18-Jul-2018

'വിമാനം' സൗജന്യമായി പ്രദര്‍ശിപ്പിച്ചതിനെതിരേ ഒരു കൂട്ടം നിര്‍മ്മാതാക്കളും വിതരണക്കാരും

കൊച്ചി: വിവാദം വ്യവസായമാക്കിയ മലയാളസിനിമയില്‍ സൗജന്യപ്രദര്‍ശനവും വിവാദത്തില്‍.
 
പൃഥ്വിരാജ് നായകനായ ''വിമാനം'' എന്ന സിനിമ ക്രിസ്മസ് ദിനത്തില്‍ സൗജന്യമായി പ്രദര്‍ശിപ്പിച്ചതാണ് ഏറ്റവും ഒടുവിലത്തെ ചേരിതിരിവിനു കാരണം.
 
മമ്മൂട്ടി നായകനായ കസബയിലെ സ്ത്രീവിരുദ്ധ പരാമര്‍ശങ്ങളെ എതിര്‍ത്തതിന്റെ പേരില്‍ നടി പാര്‍വതിക്കെതിരേ സാമൂഹികമാധ്യമങ്ങളിലൂടെസൂപ്പര്‍താരത്തിന്റെ ആരാധകരും സിനിമാപ്രവര്‍ത്തകരും നടത്തിയ ആക്രമണത്തിന്റെ അലയൊലി അടങ്ങുംമുമ്പാണ് വിമാനത്തിലെ ''സൗജന്യയാത്രയും'' വിവാദച്ചിറകിലായത്.
 
നടിയെ ആക്രമിച്ച കേസില്‍ നടന്‍ ദിലീപ് അറസ്റ്റിലായതുമുതല്‍ മലയാളസിനിമാപ്രവര്‍ത്തകര്‍ക്കിടയില്‍ പരസ്യമായ ചേരിപ്പോര് കൂടുതല്‍ ശക്തമാവുകയാണ്.
 
തൊടുപുഴ സ്വദേശി സജി തോമസ് എന്ന ഭിന്നശേഷിക്കാരന്‍ സ്വന്തമായി വിമാനം നിര്‍മിച്ച് പറത്തിയതാണു വിമാനം സിനിമയുടെ പ്രമേയം.
 
ലിസ്റ്റിന്‍ സ്റ്റീഫന്‍ നിര്‍മിച്ച സിനിമ സംവിധാനം ചെയ്തത് പ്രദീപ് എം. നായരാണ്. ചിത്രത്തിന്റെ ഒരു ഷോയെങ്കിലും തൊടുപുഴക്കാര്‍ക്കായി സൗജന്യമായി പ്രദര്‍ശിപ്പിക്കണമെന്ന സജിയുടെ ആവശ്യത്തെത്തുടര്‍ന്നാണ് കേരളത്തിലെ മുഴുവന്‍ തിയറ്ററുകളിലും ക്രിസ്മസ് ദിനത്തിലെ രണ്ടു ഷോ സൗജന്യമായി പ്രദര്‍ശിപ്പിക്കാന്‍ നിര്‍മാതാവ് തീരുമാനിച്ചതെന്നു പ്രദീപ് 'മംഗള'ത്തോടു പറഞ്ഞു.
 
സിനിമയുടെ തൊട്ടടുത്ത രണ്ടു പ്രദര്‍ശനങ്ങളുടെ വരുമാനം സജിക്കു നല്‍കാനുമായിരുന്നു തീരുമാനം. എന്നാല്‍ മലയാള സിനിമ കടുത്ത പ്രതിസന്ധിയിലൂടെ കടന്നുപോകുന്നതിനിടെയുള്ള സൗജന്യപ്രദര്‍ശനത്തെ എതിര്‍ത്തു ചിലനിര്‍മാതാക്കളും വിതരണക്കാരും രംഗത്തു വന്നതാണ് വിവാദത്തിനുകാരണം.
 
മലയാളസിനിമയുടെ ചരിത്രത്തിലാദ്യമായിട്ടാണ് ഇത്തരമൊരു നടപടിയെന്നും ഇത് അംഗീകരിക്കാന്‍ കഴിയില്ലെന്നും നിര്‍മാതാവും വിതരണക്കാരനും തിയറ്റര്‍ ഉടമയുമായ ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു.
 
സൗജന്യമായി സിനിമ കാണിക്കാനിറങ്ങിയാല്‍ അതു മറ്റു നിര്‍മാതാക്കളെയും മൊത്തത്തില്‍ സിനിമ വ്യവസായത്തേയും ബാധിക്കുമെന്നും ലിബര്‍ട്ടി ബഷീര്‍ പറഞ്ഞു. 
 
സിനിമ കാശുകൊടുത്തു കാണേണ്ടതാണ്, സൗജന്യ പ്രദര്‍ശനം സിനിമയ്ക്ക് ദോഷകരമായേ ബാധിക്കൂ,
 
സിനിമയുടെ മൂല്യത്തെത്തന്നെ സൗജന്യപ്രദര്‍ശനം വെല്ലുവിളിക്കുകയാണെന്നും സംവിധായകന്‍ െബെജു കൊട്ടാരക്കര പറഞ്ഞു.
 
എന്നാല്‍, സിനിമയെ സംബന്ധിച്ചുള്ള ഏതുതീരുമാനമെടുക്കാനും പണം മുടക്കുന്ന നിര്‍മാതാവിന് സ്വാതന്ത്ര്യമുണ്ടെന്നും സിനിമ സൗജന്യമായി പ്രദര്‍ശിപ്പിക്കാനുള്ള തീരുമാനത്തില്‍ അപാകതയില്ലെന്നും സംവിധായകന്‍ ഡോ. ബിജു പറഞ്ഞു.
 
നിര്‍മാതാവിന്റെ താല്‍പര്യപ്രകാരം സിനിമ എങ്ങനെവേണമെങ്കിലും പ്രദര്‍ശിപ്പിക്കാം, എന്നാല്‍ ലിസ്റ്റിനെപ്പോലെ പണമുള്ള നിര്‍മാതാക്കള്‍ക്കേ സൗജന്യമായി പ്രദര്‍ശിപ്പിക്കാനാവൂയെന്നു നിര്‍മാതാവ് ആല്‍വിന്‍ ആന്റണി പറഞ്ഞു.
 
ഈ പ്രവണത സിനിമയെ തകര്‍ക്കുകയുള്ളൂവെന്ന് സംവിധായകന്‍ വിനോദ് മങ്കര പറഞ്ഞു. സൗജന്യമായി കാണിക്കാനാണെങ്കില്‍ ഫെസ്റ്റിവലില്‍ കാണിച്ചാല്‍ മതി. സിനിമാ വ്യവസായത്തെ തകര്‍ക്കാനുള്ള പുതിയ സംവിധാനമാണിത്.
 
എല്ലാ നിര്‍മാതാക്കളും കോടീശ്വരന്‍മാരല്ല. ചെറിയ നിര്‍മാതാക്കള്‍ക്ക് വലിയ പ്രശ്‌നങ്ങള്‍ ഈ സൗജന്യ പ്രദര്‍ശനം സൃഷ്ടിക്കുമെന്നും വിനോദ് മങ്കര പറഞ്ഞു. എന്നാല്‍ സിനിമ നിര്‍മിച്ച വ്യക്തിക്ക് അത് എങ്ങനെവേണമെങ്കിലും പ്രദര്‍ശിപ്പിക്കാന്‍ സ്വാതന്ത്ര്യമുണ്ടെന്നു പ്രദീപ് പറഞ്ഞു.
 
സിനിമ കാണാത്ത കൂടുതല്‍പേരെ സിനിമയിലേക്ക് ആകര്‍ഷിക്കാനാണ് സൗജന്യപ്രദര്‍ശനം ഒരുക്കിയതെന്നും വിവാദമാക്കേണ്ട കാര്യമില്ലെന്നും പ്രദീപ് പറഞ്ഞു.
 
ക്രിസ്മസിന് മലയാളത്തില്‍ അഞ്ചുസിനിമകളും തമിഴില്‍നിന്ന് ഒരു പടവുമാണ് റിലീസ് ചെയ്തത്. മമ്മൂട്ടിയുടെ മാസ്റ്റര്‍ പീസ്, ജയസൂര്യയുടെ ആട് 2, പൃഥ്വിരാജിന്റെ വിമാനം, ടോവിനോ തോമസിന്റെ മായാനദി, വിനീത് ശ്രീനിവാസന്റെ ആന അലറലോടലറല്‍, തമിഴില്‍ നിന്ന് വേെലെക്കാരന്‍ എന്നീ സിനിമകളാണ് ക്രിസ്മസിന് റിലീസ് ചെയ്തത്.
 
സിനിമാ സമരത്തിന്റെ പശ്ചാത്തലത്തില്‍ 2016 ല്‍ റിലീസ് ഇല്ലാതെയായിരുന്നു ക്രിസ്മസ് കാലം കടന്നുപോയത്.


Other stories from this section