20-Sep-2017

ജാമ്യാപേക്ഷയുമായി ദിലീപ്‌ അവധിക്കാല ബെഞ്ചിലേക്ക്‌

കൊച്ചി Sept 5: നടിയെ ആക്രമിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപ്‌ മൂന്നാം തവണയും ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുമെന്നു സൂചന.
 
അവധിക്കാല ബെഞ്ചിലാകും ജാമ്യഹര്‍ജി നല്‍കുക. മുമ്പു രണ്ടു തവണയും ദിലീപിന്റെ അപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.
 
മൂന്നാം തവണയും ജാമ്യാപേക്ഷ സമര്‍പ്പിച്ചാല്‍ നിരസിക്കില്ലെന്ന പ്രതീക്ഷയിലാണു തീരുമാനം. 
ഈ മാസം ഏഴിനോ പതിനൊന്നിനോ ഹൈക്കോടതിയില്‍ ജാമ്യഹര്‍ജി നല്‍കാനാണു ദിലീപിന്റെ നീക്കം.
 
അടുത്ത വെള്ളിയാഴ്‌ചയോ തൊട്ടടുത്ത ചൊവ്വാഴ്‌ചയോ അവധിക്കാല ബെഞ്ചിന്റെ പരിഗണനയ്‌ക്കു ജാമ്യഹര്‍ജി കൊണ്ടുവരും. 
 
അവധിക്കാല ബെഞ്ച്‌ ഹര്‍ജി സ്വീകരിച്ചാല്‍ സര്‍ക്കാരിന്റെ വിശദീകരണത്തിനായി മാറ്റും. ഇതിനായി കുറഞ്ഞത്‌ ഒരാഴ്‌ച താമസമുണ്ടാകും.
 
അങ്ങനെയെങ്കില്‍ ഓണാവധിക്കുശേഷം കോടതി തുറക്കുന്ന ദിവസങ്ങളില്‍ത്തന്നെ ജാമ്യാപേക്ഷ വിശദമായ വാദത്തിനു കൊണ്ടുവരാനാകും. 
 
അവധിക്കാല ബെഞ്ച്‌ ഹര്‍ജി സ്വീകരിച്ചാലും മുമ്പ്‌ രണ്ടു തവണയും ജാമ്യഹര്‍ജിയില്‍ വാദം കേട്ട ജസ്‌റ്റീസ്‌ സുനില്‍ തോമസിന്റെ ബെഞ്ചില്‍ തന്നെയാകും വാദത്തിനായി എത്തുക.
 
ഓണാവധി കഴിഞ്ഞ്‌ കോടതി തുറന്നശേഷം ഹര്‍ജി സമര്‍പ്പിച്ചാല്‍ പിന്നെയും കാലതാമസം ഉണ്ടാകുമെന്നതിനാലാണ്‌ അവധിക്കാല ബെഞ്ചില്‍ത്തന്നെ നല്‍കുന്നത്‌.
 
പിതാവിന്റെ ശ്രാദ്ധത്തിനായി മജിസ്‌ട്രേറ്റ്‌ കോടതി ഇളവനുദിച്ചതടക്കം തങ്ങള്‍ക്കനുകൂലമായി ഹൈക്കോടതിയില്‍ വാദിക്കാനാണു പ്രതിഭാഗത്തിന്റെ നീക്കം. 
 
അതേസമയം, ദിലീപ്‌ റിമാന്‍ഡില്‍ കഴിയുന്ന ആലുവ സബ്‌ ജയിലില്‍ ഇന്ന്‌ ഓണാഘോഷം സംഘടിപ്പിച്ചിട്ടുണ്ട്‌. 
 
ദിലീപിനെക്കാണാന്‍ സിനിമാപ്രവര്‍ത്തകടക്കം നിരവധിപ്പേരാണ്‌ ഇന്നലെ സബ്‌ ജയിലില്‍ എത്തിയത്‌.
 
അടുത്ത സുഹൃത്തും നടനുമായ കലാഭവന്‍ ഷാജോണാണ്‌ ആദ്യമെത്തിയത്‌. തൊട്ടുപിന്നാലെ ഹരിശ്രീ അശോകന്‍, സംവിധായകന്‍ രഞ്‌ജിത്‌, നടന്‍ സുരേഷ്‌ കൃഷ്‌ണ തുടങ്ങിയവരും എത്തി.
 
കാവ്യാമാധവനും മകള്‍ മീനക്ഷിയും ശനിയാഴ്‌ച ജയിലില്‍ എത്തി ദിലീപിനെ കണ്ടിരുന്നു.


Other stories from this section