16-Jan-2017

600 കോടി രൂപ മുതൽമുടക്കിൽ എംടിയുടെ ‘രണ്ടാമൂഴം’ അടുത്തവര്‍ഷം

കൊച്ചി Jan 8: ഏറെ നാളായി സിനിമ ലോകത്ത് ചര്‍ച്ചയായിരുന്ന 'രണ്ടാമൂഴം' സത്യമാകുന്നു. എന്നാല്‍ ആരാധകര്‍ക്ക് നിരാശയേകി അഭിനയ ജീവിതത്തില്‍ നിന്ന് വിരമിക്കുന്നതിനെക്കുറിച്ചും താന്‍ ചിന്തിക്കുന്നുണ്ടെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.
 
34 വര്‍ഷങ്ങള്‍ സിനിമയ്ക്കു വേണ്ടി മാത്രമായിരുന്നു ജീവിതം ഇനി മറ്റെന്തെങ്കിലും ജോലിയെക്കുറിച്ചും യാത്രകളും വായനയും നിറഞ്ഞ ഒരു ജീവിതത്തെക്കുറിച്ചുമാണ് ഇപ്പോള്‍ സ്വപ്നം കാണുന്നത്.
 
കഴിഞ്ഞ ദിവസം ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ അഭിനയം നിര്‍ത്തുമെന്നും അതില്ലാത്ത ജീവിതത്തില്‍ താന്‍ സന്തുഷ്ടനായിരിക്കുമെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.
 
എംടിയുടെ ഏറ്റവും പ്രസിദ്ധമായ രണ്ടാമൂഴം നോവലിനെ ആസ്പദമാക്കി സിനിമ എടുക്കണമെന്ന ആവശ്യവും ആഗ്രഹവും ഏറെ നാളായി സിനിമ ലോകത്തും നിന്നും ആരാധകരില്‍ നിന്നും ഉയരുന്നു. ഈ സ്വപ്ന സിനിമ ഉടന്‍ യാഥാര്‍ത്ഥ്യമാകുമെന്ന് മോഹന്‍ലാല്‍ വ്യക്തമാക്കി.
 
രണ്ടാമൂഴത്തിന്റെ തിരക്കഥ എംടി പൂര്‍ത്തിയാക്കി. തിരക്കഥ കയ്യില്‍ കിട്ടി. ഇന്ത്യയിലെ ഏറ്റവും മുതല്‍ മുടക്കില്‍ ഒരുങ്ങുന്ന ചിത്രം രണ്ടു ഭാഗമായാണ് എത്തുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രമായ ഭീമനായി അഭിനയിക്കാനുള്ള ഒരുക്കത്തിലാണ് മോഹന്‍ലാല്‍. ഇന്ത്യയിലെ പ്രമുഖ താരങ്ങളുടെ സംഗമം കൂടിയാകും രണ്ടാമൂഴം. അടുത്ത വര്‍ഷം ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുമെന്നും ഒരു മാധ്യമത്തിനോട് പറഞ്ഞു.
 
600 കോടി രൂപ മുതൽമുടക്കിലാണ് രണ്ടാമൂഴം സിനിമയാകുന്നത്. മനോരമ ന്യൂസ് ന്യൂസ്മേക്കര്‍ സംവാദത്തില്‍ മോഹന്‍ലാല്‍ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ അഭിനയം നിര്‍ത്തണമെന്ന ആഗ്രഹം മനസിലുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേർത്തു.


Other stories from this section