17-Jul-2018

മഞ്ജു വാര്യര്‍ സാക്ഷിയാകില്ല; കാവ്യയും നാദിര്‍ഷയും പ്രതിപ്പട്ടികയിലുമില്ല

കൊച്ചി Nov 9: നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസില്‍ നടന്‍ ദിലീപിനെ മാത്രം പുതുതായി പ്രതിചേര്‍ത്ത് അന്വേഷണ സംഘം വ്യാഴാഴ്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും.
 
നടിയെ ആക്രമിച്ച കേസിലെ ആറു പ്രതികള്‍ക്കു പുറമേ ഏഴാം പ്രതിയായി ആയിരിക്കും ദിലീപിനെ ഉള്‍പ്പെടുത്തുക എന്നാണ് സൂചന. കേസില്‍ രണ്ടു ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാന്‍ കഴിഞ്ഞേക്കുമെന്ന് ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയും വ്യക്തമാക്കി.
 
കുറ്റപത്രത്തിന്റെ കരട് ഡി.ജി.പി പരിശോധിച്ചുവരികയാണ്. ചില സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനുണ്ട്. അതിനാലാണ് കുറ്റപത്രം വൈകുന്നതെന്നും ഡി.ജി.പി വ്യക്തമാക്കി.
 
അതേസമയം, കേസില്‍ ദിലീപിന്റെ മുന്‍ ഭാര്യയും നടിയുമായ മഞ്ജു വാര്യര്‍ സാക്ഷിയാകില്ല. നടിയെ ആക്രമിച്ചതില്‍ ഗൂഢാലോചനയുണ്ടെന്ന് ആദ്യം വെളിപ്പെടുത്തിയത് മഞ്ജുവാര്യര്‍ ആയിരുന്നു.
 
ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യ മാധവനേയും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയേയും പ്രതിപ്പട്ടികയിലും ഉള്‍പ്പെടുത്തില്ല.
 
കാവ്യയേയും നാദിര്‍ഷയേയും പോലീസ് വിശദമായി ചോദ്യം ചെയ്തിരുന്നുവെങ്കിലും കേസുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും ഇവരില്‍ നിന്നും ലഭിച്ചിരുന്നില്ല.
 
മഞ്ജു വാര്യരെ സാക്ഷിയാക്കാന്‍ പോലീസ് ശ്രമിച്ചിരുന്നുവെങ്കിലും അവര്‍ താല്‍പര്യക്കുറവ് അറിയിച്ച് ഒഴിഞ്ഞുമാറുകയായിരുന്നു.
 
ഏറെ കോളിളക്കം സൃഷ്ടിച്ച കേസ് ആയതിനാല്‍ അതീവ ശ്രദ്ധയോടെയാണ് പോലീസ് കുറ്റപത്രം തയ്യാറാക്കുന്നത്.
 
പോലീസിന് മൊഴി നല്‍കിയ ചില സുപ്രധാന സാക്ഷികള്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ നല്‍കിയ രഹസ്യമൊഴി മാറ്റിയതോടെ അന്വേഷണ സംഘം വെട്ടിലായിരുന്നു.
 
ഇതോടെ വ്യക്തമായ നിയമോപദേശത്തിന്റെ അടിസ്ഥാനത്തില്‍ കുറ്റപത്രം തയ്യാറാക്കിയില്ലെങ്കില്‍ പിഴവുകളുടെ പേരില്‍ കോടതിയില്‍ തള്ളിപ്പോകാമെന്നും അത് സര്‍ക്കാരിന് വലിയ തിരിച്ചടിയാകുമെന്ന ഭയവും അന്വേഷണ സംഘത്തിനുണ്ട്.
 
നിയമോപദേശം ലഭിച്ചശേഷമായിരിക്കും കുറ്റപത്രത്തില്‍ ദിലീപിന്റെ സ്ഥാനം നിശ്ചയിക്കുക.
 
ദിലീപിനെതിരെയാണ് ഗൂഢാലോചന നടന്നതെന്ന ആരോപണം സിനിമ ലോകത്തുനിന്നും ഉയരുന്നുണ്ട്.
 
തനിക്കെതിരെ ഗൂഢാലോചന നടത്തിയവരില്‍ ഡി.ജി.പിയും എ.ഡി.ജി.പിയും അടക്കമുള്ള ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് ചൂണ്ടിക്കാട്ടി ദിലീപും ആഭ്യന്തര സെക്രട്ടറിക്ക് പരാതി നല്‍കിയിരുന്നു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ടാണ് ദിലീപ് പരാതി നല്‍കിയത്.
 
ഇതേ ആവശ്യമുന്നയിച്ച് ദിലീപ് കോടതിയെയും വൈകാതെ സമീപിച്ചേക്കുമെന്നും സൂചനയുണ്ട്.
 
കുറ്റപത്രം സമര്‍പ്പിച്ചാലും തുടര്‍ അന്വേഷണത്തിനുള്ള സാധ്യത ഉന്നയിക്കും. കേസില്‍ വമ്പന്‍സ്രാവ് ഉണ്ടെന്ന് നേരത്തെ മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു.
 
തുടരന്വേഷണത്തിലൂടെ ഇതിന് തെളിവു കിട്ടിയാല്‍ കൂടുതല്‍ പ്രതികള്‍ കേസിലേക്ക് വരുമെന്നാണ് പോലീസിന്റെ പ്രതീക്ഷ. അതിനാല്‍ അന്വേഷണം തുടരുന്നുവെന്ന് കോടതിയെ ബോധ്യപ്പെടുത്തുകയും ചെയ്യും.
 
നടന്‍ ദിലീപിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്താണ് പള്‍സര്‍ സുനിയും സംഘവും കൃത്യം നിര്‍വഹിച്ചതെന്നാണ് കുറ്റപത്രത്തിലെ ഉള്ളടക്കം.
 
ഇരുപതിലേറെ നിര്‍ണായക തെളിവുകള്‍ കുറ്റപത്രത്തില്‍ ഉണ്ടെന്നാണ് സൂചന. മജിസ്‌ട്രേറ്റിനു മുന്‍പില്‍ ഗായിക റിമി ടോമി, പള്‍സര്‍ സുനിയുടെ അമ്മ തുടങ്ങി പതിനാറ് പേര്‍ നല്‍കിയ രഹസ്യമൊഴികള്‍ കേസില്‍ നിര്‍ണായകമാകും.
 
രഹസ്യമൊഴികള്‍, കുറ്റസമ്മത മൊഴികള്‍, സാക്ഷിമൊഴികള്‍, സൈബര്‍ തെളിവുകള്‍, ഫൊറന്‍സിക് റിപ്പോര്‍ട്ടുകള്‍ സാഹചര്യതെളിവുകള്‍, നേരിട്ടുള്ള തെളിവുകള്‍ എന്നിവ പ്രത്യേക പട്ടികയായി കുറ്റപത്രത്തിനൊപ്പം സമര്‍പ്പിക്കും.
 
ഇതില്‍ പലതും പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ അന്വേഷണസംഘം മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നവയുമാണ്.
 
കേസിന്റെ പ്രാധാന്യവും പ്രതികള്‍ക്ക് സമൂഹത്തിലുള്ള സ്വാധീനവും സാക്ഷികളെ സ്വാധീനിക്കാനുള്ള സാഹചര്യവും ചൂണ്ടിക്കാട്ടി വിചാരണ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ പ്രത്യേക കോടതിയെ നിയോഗിക്കണമെന്ന ശിപാര്‍ശയും അന്വേഷണ സംഘം ഉന്നയിക്കാനാണ് സാധ്യത.


Other stories from this section