17-Oct-2017

ദിലീപ് കുറ്റവാളിയാണെന്ന് തെളിഞ്ഞാല്‍ കൂടെ ശിക്ഷ അനുഭവിക്കാന്‍ റെഡിയെന്ന് സംവിധായകന്‍

കൊച്ചി Aug 12:  നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡിലായ ദിലീപ് ജയിലില്‍ ഒരു മാസം പൂര്‍ത്തിയായി. ദിലീപിന്റെ പുതിയ ജാമ്യാപേക്ഷ ഒരാഴ്ച കൂടി കഴിഞ്ഞേ പരിഗണിക്കൂ.
 
സിനിമാലോകത്തെ ചിലരുടെ ഗൂഡാലോചനയാണ് തന്റെ അവസ്ഥയ്ക്ക് കാരണമെന്നാണ് ദിലീപിന്റെ ആരോപണം. ദിലീപിന് പിന്തുണയുമായി പലരും രംഗത്തുവന്നുകഴിഞ്ഞു.
 
അത്തരത്തില്‍ ദിലീപ് ഡേറ്റ് കൊടുത്തു സംവിധായകനായി അരങ്ങേറിയ തോംസണ്‍ ആണ് ദിലീപ് മാഹാത്മ്യവുമായി പുതുതായി എത്തിയിരിക്കുന്നത്.
 
ദിലീപ് നായകനായ കാര്യസ്ഥന്‍, മമ്മൂട്ടിയും ദിലീപും ഒരുമിച്ചെത്തിയ കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്നീ സിനിമകളുടെ സംവിധായകനാണ് തോംസണ്‍. ദിലീപ് നിരപരാധിയാണെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നതായി ദിലീപ് ഓണ്‍ലൈനിലൂടെ പുറത്തുവിട്ട വീഡിയോയില്‍ തോംസണ്‍ പറയുന്നു.
 
ദിലീപിനെതിരെ നടന്നത് ഒരു ഗൂഢാലോചനയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ദിലീപ് എന്ന വ്യക്തിയെ എനിക്ക് നേരിട്ട് അറിയാം. ഒരിക്കലും ഇങ്ങനെ ഒരു നീച പ്രവൃത്തി ചെയ്യാന്‍ ദിലീപ് സന്നദ്ധനാവില്ല.
 
ഇത് ദിലീപിന്റെ നേര്‍ക്കുള്ള ഗൂഢാലോചനയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഇപ്പോഴും ദിലീപ് കുറ്റവാളിയാണെന്ന് തെളിയിക്കപ്പെട്ടിട്ടില്ല.
 
ദിലീപ് വെറും കുറ്റാരോപിതനാണ്. ആ കുറ്റാരോപിതനായ വ്യക്തിയെക്കുറിച്ച് മാധ്യമങ്ങള്‍ പറയുന്നത് ദിലീപിനെ പൂര്‍ണമായും കുറ്റവാളിയാക്കാനാണ്.
 
ജാമ്യം നിഷേധിക്കാനുള്ള ഗൂഢ പ്രവര്‍ത്തനം പലയിടത്തും നടക്കുന്നുണ്ട്. ദിലീപ് നിരപരാധിയാണെന്ന് ഞാന്‍ ഇപ്പോഴും വിശ്വസിക്കുന്നു.
 
ദിലീപ് കുറ്റവാളി ആണെന്ന് തെളിഞ്ഞാല്‍ ഈ പറഞ്ഞതിന്റെ പേരില്‍ ദിലീപിന്റെ കൂടെ ഏത് ശിക്ഷയും അനുഭവിക്കാന്‍ ഞാന്‍ തയ്യാറാണ്.
 
നേരത്തെ ദിലീപിന് പിന്തുണയുമായി സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍ , ലാല്‍ജോസ്, വൈശാഖ്, നിര്‍മ്മാതാവ് ജി സുരേഷ് കുമാര്‍, ഇക്ബാല്‍ കുറ്റിപ്പുറം, എന്നിവര്‍ രംഗത്ത് വന്നിരുന്നു. ഇതിനു പിന്നാലെയാണ് തോംസണ്‍ രംഗത്തുവന്നത്.