19-Sep-2017

ദു​രൂ​ഹ​ത​ക​ൾ മാ​റാ​ത്ത കാ​ഡലിൻെറ മൊഴി​

തിരുവനന്തപുരം April 12: നന്തൻകോട് കൊലപാതകക്കേസുമായി ബന്ധപ്പെട്ട് പിടിയിലായ കാഡൽ ജീൻസൺ രാജയെ രണ്ട് രാവും ഒരു പകലും ചോദ്യം ചെയ്തിട്ടും ദുരൂഹതകൾ നീങ്ങുന്നില്ല.
 
തിങ്കളാഴ്ച രാത്രി വൈകുവോളം ഇയാളെ കൺട്രോൾ റൂമിൽ ചോദ്യംചെയ്തിരുന്നു. ചൊവ്വാഴ്ച രാവിലെ കമീഷണർ ഓഫിസിൽ ഹാജരാക്കിയ പ്രതിയെ മനഃശാസ്ത്രജ്ഞെൻറ സാന്നിധ്യത്തിലാണ് ഉന്നതതലസംഘം ചോദ്യംചെയ്തത്.
 
മിക്ക ചോദ്യങ്ങൾക്കും വൈരുധ്യമുള്ള മറുപടിയാണ് ലഭിക്കുന്നതെന്ന് പൊലീസ് പറയുന്നു. ചില ചോദ്യങ്ങൾ ആവർത്തിക്കുമ്പോൾ പരസ്പരവിരുദ്ധമായും സംസാരിക്കുന്നുണ്ട്.
 
മാനസികനില ശരിയല്ലാത്ത സാഹചര്യത്തിൽ ശാസ്ത്രീയമായ ചോദ്യംചെയ്യലിനായാണ് മെഡിക്കൽ കോളജ് ആശുപത്രിയിലെ മനഃശാസ്ത്രജ്ഞൻ ഡോ. മോഹൻ റോയിയെ കമീഷണർ ഓഫിസിലെത്തിച്ചത്.
 
എന്നാൽ, ഇദ്ദേഹത്തി‍െൻറ പല ചോദ്യങ്ങളോടും പ്രതി കൃത്യമായി പ്രതികരിച്ചില്ല. അതേസമയം, പ്രതി കുറ്റസമ്മതം നടത്തിയെന്നത് ആശ്വാസത്തിന് വക നൽകുന്നതായി അന്വേഷണസംഘം പറയുന്നു.
 
എന്നാൽ, ഇനിയും ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങൾ പൊലീസിനെ അലട്ടുന്നു.
 
രണ്ടാംഘട്ട ചോദ്യം ചെയ്യലിൽ കാഡലി‍െൻറ മൊഴി ഇപ്രകാരമാണെന്ന് പൊലീസ് പറയുന്നു - ‘ആത്മാക്കളെ തനിക്ക് കാണാൻ സാധിക്കും. അവയുമായി സംസാരിക്കാൻ സാധിക്കും. പ്രത്യേക ഭാഷയാണ് ആശയസംവേദനത്തിന് ഉപയോഗിക്കുന്നത്.
 
കൗതുകകരമായ അനുഭവമാണത്. ‘ആസ്ട്രൽ പ്രൊജക്ഷൻ’ ചെയ്താൽ ഇത് കൂടുതൽ അനുഭവവേദ്യമാകും. ഇതിനായാണ് കൊന്നത്. എല്ലാവരെയും താൻ ഒറ്റക്കാണ് കൊന്നത്. ആരോടും പിണക്കമില്ല.
 
പക്ഷേ, കൊന്നു. ഇതിനായി ഓൺലൈനായി മഴു വാങ്ങി. പുതുതായി വികസിപ്പിച്ചെടുത്ത ഗെയിം കാണാനെന്ന് പറഞ്ഞ് അമ്മയെ റൂമിലേക്ക് വിളിച്ചുവരുത്തി. തുടർന്ന് പിന്നിൽ നിന്ന് മഴുകൊണ്ട് തലയിൽ വെട്ടുകയായിരുന്നു.
 
അന്നേദിവസംതന്നെ പിതാവിനെയും സഹോദരിയെയും ബന്ധുവിനെയും കൊലെപ്പടുത്തി. റൂമിനോട് ചേർന്ന കുളിമുറിയിൽ മൃതശരീരം കൂട്ടിയിട്ട് പെട്രോൾ ഒഴിച്ച് കത്തിച്ചു. കൊല്ലാനുണ്ടായ കാരണം എന്താണെന്ന് കണ്ടെത്താനാണ് ചെന്നൈയിൽ പോയത്.
 
പക്ഷേ, ഉത്തരം ലഭിച്ചില്ല. അതിനിടെ ടി.വിയിൽ തെൻറ ഫോട്ടോ കണ്ടു. ഇതോടെ നാട്ടിലേക്ക് തിരിക്കുകയായിരുന്നു. അതിനിടെ ചിലർ പിടികൂടി. അതേസമയം, ഇയാളുടെ മൊഴിയിൽ വൈരുധ്യങ്ങളും പൊരുത്തക്കേടുകളുമുണ്ടെന്ന് പൊലീസ് പറയുന്നു.
 
കൃത്യം നടത്തിയ ദിവസം സംബന്ധിച്ച് ഇപ്പോഴും അവ്യക്തതയുണ്ട്. ദിവസങ്ങളും സമയവും  മാറ്റിമാറ്റിയാണ് ഇയാൾ പറയുന്നത്.
 
ബുധനാഴ്ചയാണ് സംഭവം നടന്നതെന്ന നിഗമനത്തിലാണ് പൊലീസ്. കാഡലി‍െൻറ കാലിലെ മുറിവ് ചവർ കത്തിച്ചപ്പോൾ സംഭവിച്ചതെന്നാണ് മൊഴി. ആഴത്തിലുള്ള പൊള്ളലാണിത്. മൃതദേഹം കരിച്ചപ്പോഴാണ് പൊള്ളലേറ്റതെന്നാണ് പൊലീസ് നിഗമനം.
 
എന്നാൽ, ഇതു നിരാകരിച്ച പ്രതി താൻ സ്ഥിരമായി ചവർ കത്തിക്കാറുണ്ടെന്നും ഇതിന് കവടിയാറിലെ പെട്രോൾ പമ്പിൽ നിന്ന് സ്ഥിരമായി പെട്രോൾ വാങ്ങാറുണ്ടെന്നും മൊഴി നൽകിയിട്ടുണ്ട്.
 
എന്നാൽ, ഇതിൽ പലതും പൊലീസ് മുഖവിലയ്ക്കെടുത്തിട്ടില്ല. തെളിവെടുപ്പ് വേളയിൽ കൂടുതൽ വ്യക്തത വരുത്താനാകുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.


Other stories from this section