20-Sep-2017

കാവ്യയുടെ സഹോദരന്റെ വിവാഹത്തില്‍ പള്‍സര്‍ സുനി പങ്കെടുക്കുന്ന വീഡിയോ പോലീസിന്

KOCHI Sept 2: കാവ്യയുമായും കുടുംബവുമായി പള്‍സര്‍ സുനിക്ക് അടുത്ത ബന്ധമുണ്ടെന്ന തെളിവുകള്‍ പോലീസിന്. കാവ്യയുടെ സഹോദരന്‍ മിഥുന്‍ മാധവന്റെ കല്യാണത്തിന് പള്‍സര്‍ സുനി സജീവമായി പങ്കെടുക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പോലീസിന് ലഭിച്ചിട്ടുണ്ട്. സുനിയെ അറിയില്ലെന്ന കാവ്യയുടെ നിലപാടിനെ പൊളിച്ചടുക്കാന്‍ ഈ ദൃശ്യങ്ങള്‍ പോലീസിനെ സഹായിക്കും.
 
2014 ഏപ്രില്‍ മാസമായിരുന്നു മിഥുന്‍ മാധവന്റെ വിവാഹം. വീഡിയോ ആല്‍ബത്തില്‍ നിന്നാണ് പള്‍സര്‍ സുനി വിവാഹത്തില്‍ പങ്കെടുത്തതായി കണ്ടെത്തിയത്. മാത്രമല്ല, 2015 ഏപ്രില്‍ മാസം കാവ്യയുടെ വെണ്ണലയിലെ വില്ലയില്‍ സുനി എത്തിയതിനും പോലീസിന്റെ കൈയില്‍ തെളിവുകളുണ്ട്. പള്‍സര്‍ ബൈക്കിലെത്തിയ സുനിയുടെ ബൈക്ക് നമ്പറും മൊബൈല്‍ നമ്പറും പേരും വില്ലയുടെ സെക്യൂരിറ്റി രജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. വീട്ടിലെത്തിയ സുനി കാവ്യാമാധവന്റെ അച്ഛനേയും അമ്മയേയും അവരുടെ കാറില്‍ കയറ്റി പുറത്തേക്ക് പോയതിനും പൊലീസിന് തെളിവുകളുണ്ട്. ഇക്കാര്യം ചോദ്യം ചെയ്യലില്‍ സുനിയും സമ്മതിച്ചിരുന്നു.
 
നടി ആക്രമിക്കപ്പെട്ടതിനുശേഷം കാവ്യയുടെയും ദിലീപിന്റെയും അടുത്ത ബന്ധുക്കളുടെ ഫോണ്‍ സംഭാഷണങ്ങള്‍ പോലീസിന്റെ നിരീക്ഷണത്തിലായിരുന്നു. ദിലീപ് ശ്രദ്ധാപൂര്‍വം ഫോണ്‍ ഉപയോഗിച്ചെങ്കിലും കാവ്യ ബന്ധുക്കളുമായി സംസാരിച്ച പല കാര്യങ്ങളും പോലീസിന് പിടിവള്ളിയായി. ദിലീപ്- കാവ്യ വിവാഹം കഴിഞ്ഞതിന് ശേഷം ആലുവയിലെ വീട്ടിലെത്തിയ സുനി അവിടെ നിന്ന് 25,000 രൂപ വാങ്ങിയെന്നും പോലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. കീഴടങ്ങുന്നതിന്റെ തലേന്ന് കാവ്യയുടെ കടയില്‍ സുനിയെത്തിയതിനു തെളിവുണ്ടായിരുന്നു.


Other stories from this section