17-Oct-2017

പോലീസിനെ സമ്മര്‍ദ്ദത്തിലാഴ്ത്താനും ജാമ്യം നേടാനും ദിലീപിന്റെ ആരോപണ ശരങ്ങള്‍

കൊച്ചി Aug 12: എന്തുകൊണ്ടാണ് മുതിര്‍ന്ന അഭിഭാഷകനായ രാംകുമാറിനെ മാറ്റി പ്രത്ഭ കിമിനല്‍ അഭിഭാഷകനായ ബി രാമന്‍പിള്ളയെ ദിലീപ് വക്കാലത്ത് ഏല്‍പ്പിച്ചത് എന്നതിന്റെ ഉത്തരമാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യഹര്‍ജി.
 
ഒരേസമയം പൊലീനെ സമ്മര്‍ദ്ദത്തിലാഴ്ത്താനും തനിക്കു അതൃപ്‍തിയുള്ളവര്‍ക്കു നേരെ ആരോപണം ഉന്നയിക്കാനും നിരപരാധിയാണെന്ന് സ്ഥാപിക്കാനുമുള്ള തന്ത്രപരമായ ജാമ്യ ഹര്‍ജിയാണ് രാമന്‍പിള്ളയുടെ നേതൃത്വത്തില്‍ ദിലീപിനായി തയാറാക്കിയിരിക്കുന്നത്.
 
ഡി.ജി.പി ലോക്നാഥ് ബെഹ്‌റയെ വെട്ടിലാക്കിയും അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കുന്ന എ.ഡി.ജി.പി സന്ധ്യയെ നേരിട്ട് ആക്രമിച്ചും ആണ് ദിലീപിന്റെ ആരോപണങ്ങള്‍ .
 
പള്‍സര്‍ സുനി ജയിലില്‍ നിന്ന് നാദിര്‍ഷയെ വിളിച്ചെന്നും ഫോണ്‍ സംഭാഷണം ബെഹ്‌റയ്ക്ക് വാട്‌സാപ്പ് വഴി അയച്ചുകൊടുത്തെന്നും ജാമ്യഹര്‍ജിയിലുണ്ട്.
 
ബെഹ്‌റയുടെ പേഴ്‌സണല്‍ നമ്പറിലാണ് വിളിച്ചതെന്നും ദിലീപ് ഹര്‍ജിയില്‍ പറയുന്നു. സുനി നാദിര്‍ഷയെ വിളിച്ചത് മറച്ചുവെച്ചുവെന്ന് പൊലീസ് വാദത്തെ തളളുന്നതാണ് ദിലീപിന്റെ വാദം.
 
കൂടാതെ ബി.സന്ധ്യയുടെയും മഞ്ജുവാര്യരുടെയും അടുത്ത ബന്ധം കേസിനെ ബാധിച്ചെന്നും ദിലീപിന്റെ ഹര്‍ജിയില്‍ പറയുന്നു. ചോദ്യം ചെയ്യലിനിടെ മഞ്ജുവിന്റെയും ശ്രീകുമാറിന്റെയും ബന്ധത്തെക്കുറിച്ചുംപറഞ്ഞപ്പോള്‍ വീഡിയോ ഓഫാക്കിയെന്നും ഹര്‍ജിയിലുണ്ട്.
 
കൂടാതെ ആലുവ പൊലീസ് ക്ലബിലെ ചോദ്യം ചെയ്യല്‍ ഐ.ജി. ദിനേശ് കശ്യപിനെ അറിയിക്കാതെയാണെന്നും ദിലീപ് പറയുന്നു. കൂടാതെ സിനിമയ്ക്കുള്ളിലെ ഗൂഡാലോചനയെക്കുറിച്ചും പറയുന്നു. പള്‍സര്‍ സുനിയെ കണ്ടിട്ട് പോലുമില്ലെന്നും ആണയിടുന്നു.
 
140 സിനിമകളില്‍ അഭിനയിച്ച തന്നെ ഒറ്റരാത്രി കൊണ്ട് വില്ലനാക്കിയെന്ന് ദിലീപ് ജാമ്യഹര്‍ജിയില്‍ പറയുന്നുണ്ട്. ഏഴു പ്രതികള്‍ക്കെതിരെ കുറ്റപത്രം നല്‍കി മൂന്നുമാസം കഴിഞ്ഞ് ജൂലൈ പത്തിനാണ് തന്നെ അറസ്റ്റ് ചെയ്തത്.
 
ഒരു മാസമായി റിമാന്‍ഡില്‍ കഴിയുന്നു. കേസില്‍ തനിക്ക് പങ്കുണ്ടെന്ന് പരാതിക്കാരിയോ സാക്ഷികളോ പറഞ്ഞിട്ടില്ലെന്നും ജാമ്യം അനുവദിക്കണമെന്നും ഹര്‍ജിയില്‍ ദിലീപ് പറയുന്നു.
 
ജാമ്യഹര്‍ജിയില്‍ തിയറ്റര്‍ ഉടമയായ ലിബര്‍ട്ടി ബഷീറിനെതിരെയും പരാമര്‍ശങ്ങള്‍ ഉണ്ടായിരുന്നു. ലിബര്‍ട്ടി ബഷീര്‍ ദിലീപിനെ ഒന്നാം നമ്പര്‍ ശത്രുവായി കണക്കാക്കിയിരുന്നു.
 
ഭരണകക്ഷിയിലെ ഉന്നതരുമായി ലിബര്‍ട്ടി ബഷീറിന് അടുത്ത ബന്ധമുണ്ട്. തന്റെ തിയറ്റര്‍ സംഘടന തകര്‍ത്തത് ദിലീപാണെന്ന് ലിബര്‍ട്ടി ബഷീര്‍ പറഞ്ഞിരുന്നുവെന്നും ജാമ്യഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
 
ദിലീപിനെ ചോദ്യം ചെയ്തത് അദ്ദേഹത്തിന്റെ പുതിയ തിയറ്റര്‍ സംഘടനയുടെ ഉദ്ഘാടനത്തിന്റെ തലേന്നാണെന്നും അഡ്വ. ബി രാമന്‍പിളള മുഖേന നല്‍കിയ ഹര്‍ജിയില്‍ വ്യക്തമാക്കുന്നു.
 
തന്നെ ഇല്ലാതാക്കാന്‍ സിനിമാരംഗത്ത് തന്നെ ഗൂഢാലോചന നടക്കുന്നു. ശക്തരായ ചില ആളുകളാണ് ഇതിന് പിന്നില്‍. ജയിലില്‍ ആയതിനാല്‍ രാമലീല ഉള്‍പ്പെടെയുളള ബിഗ്ബജറ്റ് ചിത്രങ്ങള്‍ റിലീസ് ചെയ്യാന്‍ സാധിക്കുന്നില്ല.
 
അന്‍പത് കോടിയോളം രൂപ ഇതിനായി മുടക്കിയിട്ടുണ്ടെന്നും ജാമ്യാപേക്ഷയില്‍ ദിലീപ് വ്യക്തമാക്കുന്നു. രാമന്‍പിളളയുടെ നേതൃത്വത്തില്‍ വിശദമായ ജാമ്യഹര്‍ജിയാണ് ഹൈക്കോടതിയില്‍ സമര്‍പ്പിച്ചത്. മഞ്ജു വാര്യരായിരുന്നു കേസില്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഗൂഢാലോചന ഉണ്ടെന്നാദ്യം ഉന്നയിച്ചിരുന്നത്.
 
അതിനിടെ, എഡിജിപി ബി.സന്ധ്യയെ ഡിജിപി ലോക്‌നാഥി ബെഹ്‌റ പോലീസ് ആസ്ഥാനത്തേക്ക് വിളിപ്പിച്ചു. പോലീസിന്റെ വാദങ്ങളെ പൊളിച്ചുകൊണ്ട് ദിലീപ് നല്‍കിയ ജാമ്യഹര്‍ജിയുടെ പശ്ചാത്തലത്തിലാണ് ബെഹ്‌റ ബി.സന്ധ്യയെ വിളിപ്പിച്ചത്.