17-Jul-2018

'വനിതാ കൂട്ടായ്മ'യ്ക്കു മുന്നില്‍ മുട്ടുമടക്കി: അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം 19 ന്

കൊച്ചി July 5: യുവനടി ആക്രമിക്കപ്പെട്ട കേസില്‍ പ്രതിയായ നടന്‍ ദിലീപിനെ താരസംഘടനയില്‍ തിരിച്ചെടുത്തതില്‍ ഉയര്‍ന്ന വിവാദത്തിനു പിന്നാലെ അമ്മ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗം വിളിച്ചു.
 
ജൂലൈ 19 ന് നിര്‍വാഹക സമിതി ചേരാനാണ് ധാരണയായത്. പ്രാധാന്യമുള്ള വിഷയം ചര്‍ച്ചയ്ക്കുണ്ടെന്ന് കാണിച്ച് നിര്‍വാഹക സമിതി അംഗങ്ങള്‍ക്കു സന്ദേശം അയച്ചു.
 
ഇതോടൊപ്പം ചലച്ചിത്രമേഖലയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമ കളക്ടീവ്(ഡബ്ല്യുസിസി) അംഗങ്ങളുമായും പ്രത്യേക ചര്‍ച്ച നടത്തും. ചര്‍ച്ചയ്ക്കു ക്ഷണിച്ച് വനിതാ കൂട്ടായ്മയ്ക്കും കത്തു നല്‍കും.
 
ദിലീപിനെ സംഘടനയില്‍ തിരിച്ചെടുത്തതിനു പിന്നാലെ അക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാലു പേര്‍ അമ്മയില്‍ നിന്ന് രാജിവെച്ചിരുന്നു.
 
ഇതിനു പിന്നാലെ ഇക്കാര്യം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ അമ്മ ജനറല്‍ സെക്രട്ടറി ിടവേള ബാബുവിന് കത്തു നല്‍കിയിരുന്നു.
 
ഇതേതുടര്‍ന്ന് നിലവില്‍ വിളിച്ചു ചേര്‍ത്തിരിക്കുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിലേക്ക് നടിമാര്‍ക്ക് ക്ഷണക്കത്ത് നല്‍കുമെന്നാണ് സൂചന.
 
അമ്മ പ്രസിഡന്റ് ആയ മോഹന്‍ ലാല്‍ ലണ്ടനില്‍ നിന്ന് തിരികെയെത്തിയാലുടന്‍ ഇതു സംബന്ധിച്ച അജന്‍ണ്ട തീരുമാനിക്കും.


Other stories from this section