21-Jul-2018

അഭിമന്യു വധം എന്‍.ഐ.എ. അന്വേഷിക്കുന്നു: മുഖ്യപ്രതി മുഹമ്മദും തീവ്രവാദസംഘടനകളുമായി ബന്ധമുള്ളവര്‍

കൊച്ചി July 6: എറണാകുളം മഹാരാജാസ്‌ കോളജില്‍ എസ്‌.എഫ്‌.ഐ. പ്രവര്‍ത്തകനെ കൊലപ്പെടുത്തിയവര്‍ക്കു തീവ്രവാദബന്ധമുണ്ടെന്നു വ്യക്‌തമായതോടെ കേസില്‍ ദേശീയ സുരക്ഷാ ഏജന്‍സി (എന്‍.ഐ.എ) അന്വേഷണമാരംഭിച്ചു.
 
അഭിമന്യുവിനെ കുത്തിവീഴ്‌ത്തിയ നീലയുടുപ്പിട്ട കൊലയാളിയും മുഖ്യപ്രതി മുഹമ്മദും തീവ്രവാദസംഘടനകളുമായി ബന്ധപ്പെട്ടതിന്റെ തെളിവുകള്‍ പോലീസിനു ലഭിച്ചു.
 
ഈ സംഘടനകള്‍ എന്‍.ഐ.എയുടെ നോട്ടപ്പട്ടികയിലുള്ളവയാണ്‌. ഇതിന്റെ അടിസ്‌ഥാനത്തിലാണ്‌ എന്‍.ഐ.എ. പ്രാഥമികാന്വേഷണം ആരംഭിച്ചത്‌. 
 
എല്ലാ പ്രതികളെയും തിരിച്ചറിഞ്ഞെങ്കിലും തീവ്രവാദസ്വഭാവമുള്ള കേസായതിനാല്‍ യാതൊരു വിവരവും പോലീസ്‌ പുറത്തുവിട്ടിട്ടില്ല. കേസില്‍ നിയമവിരുദ്ധപ്രവര്‍ത്തനം തടയല്‍ നിയമം (യു.എ.പി.എ) ചുമത്തുമെന്നാണു സൂചന. കോളജിനു മുന്നിലെ സി.സി. ടിവിയില്‍നിന്ന്‌ അക്രമികളുടെ ദൃശ്യങ്ങള്‍ ലഭിച്ചെങ്കിലും വ്യക്‌തമല്ല.
 
സംസ്‌ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള 10 പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരെ പോലീസ്‌ കസ്‌റ്റഡിയില്‍ ചോദ്യംചെയ്‌തുവരുന്നു. എറണാകുളം നോര്‍ത്തിലെ "കൊച്ചി ഹൗസ്‌" എന്ന വീട്‌ കേന്ദ്രീകരിച്ചാണു കൊലപാതകം ആസൂത്രണം ചെയ്‌തത്‌.
 
എസ്‌.എഫ്‌.ഐയുടെ സജീവപ്രവര്‍ത്തകരായ അഭിമന്യു ഉള്‍പ്പെടെ പോപ്പുലര്‍ ഫ്രണ്ടിന്റെ ഹിറ്റ്‌ലിസ്‌റ്റിലുണ്ടായിരുന്നു. മഹാരാജാസ്‌ കോളജില്‍ ക്യാമ്പസ്‌ ഫ്രണ്ടിനെ ശക്‌തിപ്പെടുത്തുകയായിരുന്നു ലക്ഷ്യം.
 
കലാലയത്തില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ സഹപാഠികള്‍ വിളിച്ചതനുസരിച്ചാണ്‌ അഭിമന്യുവും അര്‍ജുനും ഹോസ്‌റ്റലില്‍നിന്ന്‌ എത്തിയത്‌. അക്രമിസംഘത്തിനു മുന്നില്‍പ്പെട്ട ഇവരെ നീല ഉടുപ്പിട്ടയാള്‍ കുത്തുകയായിരുന്നു.
 
പ്രഫഷണല്‍ കൊലയാളികള്‍ മരണം ഉറപ്പാക്കുന്ന രീതിയില്‍ കത്തി പ്രയോഗിച്ചതാണ്‌ അന്വേഷണം തീവ്രവാദബന്ധമുള്ളവരിലേക്കു തിരിച്ചുവിട്ടത്‌. കസ്‌റ്റഡിയിലുള്ളവരെ ചോദ്യം ചെയ്‌തപ്പോള്‍ ഇതുസംബന്ധിച്ച കൂടുതല്‍ സൂചനകള്‍ ലഭിച്ചു.
 
വാഗമണ്‍ സിമി ക്യാമ്പ്‌ കേസിലും തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലും ഉള്‍പ്പെട്ട ചിലര്‍ മഹാരാജാസ്‌ ആക്രമണസംഘവുമായി ബന്ധപ്പെട്ടെന്നും സൂചനയുണ്ട്‌. ഇതേത്തുടര്‍ന്നാണു കേസ്‌ എന്‍.ഐ.എ. ഏറ്റെടുക്കുന്നത്‌.
 
തൊടുപുഴ കൈവെട്ടു കേസിലെ രണ്ടുപേര്‍ മാത്രമാണു ജയിലിലുള്ളത്‌. മറ്റു പ്രതികള്‍ പുറത്താണ്‌. പോലീസുകാര്‍ ഉള്‍പ്പെട്ട "പച്ചവെളിച്ചം" വാട്‌സ്‌ആപ്‌ ഗ്രൂപ്പ്‌ അംഗങ്ങളും നിരീക്ഷണത്തിലാണ്‌. കേസ്‌ വിവരങ്ങള്‍ ഇവരിലൂടെ ചോരാതിരിക്കാനാണിത്‌.
 
അഭിമന്യുവി-നെ കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍കൂടി അറസ്‌റ്റിലായി. നെട്ടൂര്‍ പഴയ ജുമാമസ്‌ജിദിന്‌ സമീപം നെങ്ങ്യാരത്ത്‌ പറമ്പ്‌ വീട്ടില്‍ സൈനുദ്ദീ-ന്റെ മകന്‍ സൈഫുദ്ദീ-നെ(27)യാണ്‌ സെന്‍ട്രല്‍ പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌.
 
ഇയാ-ളെ ഇന്നു കോടതിയില്‍ ഹാജരാക്കും.


Other stories from this section