴിമതിക്കേസുകളില്‍ വിജിലന്‍സ്‌ മെല്ലെപോക്കു നയമാണു തുടരുന്നത്‌. ബാറ്ററി കേസില്‍ കെ.എം. മാണിയെ പ്രോസിക്യൂട്ട്‌ ചെയ്യണമെന്നായിരുന്നു തന്റെ ശിപാര്‍ശ.
 
എന്നാല്‍ കേസ്‌ അവസാനിപ്പിച്ചെന്നാണു മാധ്യമങ്ങളിലൂടെ പിന്നീട്‌ അറിയാന്‍ കഴിഞ്ഞത്‌. ബാര്‍കോഴ കേസില്‍ നിലവിലെ അന്വേഷണ ഉദ്യോഗസ്‌ഥനാരെന്നുപോലും അറിയില്ല. കാര്യങ്ങള്‍ ഒന്നുംതന്നെ സുതാര്യമായല്ല നീങ്ങുന്നത്‌.
 
കോഴി നികുതിയിളവ്‌ കേസില്‍ സ്‌പെഷല്‍ പ്രോസിക്യൂട്ടറായതന്നെ അന്വേഷണ ഉദ്യോഗസ്‌ഥന്‍ വന്നു കണ്ടിട്ടേയില്ല.
 
വിജിലന്‍സിലുള്ള സാധാരണ ജനങ്ങളുടെ വിശ്വാസമാണു ഇതിലൂടെ നഷ്‌ടപ്പെടുന്നതെന്നും മുന്‍ സി.ബി.ഐ. സ്‌പെഷല്‍ പ്രോസിക്യൂട്ടര്‍ കൂടിയായ കെ.പി. സതീശന്‍ വാര്‍ത്താചാനലിനോടു വെളിപ്പെടുത്തി.
 
കേസിന്റെ ഒരു വിശദാംശങ്ങളും തനിക്കറിയില്ലെന്നും സതീശന്‍ പറയുന്നു. സതീശന്റ ആരോപണം വിജിലന്‍സിനെ കുടുക്കിലാക്കിയിരിക്കുകയാണ്‌.
 
മാണിയെ എല്‍.ഡി.എഫില്‍ എത്തിക്കാന്‍ സി.പി.എമ്മില്‍ ഒരുവിഭാഗം നീക്കം നടത്തിയിരുന്നു. ഇതിന്റെ ഭാഗമായി മാണിയുടെ പേരിലുള്ള കേസുകള്‍ മെല്ലെപ്പോക്കാണെന്നാണ്‌ ഉയരുന്ന ആരോപണം.


Other stories from this section