21-Nov-2017

ബാഹുബലി കളിക്കാന്‍ ശ്രമിച്ചപ്പോള്‍ ആനയെടുത്തെറിഞ്ഞു ; കഴുത്തൊടിഞ്ഞ് യുവാവ് അത്യാസന്ന നിലയില്‍ (VIDEO)

തൊടുപുഴ Nov 14: തുമ്പിക്കയ്യിലൂടെ കയറി ആനയുടെ മസ്തകത്ത് ചവിട്ടി നില്‍ക്കുന്ന ബാഹുബലിയിലെ പ്രഭാസിനെ അനുകരിക്കാന്‍ ശ്രമിച്ചയാളെ ആനയെടുത്തെറിഞ്ഞ് കഴുത്തൊടിഞ്ഞതിനെ തുടര്‍ന്ന് അത്യാസന്ന നിലയില്‍ ആശുപത്രിയില്‍. പെരിങ്ങാശ്ശേരി സ്വദേശിയായ യുവാവിന്റെ അവധിദിന ആഘോഷമാണ് എട്ടിന്റെ പണിയായത്. കഴുത്തൊടിഞ്ഞ് കോലഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവാവ്.
 
ഫേസ്ബുക്കില്‍ ലൈവ്‌ഷോ സെറ്റ് ചെയ്തായിരുന്നു പരാക്രമം. ഞായറാഴ്ച സുഹൃത്തുക്കള്‍ക്കൊപ്പം അവധിയാഘോഷിക്കുമ്പോള്‍ വഴിയരികില്‍ ആനയെ കണ്ടായിരുന്നു യുവാവിന് ഈ ദുര്‍ബുദ്ധി ഉദിച്ചത്. സുഹൃത്തിനെ എല്ലാം വീഡിയോയില്‍ പകര്‍ത്തി സാമൂഹ്യമാധ്യമത്തില്‍ പോസ്റ്റ് ചെയ്യാന്‍ ഏല്‍പ്പിച്ചു. പിന്നീട് പനംപട്ട തിന്നു രസിക്കുന്ന ആനയ്ക്ക് വേണ്ടി ഒരു കിലോ പഴവും വാങ്ങി അരികിലേക്ക് ചെന്നു.
 
ചെന്നപാടെ പഴം ആനയുടെ വായില്‍ തിരുകി. പഴം തിന്നതിന് പിന്നാലെ പനംപട്ട കൂടി നല്‍കിയ ശേഷം യുവാവ് ആനയുടെ തുമ്പിക്കൈയ്യില്‍ തലോടി. ഉമ്മ കൊടുത്തു. ഒന്നിലേറെ തവണ ഉമ്മ കൊടുത്തു കഴിഞ്ഞപ്പോള്‍ ആന പന്തുപോലെ യുവാവിനെ തെറുപ്പിച്ചു. ദൃശ്യം പകര്‍ത്തിയ സുഹൃത്താകട്ടെ ഒരു രംഗം പോലും വിട്ടുകളഞ്ഞുമില്ല. ഇപ്പോള്‍ നാട്ടു ബാഹുബലിയുടെ അപകടരംഗവും സിനിമ പോലെ വന്‍ ഹിറ്റാകുകയാണ്.


Other stories from this section