26-Jul-2017

നടി ആക്രമിക്കപ്പെട്ട ദിവസവും പിറ്റേന്നും മുകേഷും ദിലീപും സംസാരിച്ചത് 50 തവണ

കൊല്ലം/കൊച്ചി July 13: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ മുകേഷിനെ പൊലീസ് ചോദ്യം ചെയ്യും എന്ന വാര്‍ത്ത സജീവമായിരിക്കെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നു.
 
നടി ആക്രമിക്കപ്പെട്ട ദിവസവും പിറ്റേന്നും മുകേഷും കേസിലെ പ്രതിയായ ദിലീപും അമ്പതിലേറെ തവണ ഫോണില്‍ സംസാരിച്ചിരുന്നു എന്ന് പോലീസ് കണ്ടെത്തിയെന്ന് കൗമുദി റിപ്പോര്‍ട്ട് ചെയ്യുന്നു.
 
ഈ കോളുകളുടെ സമയ ദൈര്‍ഘ്യവും സ്വഭാവവും പോലീസ് പരിശോധിച്ച് വരുകയാണ്. ഈ അസാധാരണ വിളിക്കു പിന്നില്‍ കേസുമായി ബന്ധമുണ്ടോ എന്ന സംശയവും ഉയരുന്നു.
 
ദിലീപിന്റെ പേഴ്‌സണല്‍ നമ്പറിലും മറ്റൊരു നമ്പരിലുമാണ് സംഭവത്തിനു തൊട്ടു മുമ്പ് മുതല്‍ പിറ്റേന്നുവരെ ഇത്രയധികം കോളുകള്‍ പോയിരിക്കുന്നത്.
 
സംഭവമുണ്ടായ ദിവസം പകല്‍ മുതല്‍ പിറ്റേന്നു ഉച്ചവരെവരെയാണ് ഈ കോളുകള്‍ എന്ന് റിപ്പോര്‍ട്ട് പറയുന്നു.
 
ദിലീപിനെ കസ്റ്റഡിയില്‍ കിട്ടിയതോടെ ഇതിനെക്കുറിച്ച് പോലീസ് ചോദിക്കുമെന്നാണ് വിവരം.
 
ദിലീപിന്റെ അറസ്റ്റിനു ശേഷം മുകേഷിനെ അടിയന്തരമായി സിപിഎം ജില്ലാകമ്മറ്റി കൊല്ലത്തേക്ക് വിളിച്ചു വരുത്തിയിരുന്നു.
 
ക്വട്ടേഷന്‍ സംബന്ധിച്ച് മുകേഷിന് നേരത്തെ അറിവുണ്ടായിരുന്നോ, ദിലീപാണ് ഇതിനു പിന്നിലെന്ന് അറിഞ്ഞിരുന്നോ എന്നൊക്കെ ഒട്ടേറെ സംശയങ്ങള്‍ ബാക്കിയാണ്. 
 
പള്‍സര്‍ സുനി ഒന്നരവര്‍ഷം മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നു. പള്‍സര്‍ മുകേഷിന്റെ വീട്ടുകാരോടൊപ്പവും അമ്മയോടൊപ്പവും നില്‍ക്കുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. എന്നാല്‍ പള്‍സറിനെ വ്യക്തിപരമായി അറിയില്ലെന്നാണ് മുകേഷ് പറഞ്ഞത്.
 
നടി ആക്രമിക്കപ്പെട്ട സംഭവത്തിന്റെ ഗൂഢാലോചന നടക്കുന്ന സമയത്ത് മുഖ്യപ്രതി പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവര്‍ ആയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മുകേഷിനെ ചോദ്യംചെയ്യുന്നതെന്നായിരുന്നു വാര്‍ത്ത.
 
ദിലീപ് നായകനായ സൗണ്ട് തോമയെന്ന ചിത്രത്തിന്റെ ഷൂട്ടിങ് സമയത്ത് പള്‍സര്‍ സുനി മുകേഷിന്റെ ഡ്രൈവറായിരുന്നു. കൂടാതെ അമ്മ ഷോയുടെ സമയത്തും മുകേഷിന്റെ ഡ്രൈവറായി പള്‍സര്‍ സുനി എത്തിയിരുന്നു. 
 
അതിനിടെ, തന്നെ ചോദ്യം ചെയ്യുന്നതിനായി പൊലീസ് വിളിപ്പിച്ചെന്ന വാര്‍ത്ത ശരിയല്ലെന്ന് മുകേഷ് പറഞ്ഞു. തന്നെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടില്ലെന്നും ഇത് സംബന്ധിച്ച യാതൊരു അറിയിപ്പും തനിക്ക് ലഭിച്ചിട്ടില്ലെന്നും മുകേഷ് മാധ്യമങ്ങള്‍ക്ക് മുമ്പാകെ പറഞ്ഞു.
 
പള്‍സര്‍ സുനിയെ ദിലീപിന് പരിചയപ്പെടുത്തിയത് താനാണെന്ന ആരോപണവും മുകേഷ് നിഷേധിച്ചു.


Other stories from this section