30-May-2017

വാന്നക്രൈ റാന്‍സംവേര്‍: കേരളവും വീണു

KOCHI May 16: ലോകത്തെ നടുക്കിയ സൈബര്‍ ആക്രമണത്തിന്റെ വലയില്‍ കേരളവും. വാന്നക്രൈ റാന്‍സംവേര്‍ എന്ന അപകടകരമായ കമ്പ്യൂട്ടര്‍ പ്രോഗ്രാമിന്റെ ആക്രമണത്തില്‍ കേരളത്തിലെ അഞ്ചു ജില്ലകളിലെ ഏഴിടങ്ങളിലെ പഞ്ചായത്ത്‌ ഓഫീസുകളിലെ ഏതാനും കമ്പ്യൂട്ടറുകള്‍ നിശ്‌ചലമായെന്നാണ്‌ റിപ്പോര്‍ട്ട്‌. 
 
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, തൃശൂര്‍, വയനാട്‌ ജില്ലകളിലെ ഗ്രാമപഞ്ചായത്ത്‌ ഓഫീസുകളിലാണ്‌ സൈബര്‍ ആക്രമണം സ്‌ഥിരീകരിക്കപ്പെട്ടിട്ടുള്ളത്‌.
 
രണ്ടാംശനിയും ഞായറാഴ്‌ചയും കഴിഞ്ഞ്‌ ഇന്നലെ ഓഫീസുകള്‍ തുറന്നപ്പോഴാണ്‌ കമ്പ്യൂട്ടര്‍ ഹാക്ക്‌ ചെയ്യപ്പെട്ടിട്ടിരിക്കുകയാണെന്നും കമ്പ്യൂട്ടറിലെ വിവരങ്ങള്‍ വിട്ടുനല്‍കണമെങ്കില്‍ മോചനദ്രവ്യമായി ബിറ്റ്‌കോയിന്‍( ഡിജിറ്റല്‍ നാണയം) നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള ഭീഷണിസന്ദേശങ്ങള്‍ പഞ്ചായത്ത്‌ ഓഫീസുകളിലെ കമ്പ്യൂട്ടറുകളുടെ സ്‌ക്രീനില്‍ തെളിഞ്ഞത്‌.
 
വെള്ളിയാഴ്‌ച തന്നെ ഇത്തരം സന്ദേശം പല കമ്പ്യൂട്ടറുകളിലും വന്നെങ്കിലും സൈബര്‍ ആക്രമണമാണിതെന്ന്‌ ഉദ്യോഗസ്‌ഥരില്‍ പലര്‍ക്കും മനസിലായില്ല. 
 
വെള്ളിയാഴ്‌ച മുതലാണ്‌ ലോകവ്യാപകമായി വാന്നക്രൈ എന്ന മാല്‍വേര്‍(വൈറസ്‌) കമ്പ്യൂട്ടര്‍ ശൃംഖലകളില്‍ കടന്നുകയറി ഹാക്കിങ്‌ തുടങ്ങിയത്‌. 150 രാജ്യങ്ങളിലെ രണ്ടുലക്ഷത്തിലേറെ കമ്പ്യൂട്ടറുകളെ വൈറസ്‌ ബന്ദിയാക്കിയിട്ടുണ്ട്‌.
 
വിന്‍ഡോസ്‌ ഓപ്പറേറ്റിങ്‌ സിസ്‌റ്റത്തിന്റെ(ഒ.എസ്‌.) പഴകിയ പതിപ്പുകള്‍ ഉപയോഗിക്കുന്ന കമ്പ്യൂട്ടറുകളാണ്‌ ആക്രമണത്തിനിരയായത്‌. കേരളത്തിലെ സര്‍ക്കാര്‍ ഓഫീസുകളിലെ കമ്പ്യൂട്ടറുകള്‍ ഏറെയും സ്വതന്ത്ര സോഫ്‌റ്റ്‌വേറായ ലിനക്‌സാണ്‌ ഉപയോഗിക്കുന്നതെങ്കിലും ആക്രമണത്തിനിരയായത്‌ വിന്‍ഡോസ്‌-7 ഒ.എസില്‍ പ്രവര്‍ത്തിക്കുന്നവയാണ്‌. 
 
വയനാട്‌ ജില്ലയിലെ തരിയോട്‌, പത്തനംതിട്ട ജില്ലയിലെ അരുവാപ്പുലം, ഏനാദിമംഗലം, കൊല്ലം ജില്ലയിലെ തൃക്കോവില്‍വട്ടം, തൃശൂര്‍ ജില്ലയിലെ അന്നമനട, കുഴുര്‍, തിരുവനന്തപുരം ജില്ലയിലെ കരവാലം ഗ്രാമപഞ്ചായത്ത്‌ ഓഫീസുകളിലെ കമ്പ്യൂട്ടറുകളാണ്‌ സൈബര്‍ ആക്രമണത്തിനിരയായത്‌. 
 
വയനാട്‌ തരിയോട്‌ ഗ്രാമപഞ്ചായത്ത്‌ ഓഫീസിലെ നാല്‌ കമ്പ്യൂട്ടറുകളാണ്‌ ഹാക്കിങ്ങിന്‌ ഇരയായത്‌. നാലും വിന്‍ഡോസ്‌-7 ഉപയോഗിക്കുന്നവയാണ്‌. ബാക്കി 10 കമ്പ്യൂട്ടറുകള്‍ക്കു കുഴപ്പമില്ല. ഇവയില്‍ വിന്‍ഡോസ്‌ 2003, എക്‌സ്‌പി ഒ.എസാണുള്ളത്‌.
 
എന്നാല്‍ പഞ്ചായത്തുമായി ബന്ധപ്പെട്ട ഫയലുകളും വിവരങ്ങളും നഷ്‌ടമായിട്ടില്ലെന്നും സുപ്രധാന ഡേറ്റ മറ്റു കമ്പ്യൂട്ടറുകളില്‍ സുരക്ഷിതമാണെന്നും പഞ്ചായത്ത്‌ സെക്രട്ടറി പറഞ്ഞു. വൈറസ്‌ ആക്രമണത്തെ തുടര്‍ന്ന്‌ പഞ്ചായത്ത്‌ അധികൃതര്‍ ഇന്റര്‍നെറ്റ്‌ കണക്ഷന്‍ വിച്‌ഛേദിച്ചിട്ടുണ്ട്‌.
 
പോലീസ്‌ സൈബര്‍ സെല്‍ വിഭാഗം പഞ്ചായത്തിലെത്തി കമ്പ്യൂട്ടറുകള്‍ പരിശോധിച്ചു. വെള്ളിയാഴ്‌ച വൈറസ്‌ ആക്രമണത്തെത്തുടര്‍ന്ന്‌ നാലു കമ്പ്യൂട്ടറുകള്‍ ശരിക്കും പ്രവര്‍ത്തിപ്പിക്കാന്‍ പറ്റാതെ വന്നിരുന്നു.
 
എന്നാല്‍ എന്താണു സംഭവിച്ചതെന്നു മനസിലായില്ല. തുടര്‍ന്നുള്ള ദിവസങ്ങളില്‍ മാധ്യമങ്ങളില്‍ റാന്‍സംവേര്‍ വൈറസ്‌ ആക്രമണത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുകയും തിങ്കളാഴ്‌ചയും കമ്പ്യൂട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാതെ വരികയും ചെയ്‌തതോടെയാണ്‌ സൈബര്‍ ആക്രമണമാണെന്ന്‌ സ്‌ഥിരീകരിച്ചത്‌. 
 
ആദ്യം മുന്നൂറും പിന്നീട്‌ 600 ഡോളറും ബിറ്റ്‌കോയിനാണ്‌ ഹാക്കര്‍മാര്‍ മോചനദ്രവ്യമായി ആവശ്യപ്പെട്ടത്‌. പണം അക്കൗണ്ടിലേക്ക്‌ അടച്ചില്ലെങ്കില്‍ കമ്പ്യൂട്ടറിലെ വിവരങ്ങള്‍ നശിപ്പിക്കുമെന്ന സന്ദേശമാണ്‌ മോണിറ്ററില്‍ തെളിഞ്ഞത്‌.
 
പത്തനംതിട്ട ജില്ലയില്‍ അരുവാപ്പുലം ഗ്രാമപഞ്ചായത്തിന്റെ പ്രധാന കമ്പ്യൂട്ടറില്‍ വെള്ളിയാഴ്‌ച തന്നെ ഭീഷണി പ്രത്യക്ഷപ്പെട്ടിരുന്നു. 300 ഡോളര്‍ മൂല്യം വരുന്ന ബിറ്റ്‌കോയിന്‍ ഇന്നലെ അയച്ചു കൊടുക്കണം എന്നായിരുന്നു ആവശ്യം. 
 
ശനിയും ഞായറും അവധി ആയിരുന്നതിനാല്‍ ഇന്നലെ രാവിലെ പഞ്ചായത്തിലെ പ്രധാന കമ്പ്യൂട്ടര്‍ തുറന്നപ്പോള്‍ സന്ദേശം വീണ്ടും പ്രത്യക്ഷപ്പെട്ടു. പണം അടച്ചില്ലെങ്കില്‍ മുഴുവന്‍ ഫയലുകളും നശിപ്പിക്കുമെന്ന ഭീഷണിയും ഉണ്ടായിരുന്നു.
 
ഹാക്കര്‍മാര്‍ നിര്‍ദേശിച്ച ലിങ്ക്‌ വഴി ഇന്നലെ ഡിജിറ്റല്‍ പണം നല്‍കിയില്ലെങ്കില്‍ 19ന്‌ കമ്പ്യൂട്ടറിലെ ഫയലുകള്‍ നീക്കം ചെയ്യുമെന്നായിരുന്നു ഭീഷണി. വൈറസ്‌ ബാധയെത്തുടര്‍ന്ന്‌ അരുവാപ്പുലം പഞ്ചായത്തിലെ എട്ട്‌ കമ്പ്യൂട്ടറുകളും ഇന്നലെ പ്രവര്‍ത്തിപ്പിച്ചില്ല. 
 
600 ഡോളര്‍ മൂല്യംവരുന്ന ബിറ്റ്‌കോയിന്‍ ആവശ്യപ്പെട്ട്‌ ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ കമ്പ്യൂട്ടറില്‍ ഇന്നലെ ഉച്ചയോടെയാണ്‌ സന്ദേശം എത്തിയത്‌. സൈബര്‍ പോലീസും ഐ.ടി വിദഗ്‌ധരും ഉടന്‍തന്നെ രണ്ട്‌ പഞ്ചായത്ത്‌ ഓഫീസുകളുമായി ബന്ധപ്പെട്ടിരുന്നു.
 
ഇന്‍ഫര്‍മേഷന്‍ കേരള അധികൃതര്‍ ഉച്ചകഴിഞ്ഞ്‌ ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെത്തി സന്ദേശം എത്തിയ കമ്പ്യൂട്ടര്‍ ഫോര്‍മാറ്റ്‌ചെയ്‌ത്‌ പ്രശ്‌നം പരിഹരിച്ചു. അരുവാപ്പുലം പഞ്ചായത്തില്‍ അതതു ദിവസം കമ്പ്യൂട്ടറില്‍ ശേഖരിച്ച വിവരങ്ങള്‍ പെന്‍ഡ്രൈവില്‍ എടുത്ത്‌ സൂക്ഷിക്കുന്നതിനാല്‍ വിവരനഷ്‌ടം ഉണ്ടായിട്ടില്ലെന്ന്‌ പഞ്ചായത്ത്‌ സെക്രട്ടറി എം.കെ. ഷിറാസ്‌ പറഞ്ഞു. രണ്ടിടത്തും വിന്‍ഡോസ്‌ -7 ഒ.എസാണ്‌ ഉപയോഗിച്ചിരുന്നത്‌. 
 
കൊല്ലത്തെ തൃക്കോവില്‍വട്ടം പഞ്ചായത്തിലെ ആറ്‌ കമ്പ്യൂട്ടറിലെ വിവരങ്ങളാണ്‌ ചോര്‍ത്തിയത്‌. രാവിലെ കമ്പ്യൂട്ടറുകള്‍ തുറന്നപ്പോള്‍ ചില ഫയലുകള്‍ തുറക്കാനായില്ല. മൂന്നുദിവസത്തിനകം തുക അടച്ചില്ലെങ്കില്‍ ഫയലുകള്‍ ഡിലീറ്റ്‌ ചെയ്യുമെന്ന അറിയിപ്പും സ്‌ക്രീനില്‍ തെളിഞ്ഞു.
 
എന്നാല്‍ വെള്ളിയാഴ്‌ച ഇത്തരം പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. തൃശൂര്‍ ജില്ലയിലെ അന്നമനട, കുഴുര്‍ പഞ്ചായത്ത്‌ ഓഫീസുകളിലെ കമ്പ്യൂട്ടറുകളിലെ ഫയലുകള്‍ 22 വരെ തുറക്കാനാകില്ലെന്നും പഴയപരുവത്തില്‍ ആകണമെങ്കില്‍ 300 ഡോളര്‍ മൂല്യത്തിനുള്ള ബിറ്റ്‌കോയിന്‍ നല്‍കണമെന്നുമായിരുന്നു സന്ദേശം. 
 
അന്നമനട പഞ്ചായത്തില്‍ മാത്രം എട്ട്‌ കമ്പ്യൂട്ടറുകള്‍ തകരാറിലായി. എന്നാല്‍ വിലപ്പെട്ട രേഖകളൊന്നും നഷ്‌ടപ്പെട്ടിട്ടില്ലെന്നു പഞ്ചായത്ത്‌ അറിയിച്ചു. സമീപത്തെ പൊയ്യ പഞ്ചായത്തിലും സൈബര്‍ ആക്രമണം നടന്നുവെന്നു സംശയമുണ്ടെങ്കിലും സെര്‍വര്‍ സംവിധാനം കഴിഞ്ഞദിവസങ്ങളില്‍ തകരാറില്‍ ആയതിനാല്‍ ആക്രമണം സ്‌ഥിരീകരിക്കാനായിട്ടില്ല.
 
തിരുവനന്തപുരം ജില്ലയിലെ കരവാലം പഞ്ചായത്തിലെ 14 കമ്പ്യൂട്ടറുകളിലെ നാലെണ്ണമാണ്‌ വൈറസ്‌ ആക്രമണത്തിനിരയായത്‌. ജനന-മരണ രജിസ്‌ട്രേഷന്‍, അക്കൗണ്ട്‌സ്,പ്ലാനിങ്‌ തുടങ്ങിയവയുടെ സുപ്രധാന വിവരങ്ങളടങ്ങിയ കമ്പ്യൂട്ടറുകളാണ്‌ ആക്രമണത്തിനിരയായത്‌.


Other stories from this section