19-Jun-2018

കെവിന്റെ ദുരൂഹമരണം : എസ്‌.ഐ, എ.എസ്‌.ഐ, ഡ്രൈവര്‍ എന്നിവരെ പിരിച്ചുവിട്ടേക്കും

തിരുവനന്തപുരം June 5 : കെവിന്റെ ദുരൂഹമരണത്തില്‍ ആരോപണവിധേയരായ ഗാന്ധിനഗര്‍ എസ്‌.ഐ, എ.എസ്‌.ഐ, പോലീസ്‌ ഡ്രൈവര്‍ എന്നിവരെ പിരിച്ചുവിടുമെന്നു സൂചന.
 
ഇതു സംബന്ധിച്ചു നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആഭ്യന്തര അഡീഷണല്‍ ചീഫ്‌ സെക്രട്ടറിക്കു നിര്‍ദേശം നല്‍കി.
 
ഗുരുതരമായ കൃത്യവിലോപവും വീഴ്‌ചയും കോട്ടയം ഗാന്ധിനഗര്‍ പോലീസിന്റെ ഭാഗത്തുനിന്നുണ്ടായതായി കെവിന്‍ വധക്കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്‌ഥനായ ഐ.ജി: വിജയ്‌ സാഖറെ റിപ്പോര്‍ട്ട്‌ നല്‍കിയിരുന്നു.
 
കേരള പോലീസ്‌ ആക്‌ട്‌ (ക്രിമിനല്‍ നടപടി ക്രമം) അനുസരിച്ചാണ്‌ ഗാന്ധിനഗര്‍ എസ്‌.ഐ: എം.എസ്‌. ഷിബു, എ.എസ്‌.ഐ: ടി.എം. ബിജു, ഡ്രൈവര്‍ അജയകുമാര്‍ എന്നിവര്‍ക്കെതിരേയാണ്‌ കൈക്കൂലി, സ്വജനപക്ഷപാതം, കൃത്യവിലോപം എന്നീ കുറ്റങ്ങള്‍ ചുമത്തി നടപടിയെടുക്കുന്നത്‌.
 
ഇവര്‍ ഇപ്പോള്‍ സസ്‌പെന്‍ഷനിലാണ്‌. കേസിലെ പ്രധാന പ്രതി ഷാനു ചാക്കോയില്‍നിന്ന്‌ കൈക്കൂലി വാങ്ങി കേസെടുക്കല്‍ വൈകിപ്പിച്ചുവെന്നാണു പ്രധാന കുറ്റാരോപണം.
 
കൈക്കൂലിക്കാരായ ഉദ്യോഗസ്‌ഥര്‍ക്കുള്ള മുന്നറിയിപ്പാണു പിരിച്ചുവിടല്‍ നടപടിയെന്നു സര്‍ക്കാര്‍വൃത്തങ്ങള്‍ പറഞ്ഞു. 
 
കോട്ടയം ജില്ലാ പോലീസ്‌ മേധാവിയായിരുന്ന മുഹമ്മദ്‌ റഫീഖിനെതിരേ അന്വേഷണം പൂര്‍ത്തിയായാലുടന്‍ നടപടിയുണ്ടാകുമെന്നാണ്‌ സൂചന. 
 
കുറ്റവാളികളായ പോലീസുകാര്‍ക്കെതിരേ സര്‍ക്കാര്‍ മൃദുസമീപനം സ്വീകരിക്കുകയാണെന്നു കഴിഞ്ഞ 31 നു മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മുന്‍ ഡി.ജി.പിമാരുടെയും മുന്‍ ചീഫ്‌ സെക്രട്ടറിമാരുടെയും യോഗത്തില്‍ അഭിപ്രായമുയര്‍ന്നിരുന്നു.
 
ഇവര്‍ക്കെതിരേ കര്‍ശന നടപടിയുണ്ടായില്ലെങ്കില്‍ സേന പുഴുക്കുത്തുകളെകൊണ്ടു നിറയുമെന്നും യോഗം അഭിപ്രായപ്പെട്ടിരുന്നു.
 
പോലീസുകാര്‍ മനഃപൂര്‍വമുണ്ടാക്കുന്ന തെറ്റുകള്‍ പൊറുക്കില്ലെന്ന്‌ ഇതേത്തുടര്‍ന്നു മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. ഈ പശ്‌ചാത്തലത്തിലാണ്‌ കടുത്ത നടപടിക്കു മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കിയത്‌.


Other stories from this section