17-Oct-2017

മൂന്ന് വിവാഹം, ക്രിമിനല്‍സ്വഭാവം വിവരിക്കുന്ന സാക്ഷിമൊഴികള്‍ ; ദിലീപിനെതിരെ കരുക്കള്‍ നീക്കി അന്വേഷണസംഘം

KOCHI Oct 7:  നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഉറച്ച ഉറച്ച ചുവടുകളോടെ അന്വേഷണസംഘം.
 
താരത്തിന്റെ മൂന്നുവിവാഹവും ക്രിമിനല്‍സ്വഭാവം വിവരിക്കുന്ന സാക്ഷിമൊഴികളും കുറ്റപത്രത്തിനു ബലം കൂട്ടുമെന്ന വിലയിരുത്തലിലാണ് അന്വേഷണസംഘം.
 
മഞ്ജുവാര്യരേയും പിന്നീട് കാവ്യ മാധവനേയും വിവാഹം ചെയ്യുന്നതിനു മുന്‍പ് ദിലീപ് മറ്റൊരു വിവാഹം കഴിച്ചിരുന്നുവെന്ന് പൊലീസിന് മൊഴി കിട്ടിയിരുന്നു.
 
ദിലീപിന്റെ വ്യക്തി ജീവിതത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഈ വിവരം കിട്ടിയത്. ദിലീപ് അറസ്റ്റിലായി പിറ്റേന്നു തന്നെ വിവാഹക്കാര്യം പൊലീസ് അറിഞ്ഞിരുന്നുവെന്നാണ് വിവരം.
 
പി. ഗോപാലകൃഷ്ണന്‍ എന്ന പേരിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നതെന്നാണ് വിവരം. എന്നാല്‍ രേഖകള്‍ ഇനിയും പൊലീസ് ലഭിച്ചിട്ടില്ല. ഇത് മറച്ചുവച്ചാണ് മഞ്ജുവിനെ വിവാഹം കഴിച്ചതത്രെ. 
 
ദിലീപില്‍ നിന്നു ദുരനുഭവമുണ്ടായ സിനിമാലോകത്തെ കൂടുതല്‍പ്പേരെ സാക്ഷികളാക്കി ക്രിമിനല്‍സ്വഭാവം വിവരിച്ച് കുറ്റപത്രം തയാറാക്കാനാണ് തീരുമാനം.
 
ഗൂഢാലോചനക്കേസില്‍ സാക്ഷിമൊഴികളില്‍ പലതും ദിലീപിന്റെ ക്രിമിനല്‍സ്വഭാവം വിവരിക്കുന്നവയാണ്. ദിലീപിന്റെ ക്രിമിനല്‍സ്വഭാവം തെളിയിക്കുകയാണ് അന്വേഷണസംഘത്തിന്റെ പ്രധാന ലക്ഷ്യവും.
 
അതുകൊണ്ട് തന്നെ ദിലീപിന്റെ ആദ്യ വിവാഹം നിര്‍ണ്ണായകമാകും. ദിലീപ് ഉള്‍പ്പെട്ട ഗൂഢാലോചന സംബന്ധിച്ച രണ്ടാമത്തെ കേസില്‍ 300 സാക്ഷികളുണ്ടാവുമെന്നാണു വിവരം.
 
അനൂപ് ചന്ദ്രന്‍, ബൈജു കൊട്ടാരക്കര, ലിബര്‍ട്ടി ബഷീര്‍ തുടങ്ങിയവര്‍ ദിലീപില്‍ നിന്നു തങ്ങള്‍ക്കുണ്ടായ ദുരനുഭവങ്ങള്‍ മൊഴിയായി നല്‍കിയിട്ടുണ്ട്. നാലു യുവ നടിമാര്‍ ദിലീപിനെതിരേ സെക്ഷന്‍ 164 പ്രകാരമുള്ള രഹസ്യമൊഴി നല്‍കിയിട്ടുണ്ട്.
 
ദിലീപിന്റെ ക്രിമിനല്‍ സ്വഭാവം തെളിയിക്കാന്‍ കഴിഞ്ഞാല്‍ കുറ്റപത്രം കൂടുതല്‍ ഉറപ്പുള്ളതാകുമെന്നാണു കഴിഞ്ഞദിവസം വിളിച്ച യോഗത്തില്‍ ഡി.ജി.പി. മഞ്ചേരി ശ്രീധരന്‍നായര്‍ അന്വേഷണസംഘത്തെ അറിയിച്ചത്.
 
ഗൂഢാലോചനക്കേസില്‍ സാഹചര്യത്തെളിവാണു പ്രധാനം. മൊബൈല്‍ ടവര്‍ ലൊക്കേഷനുകള്‍, ഫോണ്‍കോള്‍ ലിസ്റ്റ്, വിവിധ രസീതികള്‍, സന്ദര്‍ശക ഡയറികള്‍ മുതലായവ പരമാവധി ശേഖരിക്കാന്‍ അന്വേഷണ സംഘത്തിനായിട്ടുണ്ട്.
 
സൈബര്‍ ഫോറന്‍സിക് പരിശോധനാ ഫലവും മെറ്റീരിയലുകളുടെ ഫോറന്‍സിക് ഫലവുംകൂടി എത്തിയശേഷം കുറ്റപത്രം കൊടുത്താല്‍ മതിയെന്നാണ് ഡി.ജി.പിയുടെ നിര്‍ദ്ദേശം.
 
ഇതിന് മുമ്പ് സാക്ഷികളുടെ കാര്യത്തില്‍ അന്തിമ തീരുമാനമാകും. മഞ്ജു വാര്യരും സാക്ഷിപ്പട്ടികയില്‍ ഉണ്ടാകുമെന്നാണ് സൂചന.
 
കോയമ്പത്തൂരിലെ ചാര്‍ളിയുടെ താമസസ്ഥലത്താണ് പൊലീസ് പിടിയിലാകുന്നതിന് മുന്‍പ് പ്രതി സുനില്‍ കുമാര്‍ ഒളിവില്‍ കഴിഞ്ഞത്. ദിലീപിന്റെ ക്വട്ടേഷനെന്ന് സുനില്‍കുമാര്‍ ആദ്യം പറഞ്ഞത് ചാര്‍ളിയോടായിരുന്നു.
 
കൃത്യം നടന്ന് മൂന്ന് ദിവസത്തിന് ശേഷമായിരുന്നു ഇത്. ഒന്നരക്കോടി രൂപയാണ് ക്വട്ടേഷന്‍ തുകയെന്നും സുനി പറഞ്ഞെന്ന് ചാര്‍ളി രഹസ്യമൊഴി നല്‍കിയിരുന്നു. കേസില്‍ ചാര്‍ളി മാപ്പുസാക്ഷിയാകും.
 
നടിയുടെ ദൃശ്യങ്ങള്‍ തന്നെ പ്രതികള്‍ ഫോണില്‍ കാണിച്ചിരുന്നുവെന്നും ചാര്‍ളി കോടതിയില്‍ പറഞ്ഞു.
 
പിടിയിലായപ്പോള്‍ തന്നെ അന്വേഷണസംഘത്തോട് ഇക്കാര്യം വെളിപ്പെടുത്തിയിരുന്നുവെങ്കിലും അവഗണിച്ചുവെന്നും മൊഴിയിലുണ്ട്. ആദ്യകുറ്റപത്രത്തില്‍ 167ല്‍പരം പേര്‍ സാക്ഷികളുണ്ട്.


Other stories from this section