17-Jul-2018

ഐ.എസില്‍ ചേര്‍ന്ന മലയാളികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങി

തിരുവനന്തപുരം July 6: കേരളത്തില്‍ നിന്ന് ഇസ്ലാമിക് സ്‌റ്റേറ്റില്‍ ചേര്‍ന്നവരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള നടപടിക്ക് തുടക്കമായി.
 
തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യം വിട്ടവരുടെ സ്വത്ത് കണ്ടുകെട്ടാന്‍ കൊച്ചി എന്‍.ഐ.എ കോടതി ഉത്തരവിട്ടിരുന്നു. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് നടപടി.
 
സംസ്ഥാനത്ത് നിന്ന് ഇതുവരെ 21 പേര്‍ ഐ.എസില്‍ ചേരുന്നതിനായി രാജ്യം വിട്ടതായി സ്ഥിരീകരിച്ചിട്ടുണ്ട്.
 
കോടതി ഉത്തരവ് പ്രകാരം കേരളത്തില്‍ നിന്ന് ഐ.എസില്‍ ചേര്‍ന്നവരില്‍ പ്രധാനി കാസര്‍ഗോഡ് പടന്ന സ്വദേശിയായ അബ്ദുള്‍ റാഷിദാണ്. ഇയാളുടെ സ്വത്ത് വിവരം റവന്യൂ വകുപ്പ് ശേഖരിച്ചിട്ടുണ്ട്.
 
സ്വത്ത് കണ്ടുകെട്ടുന്നതിന്റെ ഭാഗമായി കാസര്‍ഗോഡ് തൃക്കരിപ്പൂരുള്ള അബ്ദുള്‍ റാഷിദിന്റെ വീട്ടില്‍ റവന്യു വകുപ്പ് നോട്ടീസ് പതിച്ചു. തൃക്കരിപ്പൂര്‍ സൗത്ത് വില്ലേജ് ഓഫീസറാണ് നടപടികള്‍ക്ക് നേതൃത്വം നല്‍കുന്നത്.
 
അടുത്ത മാസം 13ന് കൊച്ചിയിലെ എന്‍.ഐ.എ കോടതിയില്‍ നേരിട്ട് ഹാജരാകണമെന്ന് റാഷിദിന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
 
കാസര്‍ഗോഡ്, പാലക്കാട് ജില്ലകളില്‍ നിന്ന് 21 പേര്‍ ഐ.എസില്‍ ചേരുന്നതിന് അഫ്ഗാനിസ്ഥാനില്‍ പോയിരിക്കുന്നതായാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.


Other stories from this section