15-Aug-2018

കേരള ടീമില്‍ പൊട്ടിത്തെറി, ക്യാപ്റ്റന്‍ സച്ചിന്‍ ബേബിയെ മാറ്റണമെന്ന് ആവശ്യം, സഞ്ജു അടക്കമുള്ള താരങ്ങള്‍ രംഗത്ത്

കൊച്ചി July 27: കേരള ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സച്ചിന്‍ ബേബിക്കെതിരെ ടീമില്‍ പടയൊരുക്കം. സച്ചിന്‍ ബേബിയെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സഞ്ജു സാംസണ്‍ അടക്കം 15 താരങ്ങള്‍ കെ.സി.എയ്ക്ക് കത്ത് നല്‍കി.
 
നായകനെന്ന നിലയില്‍ സച്ചിന്റെ പെരുമാറ്റം ശരിയല്ലെന്നാണ് താരങ്ങളുടെ ആക്ഷേപം. വളരെ ഗൗരവമായി കാണേണ്ട വിഷയമാണിതെന്നും ടീമിലെ കളിക്കാരുടെയെല്ലാം താല്‍പ്പര്യം മുന്‍നിര്‍ത്തിയാണ് കത്തെന്നും ടീമംഗങ്ങള്‍ വ്യക്തമാക്കി.
 
സച്ചിന്‍ ബേബി സ്വാര്‍ത്ഥനാണെന്ന് ടീമംഗങ്ങള്‍ പറഞ്ഞു. കളി ജയിക്കുമ്പോള്‍ അത് സ്വന്തം ക്രെഡിറ്റിലേക്ക് മാറ്റുകയും തോല്‍ക്കുമ്പോള്‍ സഹതാരങ്ങളുടെ മേല്‍ കുറ്റം ചുമത്തുകയാണെന്നും താരങ്ങള്‍ ആരോപിച്ചു.
 
സച്ചിന്റെ പെരുമാറ്റം കാരണം കളിയില്‍ ശ്രദ്ധിക്കാന്‍ കഴിയുന്നില്ലെന്നും സഹതാരങ്ങളെക്കുറിച്ച് മറ്റ് താരങ്ങളോട് കുറ്റം പറയുന്ന ക്യാപ്റ്റനാണ് സച്ചിന്‍. ക്യാപ്റ്റന്റെ പെരുമാറ്റം കാരണമാണ് താരങ്ങള്‍ മറ്റ് സംസ്ഥാനങ്ങള്‍ക്ക് വേണ്ടി കളിക്കാന്‍ പോകുന്നതെന്നും താരങ്ങളുടെ കത്തില്‍ പറയുന്നു.
 
ക്യാപ്റ്റന്‍ സ്ഥാനത്ത് മറ്റൊരാള്‍ വരണമെന്നും ഇക്കാര്യത്തില്‍ മാനേജ്‌മെന്റ് ഉടന്‍ തീരുമാനം എടുക്കണമെന്നും താരങ്ങള്‍ ആവശ്യപ്പെട്ടു. കെ.സി.എ സെക്രട്ടറിക്ക് നല്‍കിയ കത്തില്‍
 
അഭിഷേക് മോഹന്‍, കെ.സി അക്ഷയ്, കെ.എം ആസിഫ്, ഫാബിദ് ഫാറൂഖ്, വി.എ ജഗദീഷ്, മുഹമ്മദ് അസറുദീന്‍, എംഡി നിധീഷ്, വി.ജി റൈഫി, രോഹന്‍ പ്രേം, സന്ദീപ് വാര്യര്‍, സഞ്ജു സാംസണ്‍, സല്‍മാന്‍ നിസാര്‍, സിജോമോന്‍ എന്നിവരാണ് ഒപ്പിട്ടിരിക്കുന്നത്.
 
അതേസമയം കത്തില്‍ പേരുണ്ടെങ്കിലും പി. രാഹുലും വിഷ്ണു വിനോദും ഒപ്പിട്ടിട്ടില്ല.


Other stories from this section