20-Sep-2017

വീട്ടിലെത്തിയ ദിലീപ് പോലീസിനെ വെട്ടിച്ചു 10മിനിറ്റ് അപ്രത്യക്ഷനായി!

കൊച്ചി Sept 8: നടിയെ ആക്രമിച്ച കേസില്‍ ജയിലില്‍ കഴിയുന്ന ദിലീപിനെ കാണാനുള്ള സിനിമാക്കാരുടെ ഉത്രാടപ്പാച്ചിലില്‍ ആകെയൊരു വശപ്പിശക്.
 
തുടക്കത്തില്‍ പുറമെയാണെങ്കിലും താരത്തോട് അകല്‍ച്ച ഭാവിച്ചവരും നിഷ്പക്ഷത പുലര്‍ത്തിയവരും ഒന്നടങ്കം ദിലീപിനെ കാണാനായി ആലുവ സബ് ജയിലിലെത്തിക്കൊണ്ടിരിക്കുന്നു.
 
ഹൈക്കോടതി രണ്ടാമതും ജാമ്യാപേക്ഷ തള്ളിയതോടെ ഉണ്ടായിരിക്കുന്ന പുതിയ നാടകീയ നീക്കങ്ങള്‍ കേസിനെ ഏത് വിധത്തില്‍ ബാധിക്കും എന്ന ആശങ്കയുണ്ട്.
 
കേസില്‍ സംശയമുനയിലുള്ള കാവ്യയും നാദിര്‍ഷായും ദിലീപ് പുറത്തിറങ്ങുന്നതിന് തൊട്ടുമുമ്പ് ജയിലിലെത്തി ദിലീപിനെ കണ്ടതും രണ്ടു മണിക്കൂര്‍ നേരം വീട്ടിലെത്തിയ ദിലീപ് പോലീസിനെ വെട്ടിച്ചു 10മിനിറ്റ് അപ്രത്യക്ഷനായെന്ന വാര്‍ത്തയും സംശയത്തിനിടയാക്കുന്നു.
 
ദിലീപിനായി അണിനിരക്കാന്‍ ജനപ്രതിനിധിയായ ഗണേഷ് കുമാര്‍ സിനിമാക്കാരോട് പരസ്യമായി ആഹ്വാനം ചെയ്തതിനുപിന്നാലെ താരത്തെ കാണാന്‍ സന്ദര്‍ശകര്‍ കൂടിയിട്ടുണ്ട്.
 
പിതാവിന്റെ ശ്രാദ്ധചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് കോടതി അനുമതി നല്‍കിയതിനു പിന്നാലെയായിരുന്നു സിനിമാ ലോകം ആലുവ സബ് ജയിലിലേക്ക് ഒഴുകിയെത്തിയത്. 
 
ദിലീപിനെ കാണാന്‍ ആലുവ സബ് ജയിലിലേക്ക് ഇന്നും സിനിമാലോകത്തു നിന്നുള്ള പ്രമുഖര്‍ എത്തി. നടന്മാരായ വിജയരാഘവന്‍, നന്ദു, നിര്‍മ്മാതാക്കളായ രഞ്ജിത് രജപുത്ര, എവര്‍ഷൈന്‍ മണി എന്നിവരാണ് വ്യാഴാഴ്ച രാവിലെ ദിലീപിനെ സന്ദര്‍ശിച്ചത്.
 
ദിലീപ് തന്റെ അടുത്ത സുഹൃത്തായതിനാലാണ് സന്ദര്‍ശിക്കാനെത്തിയതെന്ന് രഞ്ജിത് രജപുത്ര പറഞ്ഞു. ഇരയേയും താന്‍ സന്ദര്‍ശിച്ചിരുന്നുവെന്നും രഞ്ജിത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 
 
ഉത്രാടത്തിനും അതിനടുത്ത ദിവസങ്ങളിലും സിനിമയിലെ നിരവധി പേര്‍ ദിലീപിനെ കാണാന്‍ എത്തിയിരുന്നു. സംവിധായകന്‍ രഞ്ജിത്, ഹരിശ്രീ അശോകന്‍, നാദിര്‍ ഷാ, നടന്‍ സുരേഷ് കൃഷ്ണ, ജയറാം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍, ഹംസ തുടങ്ങി നിരവധി പ്രമുഖര്‍ എത്തി.
 
അതിനിടെയാണ് അച്ഛന്റെ ശ്രാദ്ധത്തില്‍ പങ്കെടുക്കാനെത്തിയ ദിലീപ് വീട്ടില്‍ അതിവിദഗ്ധമായി പോലീസുകാരെ പറ്റിച്ചുവെന്ന് റിപ്പോര്‍ട്ട് വന്നത്.
 
അഞ്ചു പോലീസുകാര്‍ ദിലീപിനൊപ്പം വീടിനകത്തും പുറത്തും ഇടംവലമുണ്ടായിട്ടും പത്ത് മിനിട്ട് നേരത്തേക്ക് ദിലീപ് അപ്രത്യക്ഷമായതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
 
മാധ്യമങ്ങളുടെ മുന്നിലൂടെ പോലീസുകാര്‍ക്കൊപ്പം വീടിനകത്തേക്ക് കയറിയ ദിലീപ് പൊടുന്നനെ അപ്രത്യക്ഷമായെന്നാണ് റിപ്പോര്‍ട്ട്. വീടു നിറച്ച് ദിലീപിന്റെ ബന്ധുക്കള്‍ ആയിരുന്നു.
 
തിരക്കിനിടയില്‍ പോലീസുകാരുടെ കണ്ണുവെട്ടിച്ച് ദിലീപ് മറ്റൊരു മുറിയിലേക്ക് നീങ്ങിയെന്നാണ് വിവരം. ദിലീപാണ് ആദ്യം വീടിനകത്തേക്ക് കയറിയത്.
 
പിന്നാലെ അനുഗമിച്ചിരുന്ന പോലീസ് തൊട്ടു പിന്നാലെ എത്തിയെങ്കിലും ദിലീപിനെ കണ്ടില്ല.
തങ്ങളുടെ കണ്‍വെട്ടത്ത് നിന്നും ദിലീപ് പുറത്തായ വിവരം വയര്‍ലസിലൂടെ അറിയിക്കാനൊരുങ്ങിയപ്പോഴേക്കും താരം അകത്തുള്ള ഒരു മുറിയില്‍ നിന്നും പുറത്തേക്ക് വരികയായിരുന്നു.
 
ഈ സമയത്ത് ദീലീപിന്റെ ചില സുഹൃത്തുക്കളും ഒപ്പമുണ്ടായിരുന്നതായി സൂചനയുണ്ട്. ആ പത്ത് മിനിറ്റ് ദിലീപ് എന്തു ചെയ്യുകയായിരുന്നുവെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.
 
ആരാധകരുടെ വന്‍ജനാവലിയായിരുന്നു പോലീസ് പ്രതീക്ഷിച്ചത്. എന്നാല്‍, ബഹളം വെക്കാനോ കൂകി തോല്‍പ്പിക്കാനോ ആരും തന്നെ പുറത്തുണ്ടായിരുന്നില്ല. വീടിനു പുറത്ത് കാത്തുനിന്നവര്‍ ശാന്തരായി നിന്ന് ദിലീപിനെ കണ്ടുമടങ്ങി.
 
ദിലീപിന്റെ വരവിനു തൊട്ടു മുമ്പ് കാവ്യയും മകളും നാദിര്‍ഷായും ജയിലിലെത്തുകയും ചെയ്തിരുന്നു.


Other stories from this section