19-Sep-2017

കേരളം ഇന്ത്യയുടെ 'ഡിവോർസ് ക്യാപിറ്റൽ'

കെ.നാരായണൻ 
 
നാണയത്തിന്റെ ഇരു വശങ്ങൾ പോലെ സ്ത്രീയും, പുരുഷനും പരസ്പരം മനസിലാക്കി ഐക്യത്തോടും, സ്നേഹത്തോടും കഴിഞ്ഞുകൊള്ളാമെന്ന ദാമ്പത്യ ഉടമ്പടിയിലുണ്ടാകുന്ന ചെറിയ ചില വീഴ്ച്ചകൾ പലപ്പോഴും വിവാഹ മോചനത്തിൽ അവസാനിക്കുന്ന കഥകൾ ആധുനിക ലോകത്തിൽ പുതുമകളൊന്നും സൃഷ്ടിക്കുന്നില്ലങ്കിലും നമ്മുടെ കേരളത്തിൽ പകർച്ച വ്യാധി പോലെ പടർന്നു പിടിച്ചിരിക്കുന്ന വിവാഹ മോചനങ്ങളിപ്പോൾ ലോക ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്.
 
പാശ്ചാത്യ സംസ്കാരവുമായി താരതമ്യപ്പെടുത്തുമ്പോൾ വിവാഹ മോചനങ്ങൾ ഭാരതീയ സംസ്കാരത്തിൽ നിന്നും അന്യം നിന്നിരുന്നുവെങ്കിലും ജനങ്ങളുടെ ജീവിത രീതികളിലും, സാമൂഹിക ചുറ്റുപാടുകളിലും ഉണ്ടായ മാറ്റങ്ങൾക്കൊപ്പം  വൈവാഹിക പ്രശ്നങ്ങളും സാർവര്ത്രികമായതിനെ തുടർന്നായിരുന്നു (1869 ) ഇന്ത്യയിൽ വിവാഹമോചന നിയമം പ്രാബല്യത്തിൽ വരുന്നത്. 
 
വിവാഹ മോചനങ്ങൾ ഉത്തരേന്ത്യൽ സംസ്ഥാനങ്ങളിൽ നിത്യ സംഭവമായി തുടർന്നപ്പോഴും കേരളത്തിലത്‌ നാമമാത്രമായി തുടരുകയാണ് ചെയ്തിരുന്നത്.എന്നാൽ 1990 കളുടെ അവസാനം മുതൽ ഈ അവസ്ഥക്ക് ഗണ്യമായ മാറ്റങ്ങൾ വരികയും, 2016 വരെയുള്ള കണക്കുകൾ പ്രകാരം ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിവാഹ മോചനങ്ങൾ നടക്കുന്ന സംസ്ഥാനങ്ങളിലൊന്നായി കേരളം മാറുകയും ചെയ്തിരിക്കുന്നു എന്നാണ്. അതു കൊണ്ട് തന്നെ ഗോഡ്സ് ഓൺ കൺട്രി എന്ന പേരിനൊപ്പം ഇന്ത്യയുടെ  'ഡിവോർസ് ക്യാപിറ്റൽ' എന്ന പേരും കേരളത്തിന് സ്വന്തമായിരിക്കുകയാണ്. 
 
സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക കണക്കുകൾ പ്രകാരം 2015 -2016 കാലയളവിൽ വിവിധ കുടുംബ കോടതികളിൽ  വിവാഹാനന്തര പ്രശ്നങ്ങളുടെ ഒത്തു തീർപ്പുകൾക്കും, സ്ഥിരമായ വേർപിരിയലുകൾക്കും ആയി 50 ,236 കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്.
 
ഇതിൽ സമൂഹത്തിലെ ഉന്നതന്മാരും, സെലിബ്രിറ്റികളും ഉൾപ്പെടുന്നു. 2013  മുതൽ 15  വരെയുള്ള രണ്ടു വർഷ കാലയളവിനുള്ളിൽ മാത്രം ഇരുപത്തിയെട്ടു കുടുംബ കോടതികളിലായി ഏകദേശം ഒന്നര ലക്ഷത്തോളം വിവാഹ മോചന കേസുകളിലായിരുന്നു തീർപ്പു കല്പിക്കപ്പെട്ടത് ഇതിൽ നിന്നെല്ലാം മനസിലാക്കേണ്ടത് കേരളത്തിൽ വിവാഹ ജീവിതത്തിന്റെ കെട്ടുറപ്പ് നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്നു എന്ന് തന്നെയാണ്. 
 
ജനസംഘ്യാടിസ്ഥാനത്തിൽ മൂന്നു ശതമാനം മാത്രം വരുന്ന കേരളത്തിൽ അന്തിമ വിധിക്കായി കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം ഇതര സംസ്ഥാനങ്ങളായ ഉത്തർ പ്രദേശ്, വെസ്റ്റ് ബംഗാൾ, തമിഴ് നാട്, രാജസ്ഥാൻ, ഗുജറാത്തു, കർണാടക, ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ഉള്ളതിനേക്കാൾ ഇരട്ടിയാണെന്നും കണക്കുകൾ സൂചിപ്പിക്കുന്നു.
 
ഇതോടെ ഇന്ത്യയിൽ വിവാഹ മോചന പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്ന തമിഴ്നാടിനെ പോലും മറി കടന്നിരിക്കുകയാണ് കേരളമിപ്പോൾ. എന്നാൽ കുട്ടികളുടെ ഭാവിയും,സുരക്ഷയും കണക്കിലെടുത്ത് അഭിപ്രായ ഭിന്നതയോടെ വേർ പിരിഞ്ഞ് താമസിക്കുന്നവരുടേയും,അപമാന ഭയത്താൽ തങ്ങളുടെ പ്രശ്നങ്ങൾ പുറത്തു പറയാത്തവരുടേയും എണ്ണം ഇതിലും പതിന്മടങ്ങു ആയിരിക്കുമെന്നാണ് വിവാഹ മോചന കേസുകൾ കൈകാര്യം ചെയ്യുന്ന അഭിഭാഷകരും,മറ്റു ബന്ധപ്പെട്ടവരും പറയുന്നത്. 
 
മദ്യപാനം,തൊഴിലില്ലായ്മ,സാമ്പത്തിക പ്രശ്നങ്ങൾ, കട ബാദ്ധ്യതകൾ,ഭാര്യമാർ ഭർത്താക്കന്മാരിൽ കാട്ടുന്ന മേല്ക്കോയ്മ,ഇരു കുടുംബങ്ങളും തമ്മിലുള്ള സാമ്പത്തിക അന്തരം, ഭാര്യയും ഭർത്താവും തമ്മിലുള്ള സ്വര ചേർച്ച ഇല്ലായ്മ,രണ്ട് പേരിൽ ആർക്കെങ്കിലും ഒരാൾക്ക്‌ ലൈംഗിക ബന്ധത്തിലുള്ള താല്പര്യക്കുറവ് , സംശയ രോഗങ്ങൾ തുടങ്ങി ഭർത്താവിൽ നിന്നുമുള്ള പീഡനങ്ങൾ ഉൾപ്പെടെ പലതും വിവാഹ മോചനത്തിന് ഉതകുന്നവയാണെങ്കിൽ, വിവാഹ മോചന നിയമത്തിലെ പഴുതുകൾ ഉപയോഗിച്ച് നവ ദമ്പതികൾ ഉൾപ്പെടെയുള്ളവർ പരസ്പരം പറഞ്ഞു തീർക്കാവുന്ന നിസാര കുടുംബ പ്രശ്നങ്ങൾക്ക് പോലും  കോടതിയെ സമീപ്പിക്കുന്ന പുതിയ പ്രവണതയും കേരളത്തിലെ ഡിവോർസ് കേസുകളിലെ വർദ്ധനവിന് കാരണമാകുന്നതായി പറയപ്പെടുന്നു. എന്നാൽ 1976 ലെ ഡിവോർസ് ആക്റ്റ് ഭേദഗതി പ്രകാരം രണ്ടു വർഷത്തോളം എടുത്തിരുന്ന കേസുകളുടെ കാലാവധി ഒരു വർഷമായി കുറയുകയും,ഉഭയ സമ്മത പ്രകാരമുള്ള പെറ്റീഷൻ ആണെങ്കിൽ കുടുംബ കോടതികളിൽ തന്നെ തീരുമാനമെടുക്കാവുന്നതും, വേർ പിരിഞ്ഞിരിക്കുന്നതിന്റെ കാലാവധി ഒരു വർഷം മതിയെന്നുമൊക്കെയുള്ള തീരുമാനങ്ങൾ ആയിരിക്കാം വിവാഹ മോചന കേസുകളുടെ എണ്ണത്തിൽ വർദ്ധനവ്‌ ഉണ്ടാകാനുള്ള മറ്റൊരു കാരണമെന്നും  പറയപ്പെടുന്നു. 
 
2013-ൽ ഇന്ത്യയിൽ ആകമാനം23.43 ലക്ഷം വിവാഹ മോചന കേസുകൾ സമർപ്പിക്കപ്പെട്ടതിൽ ഏകദേശം കാൽ ലക്ഷത്തോളം കേസുകളും കേരളത്തിൽ നിന്ന് മാത്രമായിരുന്നു. 
 
2013 വരെയുള്ള ഡിവോർസ് പെറ്റീഷൻ കണക്കുകൾ  ജില്ല അടിസ്ഥാനത്തിൽ നോക്കുമ്പോൾ തലസ്ഥാന നഗരിയായ തിരുവനന്തപുരത്തു മാത്രം ഇക്കാലയളവിൽ 6000 കേസുകൾ രജിസ്ടർ ചെയ്യപ്പെട്ടിട്ടുണ്ട്. 
 
കൊല്ലം (4243) തൃശൂർ (4063) കോഴിക്കോട്(4008)മലപ്പുറം (3934) എറണാകുളം (3712) കോട്ടയം(2880)ആലപ്പുഴ(2361) തുടങ്ങി കേരളത്തിലെ ഓരോ ജില്ലകളിലും വിവാഹ മോചന കേസുകളുടെ എണ്ണം ദിനം പ്രതി വർദ്ധിച്ചു വരികയുമാണ്. 
 
2005-2006 കാലയളവിൽ  8456 വിവാഹ മോചന കേസുകൾ ആയിരുന്നു രജിസ്ടർ ചെയ്യപ്പെട്ടതെങ്കിൽ കേവലം ആറു വർഷത്തിനുള്ളിൽ അത് പതിന്മടങ്ങായി വർദ്ധിച്ചിരിക്കുന്നു.കൊച്ചി കുടുംബ കോടതിയിലെ മുതിർന്ന അഭിഭാഷകനായ രാജീവ്‌ മേനോന്റെ കണക്കുകൾ പ്രകാരം 2009-2010 കാലയളവിൽ രജിസ്ടർ ചെയ്യപ്പെട്ട 11,600 കേസുകളിൽ ഭൂരി ഭാഗവും കേരളത്തിലെ ഐ.ടി മേഘലയിൽ നിന്നുള്ളവരായിരുന്നു എന്നതാണ് മറ്റൊരു പ്രത്യേകത.
 
രണ്ടോ,മൂന്നോ വർഷത്തെ വിവാഹ ജീവിതത്തിന്  ശേഷം ബന്ധം വേർപിരിയുന്ന പ്രവണത ഇത്തരക്കാരിൽ വർദ്ധിച്ചു വരികയാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്. ഒരേ രംഗത്ത് തൊഴിലെടുക്കുന്ന ചെറുപ്പക്കാരായ ഭാര്യാ ഭർത്താക്കന്മാർ തമ്മിലുള്ള വിശ്വാസമില്ലായ്മയും,അസൂയയുമാണ് ഇതിനു പിന്നിലെന്നാണ് പറയപ്പെടുന്നത്‌.എന്നാൽ വളരെ ചെറുപ്പത്തിൽ തന്നെ പ്രതീക്ഷിക്കാത്ത രീതിയിലുള്ള വരുമാനം ഇവരെ  മദ്യപാനം, ഡ്രഗ്സ്,ക്ലബ്ബിംഗ്, പാശ്ചാത്യ ജീവിത രീതികളെ അന്ധമായി അനുകരിക്കൽ, അമിതമായ ഇന്റർനെറ്റ് പോണ്‍ സൈറ്റുകൾ സന്ദർശനം എന്നിവയിലേക്ക് ആകർഷിക്കുന്നതിനാൽ യഥാർത്ഥ ജീവിതം മനസിലാക്കാൻ കഴിയാതെ വരികയും ഇവരുടെ ബന്ധങ്ങളിൽ വിള്ളലുകൾ സൃഷ്ടിക്കുകയും ചെയ്യുന്നു എന്നാണ് മറ്റൊരു അഭിഭാഷകനായ ആന്റണിക്ക് പറയുവാനുള്ളത്.ഇത്തരം ആധുനികതകളിൽ സ്ത്രീകൾക്കും, പുരുഷന്മാർക്കും തുല്യ പങ്കാളിത്തമാണ് ഉള്ളതെന്നും അദ്ദേഹം പറയുന്നു. 
 
കാര്യങ്ങൾ എന്ത് തന്നെ ആയാലും വരും തലമുറയുടെ ഭാവി സുരക്ഷിതമായിരിക്കണമെങ്കിൽ വിവാഹ ബന്ധത്തിൽ ഏർപ്പെടുന്ന പുതിയ തലമുറക്കാർ വിവാഹ ജീവിതത്തെ കൂടുതൽ ഗൌരവമായി തന്നെ കാണേണ്ടിയിരിക്കുന്നു എന്നാണ് ഇന്ന് കേരളത്തിൽ പരക്കെയുള്ള അഭിപ്രായം.വിദ്യാഭ്യാസപരമായും, സാംസ്കാരികപരമായും ഇന്ത്യയിലെ മറ്റു സംസ്ഥാങ്ങളെക്കാൾ എക്കാലവും മുന്നിൽ നിന്നിട്ടുള്ള കേരളം ഇത്തരമൊരു അവസ്ഥയിലേക്ക് നീങ്ങുന്നത് അപകടകരമാണെന്നും,പരിപാവനമായ വിവാഹ ബന്ധത്തെ കുട്ടിക്കളിയായി കാണരുതെന്നുമാണ്   മുതിർന്ന തലമുറയിൽ പെട്ടവർ നല്കുന്ന ഉപദേശം.  Image Courtesy http://www.indialivetoday.com/


Other stories from this section