16-Dec-2017

വെള്ളാപ്പള്ളിക്കെതിരേ നേരിട്ടുള്ള ആക്രമണത്തിനു വിരുദ്ധപക്ഷം ; കൊല്ലം എസ്.എന്‍. ട്രസ്റ്റ് ഓഫീസ് ഉപരോധിച്ചു.

കൊല്ലം Dec 5: എസ്.എന്‍.ഡി.പി. യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരേ വിരുദ്ധപക്ഷത്തിന്റെ പടയൊരുക്കം. വെള്ളാപ്പള്ളിക്കെതിരേ നേരിട്ടുള്ള 'ആക്രമണ'ത്തിനാണ് വിരുദ്ധപക്ഷം തുടക്കംകുറിച്ചിരിക്കുന്നത്. എസ്.എന്‍. ട്രസ്റ്റില്‍ ഡോണര്‍മാരുടെ സംഭാവന സ്വീകരിക്കുന്നില്ലെന്നും സംഭാവന നല്‍കാന്‍ അപേക്ഷ നല്‍കണമെന്നുമുള്ള നിബന്ധനയില്‍ പ്രതിഷേധിച്ചു വിരുദ്ധപക്ഷം കഴിഞ്ഞദിവസം കൊല്ലം എസ്.എന്‍. ട്രസ്റ്റ് ഓഫീസ് ഉപരോധിച്ചിരുന്നു.

 
സാമ്പത്തികപ്രതിസന്ധിയിലായ എസ്.എന്‍. ട്രസ്റ്റിനെ സഹായിക്കാനായി പണം സംഭാവന ചെയ്യാനെത്തിയവരോടാണ് ട്രസ്റ്റ് ഭരണഘടനാ വിരുദ്ധമായി അപേക്ഷ നല്‍കണമെന്ന വ്യവസ്ഥ മുന്നോട്ടുവച്ചത്. കൊല്ലം ശങ്കേഴ്‌സ് ആശുപത്രിയുടെ വികസനത്തിന് അഞ്ചു കോടി രൂപ കടംവാങ്ങാന്‍ എസ്.എന്‍. ട്രസ്റ്റ് തീരുമാനിച്ചിരുന്നു. 100 മുതല്‍ ഒരു ലക്ഷം രൂപ വരെയുള്ള സംഭാവനയനുസരിച്ചു വിവിധ കാറ്റഗറികളില്‍ ഡോണര്‍മാരാകും. എന്നാല്‍, ട്രസ്റ്റിനെ വെള്ളാപ്പള്ളി കുടുംബസ്വത്താക്കി മാറ്റാന്‍ 700 പേരെ ഒരു ലക്ഷം രൂപവീതം സംഭാവന നല്‍കി െലെഫ് മെമ്പര്‍മാരാക്കിയെന്ന് ആരോപിച്ചാണു വിരുദ്ധപക്ഷം ഓഫീസ് ഉപരോധിച്ചത്. നേരത്തെ ആരോപണങ്ങള്‍ ഉന്നയിച്ചും പ്രസ്താവനയിറക്കിയും പ്രതിഷേധിച്ചിരുന്നവര്‍ ആദ്യമായാണു വെള്ളാപ്പള്ളിക്കെതിരേ തുറന്ന പോരാട്ടത്തിനു തയാറായത്.
 
ഇതിനു പുറമെ വെള്ളാപ്പള്ളിയുടെ സാമ്പത്തിക തട്ടിപ്പുകള്‍ പ്രത്യേകമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടു വെള്ളാപ്പള്ളി വിരുദ്ധപക്ഷം മുഖ്യമന്ത്രിക്കു പരാതിയും നല്‍കി. ശ്രീനാരായണ സേഹാദരസംഘത്തിനുവേണ്ടി ഗോകുലം ഗോപാലനാണ് പരാതി നല്‍കിയത്. വെള്ളാപ്പള്ളിയുടെ ശതകോടികളുടെ സ്വത്തിനെക്കുറിച്ച് അന്വേഷിക്കണമെന്നാണ് ആവശ്യം. 2001-2002ല്‍ വെള്ളാപ്പള്ളി നല്‍കിയ ആദായനികുതി റിട്ടേണ്‍ അനുസരിച്ച് അദ്ദേഹത്തിന്റെ വരുമാനം രണ്ടു ലക്ഷം രൂപമാത്രമാണ്. അങ്ങനെയെങ്കില്‍ സ്വത്തുക്കള്‍ എങ്ങനെയുണ്ടായിയെന്നു കണ്ടെത്തണമെന്നാണ് അവരുടെ ആവശ്യം. െമെക്രോ ഫിനാന്‍സ് തട്ടിപ്പിനെക്കുറിച്ചും അന്വേഷിക്കണമെന്ന് അവര്‍ ആവശ്യപ്പെടുന്നു.
 
കഴിഞ്ഞ എസ്.എന്‍.ഡി.പി. യോഗം തെരഞ്ഞെടുപ്പു വേളയിലാണു വെള്ളാപ്പള്ളിക്കെതിരേയുള്ള നീക്കത്തിനു തുടക്കമിട്ടത്. കൊല്ലത്തു വെള്ളാപ്പള്ളി നടേശന്‍ നേതൃത്വം നല്‍കിയ ഔദ്യോഗിക പാനലിനെതിരേ മത്സരിച്ച എസ്.എന്‍ ട്രസ്റ്റ് സംരക്ഷണസമിതി പാനലിലെ 10 പേര്‍ അട്ടിമറി വിജയം നേടിയിരുന്നു. മൊത്തം 97 ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളെയാണ് കൊല്ലം മേഖലയില്‍നിന്നു തെരഞ്ഞെടുത്തത്. ഇവരില്‍ 10 പേരാണ് ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരേ മത്സരിച്ചു വിജയിച്ചത്. 21 വര്‍ഷത്തിനിടെ ആദ്യമായാണ് ഈ വിജയം. ഇതു വിരുദ്ധപക്ഷത്തിന്റെ നീക്കത്തിന് ആത്മവിശ്വാസം വര്‍ധിപ്പിച്ചു.
 
നിയമപോരാട്ടത്തെ തുടര്‍ന്നാണ് വിമതപക്ഷത്തിനു തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ കഴിഞ്ഞത്. വിജയിച്ചവരില്‍ ഭൂരിപക്ഷവും ഇടതുപക്ഷക്കാരായിരുന്നു. കൊല്ലം മേഖലാ തെരഞ്ഞെടുപ്പിലേറ്റ പരാജയം കാര്യമായെടുത്ത് എതിര്‍പക്ഷത്തിനോടുള്ള നിലപാടു വെള്ളാപ്പള്ളിവിഭാഗം കൂടുതല്‍ ശക്തമാക്കിയിരുന്നു.


Other stories from this section