18-Aug-2017

അതിര്‍ത്തിയിലെ പരിശോധന ഉപേക്ഷിച്ചു; കേരളത്തിലേക്ക് ഒഴുകുന്നത് വിഷം നിറഞ്ഞ പഴവും പച്ചക്കറിയും

കോട്ടയം Aug 10: പച്ചക്കറികളും പഴവര്‍ഗങ്ങളും സംസ്‌ഥാനത്തേക്കുകൊണ്ടുവരുമ്പോള്‍ അതിര്‍ത്തികളില്‍ പരിശോധന നടത്താനുളള നീക്കം സര്‍ക്കാര്‍ ഉപേക്ഷിച്ചു.
 
തമിഴ്‌നാട്ടില്‍നിന്നു കൊണ്ടുവരുന്ന പച്ചക്കറികളില്‍ വ്യാപകമായ വിഷപദാര്‍ഥങ്ങള്‍ കണ്ടതിനെത്തുടര്‍ന്നാണ്‌ അതിര്‍ത്തികളില്‍തന്നെ പച്ചക്കറി, പഴം എന്നിവ പരിശോധിക്കാന്‍ സര്‍ക്കാര്‍ പദ്ധതി തയാറാക്കിയത്‌.
 
അതിര്‍ത്തികളിലെ പരിശോധന പ്രായോഗികമല്ലെന്ന കാരണം ചൂണ്ടിക്കാട്ടിയാണ്‌ ഇത്‌ ഉപേക്ഷിച്ചത്‌.
 
കേരളത്തിലേക്ക്‌ ഏറ്റവും കൂടുതല്‍ പച്ചക്കറി എത്തുന്നത്‌ കുമളി, തെങ്കാശി ചെക്‌ പോസ്‌റ്റുകള്‍ വഴിയാണ്‌.
 
ഇവിടെ പരിശോധനാ സംവിധാനം ഏര്‍പ്പെടുത്താനായിരുന്നു പദ്ധതി. സംസ്‌ഥാനത്തേക്ക്‌ എത്തുന്നതില്‍ 70 ശതമാനം പച്ചക്കറിയും കൊണ്ടു വരുന്നത്‌ തമിഴ്‌നാട്ടില്‍നിന്നാണ്‌.
 
പഴവര്‍ഗങ്ങളില്‍ ഏറെയും എത്തുന്നതും തമിഴ്‌നാട്ടില്‍ നിന്നാണ്‌. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ്‌ ഏറ്റവും കൂടുതല്‍ പച്ചക്കറി കേരളത്തിലേക്ക്‌ എത്തുന്നത്‌.
 
അന്യസംസ്‌ഥാനങ്ങളില്‍ മാരകമായ കീടനാശിനികള്‍ ഉപയോഗിക്കുന്ന തോട്ടങ്ങള്‍ കണ്ടെത്തി അവിടെ നിന്നുള്ള പച്ചക്കറി പഴ വര്‍ഗങ്ങള്‍ സംസ്‌ഥാനത്തേക്ക്‌ കൊണ്ടുവരുന്നതു തടയാന്‍ സംസ്‌ഥാനം ശ്രമിച്ചെങ്കിലും തമിഴ്‌നാട്‌ അനുകൂലിച്ചിരുന്നില്ല.
 
തമിഴ്‌നാട്ടിലെ തോട്ടങ്ങളില്‍ പരിശോധന നടത്താന്‍ കേരളത്തില്‍ നിന്നുള്ള ഉദ്യോഗസ്‌ഥരെ കര്‍ഷകര്‍ അനുവദിക്കില്ല.
 
തമിഴ്‌നാട്ടിലെ കൃഷി വകുപ്പ്‌ ഉദ്യോഗസ്‌ഥരുമായി ചേര്‍ന്നു സംയുക്‌ത പരിശോധന നടത്താന്‍ കേരളം നിര്‍ദേശം സമര്‍പ്പിച്ചിരുന്നെങ്കിലും അനുകൂല സമീപനമല്ലായിരുന്നു.
 
ഒരുസമയം നിരവധി ലോഡ്‌ പച്ചക്കറികള്‍ എത്തുമ്പോള്‍ വളരെവേഗം പരിശോധന നടത്തി കടത്തി വിടാനാവില്ല. ഉടന്‍തന്നെ പരിശോധനാഫലം എത്തില്ലെന്നതിനാല്‍ പച്ചക്കറി കടത്തി വിടേണ്ടി വരും.
 
വിഷാംശം ഉണ്ടെന്ന്‌ കണ്ടെത്തി നടപടി എടുക്കുമ്പോഴേക്കും പച്ചക്കറിയും പഴവര്‍ഗങ്ങളും കേരളീയര്‍ കഴിച്ചു തീര്‍ത്തിട്ടുണ്ടാവും.
 
നിലവില്‍ പഴം, പച്ചക്കറി എന്നിവയിലും മറ്റു ഭക്ഷ്യവസ്‌തുക്കളിലും കീടനാശിനികളുടെ സാന്നിധ്യം നിര്‍ണ്ണയിക്കാനുള്ള സംവിധാനം തിരുവനന്തപുരം ഗവ. അനലിസ്‌റ്റ്‌സ്‌ ലാബിലും എറണാകുളം റീജണല്‍ അനലറ്റിക്കല്‍ ലാബിലും മാത്രമാണുള്ളത്‌.
 
ഭക്ഷ്യവസ്‌തുക്കളിലെ ഈയം ഉള്‍പ്പെടെയുള്ള ഘനലോഹങ്ങളുടെ സാന്നിധ്യം പരിശോധിക്കാനുള്ള സംവിധാനം തിരുവനന്തപുരം ലാബില്‍ ഇതുവരെയില്ല. ഇത്തരം സംവിധാനങ്ങള്‍ ഇനി സ്‌ഥാപിക്കണം.
 
ഇത്തരം സംവിധാനങ്ങള്‍ അതിര്‍ത്തികളില്‍ സ്‌ഥാപിക്കാതെ എങ്ങനെ പച്ചക്കറി, പഴവര്‍ഗങ്ങളിലെ കീടനാശിനി പ്രയോഗത്തിന്റെ അളവ്‌ പരിശോധിക്കുമെന്ന ചോദ്യമാണ്‌ ഉദ്യോഗസ്‌ഥര്‍ തന്നെ ഉയര്‍ത്തുന്നത്‌.


Other stories from this section