30-Mar-2017

ഫാ. ടോമിനോട് യെമനിലേയ്ക്ക് പോകരുതെന്ന് പറഞ്ഞിരുന്നതായി സര്‍ക്കാര്‍

ന്യൂഡല്‍ഹി Jan 5 : ഇസ്റ്റാമിക് സ്‌റ്റേറ്റ് ഭീകരര്‍ യെമനില്‍ നിന്നും തട്ടിക്കൊണ്ടു പോയ ഫാ. ടോം ഉഴുന്നാലിനോട് യമനിലേയ്ക്കുള്ള യാത്ര ഒഴിവാക്കണമെന്ന് നിര്‍ദേശം നല്‍കിയിരുന്നതായി വിദേശകാര്യമന്ത്രാലയം.
 
സംഘര്‍ഷബാധിത പ്രദേശങ്ങളിലേയ്ക്ക് പോകരുതെന്ന വിലക്ക് ലംഘിച്ച് സ്വന്തം ഇഷ്ടപ്രകാരമാണ് അദ്ദേഹം യെമനിലേയ്ക്ക് പോയതെന്നും വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബര്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
 
ഫാ.ടോമിനെ മോചിപ്പിക്കാനുള്ള ശ്രമങ്ങള്‍ നയതന്ത്ര തലത്തില്‍ തുടരുകയാണെന്നും അദ്ദേഹത്തിന്റെ മോചനത്തിനായി പ്രത്യേക കര്‍മസമിതിയ്ക്ക് രൂപം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
 
അതേസമയം, തട്ടിക്കൊണ്ടു പോയ ഭീകരര്‍ അദ്ദേഹത്തെ എവിടെയാണ് പാര്‍പ്പിച്ചിരിക്കുന്നത് എന്നത് സംബന്ധിച്ച് യാതൊന്നും അറിവായിട്ടില്ലെന്ന് പറഞ്ഞ മന്ത്രി ഫാ.ടോമിനെ മോചിപ്പിക്കാന്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും ശ്രമങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന ആരോപണങ്ങള്‍ തള്ളി.
 
തടവിലാക്കപ്പെട്ടയാള്‍ക്ക് സ്ഥലത്തെ കുറിച്ച് ധാരണയുണ്ടാകാന്‍ ഇടയില്ലെന്നും ഇത് കണ്ടെത്താനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി പറഞ്ഞു.
 
തന്നെ മോചിപ്പിക്കാനുള്ള ശ്രമങ്ങളൊന്നും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ലെന്നും താന്‍ ഇന്ത്യക്കാരനായതിനാലാണ് ഇത്തരമൊരു ദുരവസ്ഥ നേരിടേണ്ടി വന്നതെന്നും ഫാ.ടോം വിമര്‍ശിക്കുന്ന ഒരു വീഡിയോ അടുത്തിടെ പുറത്തു വന്നിരുന്നു.


Other stories from this section