28-Jul-2017

വിദേശികള്‍ക്ക് മുന്നില്‍ വാതിലടച്ച് ഓസ്‌ട്രേലിയയും; മലയാളികള്‍ക്ക് വന്‍ തിരിച്ചടി

മെല്‍ബണ്‍ April 19 : ഇന്ത്യക്കാര്‍ക്ക് വന്‍ തിരിച്ചടിയായി ഓസ്‌ട്രേലിയ താല്‍ക്കാലിക തൊഴില്‍ വിസയായ '457 വിസ' പദ്ധതി റദ്ദാക്കി.
 
പൊതു താല്‍പ്പര്യം മുന്‍ നിര്‍ത്തി താല്‍ക്കാലിക തൊഴില്‍ വിസ പദ്ധതി റദ്ദാക്കുകയാണെന്ന് പ്രധാനമന്ത്രി മല്‍കോം ടേന്‍ബന്‍ അറിയിച്ചു.
 
രാജ്യത്ത് 95,000 വിദേശപൗരന്മാര്‍ താല്‍ക്കാലിക വിസയില്‍ എത്തുന്നുണ്ടെന്നാണ് കണക്കുകള്‍. ഇത്തരം താല്‍ക്കാലിക തൊഴില്‍ വിസയില്‍ ഏറ്റവും കൂടുതല്‍ സേവനം നേടുന്നത് ഇന്ത്യക്കാരാണ്.
 
നിര്‍ത്തലാക്കിയ വിസ പ്രകാരം ഓസ്‌ട്രേലിയയിലെത്തുന്ന വിദേശിക്ക് സ്വന്തം കുടുംബത്തെ കൂടി കൊണ്ടുവരാന്‍ സാധിക്കുമായിരുന്നു. ഈ സൗകര്യമാണ് മലയാളികളടക്കമുള്ള ഇന്ത്യക്കാര്‍ കൂടുതലായി ഉപയോഗിച്ചിരുന്നത്.
 
ഓസ്‌ട്രേലിയയില്‍ വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ പരിഹരിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്ന് പ്രധാനമന്ത്രി പറഞ്ഞു. ജോലികളില്‍ ആദ്യ പരിഗണന ഓസ്‌ട്രേലിയക്കാര്‍ക്കായിരിക്കും.
 
ഓസ്‌ട്രേലിയന്‍ ജോലികളും മൂല്യങ്ങളും മുന്‍നിര്‍ത്തിയുള്ള മാറ്റമാണിതെന്നാണ് പ്രധാനമന്ത്രി പറയുന്നത്. ജോലിക്കുവേണ്ടി പാസ്‌പോര്‍ട്ട് എടുത്തുവരുന്നവര്‍ക്കായി ഇനി 457 വിസ അനുവദിക്കില്ലെന്നും അവ ഓസ്‌ട്രേലിയക്കാര്‍ക്കായിരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
 
ഇനി മുതല്‍ പാസ്‌പോര്‍ട്ട് ഉണ്ടെങ്കില്‍ ഓസ്‌ട്രേലിയയില്‍ ജോലി ചെയ്യാമെന്നത് അനുവദിക്കാനാകില്ലെന്നും ടേന്‍ബന്‍ കൂട്ടിച്ചേര്‍ത്തു.
 
പുതിയ നീക്കത്തിലൂടെ വിദേശ തൊഴിലാളികളെ മുഴുവനായി ഒഴിവാക്കില്ലെന്നും വൈദഗ്ദ്ധ്യമുള്ളവരെ നിലനിര്‍ത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
 
രാജ്യത്തെ തൊഴിലിടങ്ങളില്‍ ആവശ്യത്തിന് തൊഴിലാളികളെ ലഭ്യമാകാത്തതുകൊണ്ടാണ് വിസ അനുവദിച്ചിരുന്നതെന്നും എന്നാല്‍ ഇതിന്റെ മറവില്‍ പരിശീലനവും വൈദഗ്ദ്യവുമില്ലാത്ത തൊഴിലാളികളെ കൊണ്ടുവരുന്നതായും മാല്‍ക്കം ടാണ്‍ബുള്‍ പറഞ്ഞു. പുതിയ വിസകിട്ടാന്‍ കടമ്പകളേറെയാണ്. 
 
വിശദമായ അന്വേഷണത്തിലൂടെ കഴിവ് തെളിയിച്ച ഉദ്യോഗാര്‍ത്ഥികള്‍ക്ക് മാത്രമേ വിസ അനുവദിക്കൂ. രണ്ടു വര്‍ഷത്തെ തൊഴില്‍ പരിചയം, ക്രിമിനല്‍ റെക്കോര്‍ഡ് പരിശോധന, ഇംഗ്ലീഷ് പരിജ്ഞാനം തുടങ്ങിയ പരിശോധനകള്‍ക്കു ശേഷമേ പുതിയ വിസ അനുവദിക്കൂ.
 
അത്യാവശ്യമായ സാഹചര്യങ്ങളില്‍ ,ആവശ്യത്തിന് സ്വദേശികളെ ലഭിക്കാതെ വരുമ്പോള്‍ മാത്രം വിദേശ തൊഴിലാളികളെ അനുവദിക്കുക എന്നതാണ് പുതിയ സര്‍ക്കാര്‍ നയം.
 
പുതുക്കിയ വിസാ നയത്തിലൂടെ ഇന്ത്യക്കാരുടെ ഓസ്‌ട്രേലിയന്‍ കുടിയേറ്റ സ്വപ്നം കൂടിയാണ് പൊലിയുന്നത്.


Other stories from this section