16-Aug-2018

ഉമ്മന്‍ചാണ്ടിയെ നാടുകടത്തിയത് വിനയായി? മാണി പെരുവഴിയില്‍, തകര്‍ന്നുപോയ ബി.ജെ.പി.യോട് വിലപേശാന്‍ ബി.ഡി.ജെ.എസ്

തിരുവനന്തപുരം June 2: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസിനുള്ളില്‍ പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും. പ്രതിപക്ഷ പ്രവര്‍ത്തനത്തെക്കുറിച്ച് നേരത്തെതന്നെ പാര്‍ട്ടിയിലും യു.ഡി.എഫിലും കടുത്ത അതൃപ്തിയുണ്ട്.
 
അതിനിടയില്‍ ഉണ്ടായിരിക്കുന്ന ഈ വന്‍തോല്‍വി കോണ്‍ഗ്രസിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുകയാണ്. മാത്രമല്ല, കേരളരാഷ്ട്രീയത്തില്‍ കെ.എം. മാണിയുടെ നിലനില്‍പ്പുതന്നെ ചോദ്യം ചെയ്യുന്നതും, ബി.ഡി.ജെ.എസ് ശക്തിതെളിയിച്ചതുമായ ഒരു ഫലം കൂടിയാണ് ഇത്.
 
കഴിഞ്ഞ രണ്ടുവര്‍ഷം കൊണ്ട് സംസ്ഥാന സര്‍ക്കാരിനെതിരെ കടുത്ത ആരോപണങ്ങള്‍ പ്രതിപക്ഷം ഉയര്‍ത്തിക്കൊണ്ടുവന്നെങ്കിലും അതൊന്നും ചെങ്ങന്നൂരില്‍ ഏശിയില്ലെന്നതാണ് ഈ ഫലം വ്യക്തമാക്കുന്നത്.
 
പ്രതിപക്ഷ പ്രവര്‍ത്തനം വേണ്ടരീതിയില്‍ ഉയര്‍ന്നിട്ടില്ലെന്നതിന്റെ സൂചനകൂടിയാണിത്. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ ഉമ്മന്‍ചാണ്ടിതന്നെ ഇത് പ്രതിപക്ഷത്തിന്റെ വിലയിരുത്തല്‍ കൂടിയാകുമെന്ന് വ്യക്തമാക്കിയിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ പ്രതിപക്ഷം തീര്‍ത്തും പരാജയമാണെന്ന വിലയിരുത്തലിലാണ് ഈ ഫലം കൊണ്ട് എത്തിക്കുന്നത്.
 
അതേസമയം പോലീസിനെതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തിവിടുന്നുണ്ടെങ്കിലും അതിനേക്കാള്‍ ഉപരിയായി സര്‍ക്കാരിന്റെ പ്രവര്‍ത്തനത്തെ ജനങ്ങള്‍ അംഗീകരിക്കുന്നുവെന്നും ഇത് വ്യക്തമാക്കുന്നു.
 
പ്രതിപക്ഷം തന്നെയാണ് ഈ തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്ന വാദം മുന്നോട്ടുവച്ചത്. അത് സി.പി.എമ്മും സര്‍ക്കാരും അംഗീകരിക്കുകയും ചെയ്തു. കൂടാതെ വോട്ടെടുപ്പ് ദിവസം പൂര്‍ണ്ണമായും കെവിന്റെ വിഷയം ലൈവായി കാട്ടി മാധ്യമങ്ങള്‍ നടത്തിയ പ്രചരണത്തിനേറ്റ തിരിച്ചടികൂടിയാണ് ഈ വിജയം എന്നാണ് ഇടതുമുന്നണിയുടെ വിലയിരുത്തല്‍.
 
ഇത് പ്രതിപക്ഷത്തിനുള്ളില്‍ പ്രത്യേകിച്ച് കോണ്‍ഗ്രസില്‍ വലിയ പ്രതിസന്ധിയുണ്ടാക്കും. വോട്ടെടുപ്പിന്റെ തൊട്ടുതലേന്ന് കേരളത്തിലെ ഏറ്റവും ജനകീയനായ കോണ്‍ഗ്രസ് നേതാവായ ഉമ്മന്‍ചാണ്ടിയെ ആന്ധ്രയുടെ ചുമതല നല്‍കി ഇവിടെ നിന്നും മാറ്റിയ തീരുമാനം തെരഞ്ഞെടുപ്പില്‍ തിരിച്ചടിക്ക് വഴിവച്ചിട്ടുണ്ട്.
 
ഇതിന് പിന്നില്‍ സംസ്ഥാന കോണ്‍ഗ്രസിലെ ചിലരുടെ ഗൂഢാലോചനയുണ്ടെന്ന വിലയിരുത്തലാണ് എ ഗ്രൂപ്പിനുള്ളത്. അതുകൊണ്ടുതന്നെ ഈ പരാജയം കോണ്‍ഗ്രസിനുള്ളില്‍ വലിയ പൊട്ടിത്തെറിക്ക് വഴിവയ്ക്കും.
 
അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും വലിയ വിജയം ലക്ഷ്യമാക്കുന്ന കോണ്‍ഗ്രസിന് ഏറ്റ വലിയ തിരിച്ചടിയാണിത്.
 
ഉമ്മന്‍ചാണ്ടിയുടെ ഓര്‍ത്തഡോക്‌സ് വിഭാഗം ചെങ്ങന്നൂരില്‍ നിര്‍ണ്ണായകശക്തിയാണ്. അതുകൊണ്ടുതന്നെ തലേദിവസം ഉണ്ടായ ആ പ്രഖ്യാപനം വോട്ടെടുപ്പിനേയും ബാധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
 
അതാണ് പരമ്പരാഗത കോണ്‍ഗ്രസ് മേഖലകളില്‍പ്പോലും ഇടതുമുന്നണി സ്ഥാനാര്‍ത്ഥി സജിചെറിയാന്‍ ലീഡ് നേടിയത്. കഴിഞ്ഞതവണ കൈവിട്ടുപോയ വോട്ടുകള്‍ തിരിച്ചുപിടിച്ചുവെന്നതിലുപരി, കിട്ടാത്ത ന്യൂനപക്ഷ വോട്ടുകള്‍ കൂടി വരുതിയില്‍ കൊണ്ടുവരാനായി എന്നതാണ് ഇടതുമുന്നണിയുടെ നേട്ടം.
 
ഇത് യു.ഡി.എഫിന് വലിയ പ്രതിസന്ധിയുണ്ടാക്കുന്നതാണ്. വോട്ട് അടിത്തറയായ ന്യൂനപക്ഷവിഭാഗങ്ങള്‍ പ്രത്യേകിച്ചും ക്രിസ്തീയസമൂഹവും അകലുന്നുവെന്നത് ലോക്‌സഭാതെരഞ്ഞെടുപ്പ് അടുക്കുന്ന സമയത്ത് കോണ്‍ഗ്രസില്‍ ആശങ്കയുണ്ടാക്കുന്നതാണ്.
 
ഇടതുമുന്നണി വര്‍ഗ്ഗീയ പ്രചരണം നടത്തിയെന്ന വാദത്തിനും ഇനി പ്രസക്തിയൊന്നുമില്ലെന്നാണ് കോണ്‍ഗ്രസിന്റെ തന്നെ അഭിപ്രായം. ആര്യനാട് ഉപതെരഞ്ഞെടുപ്പില്‍ ഉമ്മന്‍ചാണ്ടി നടത്തിയ അത്ര വര്‍ഗ്ഗീയ പ്രചരണമൊന്നും ചെങ്ങന്നൂരില്‍ ആരും നടത്തിയിട്ടില്ലെന്നാണ് ഇടതുമുന്നണിയുടെ മറുപടി.
 
കൂടാതെ സര്‍ക്കാര്‍ യന്ത്രങ്ങള്‍ വഴിവിട്ട് ഉപയോഗിച്ചുവെന്ന വാദത്തിനും പ്രസക്തിയില്ല. ഈ സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോള്‍ തന്നെയാണ് വേങ്ങരയില്‍ ലീഗ് സ്ഥാനാര്‍ത്ഥി വന്‍ ഭൂരിപക്ഷത്തില്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചത്.
 
ഇത് സംഘടനാപരമായ ദൗര്‍ബല്യവും, സ്വന്തം പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാനുള്ള നേതാക്കളുടെ പ്രയത്‌നത്തിനുള്ള തിരിച്ചടിയുമാണെന്ന വാദം കോണ്‍ഗ്രസിലുണ്ട്.
 
ഈ നിലയില്‍ പോയാല്‍ അടുത്ത ലോക്‌സഭാതെരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നാണ് കോണ്‍ഗ്രസിലെ ഒരുവിഭാഗത്തിന്റെ നിലപാട്. അതുകൊണ്ട് അവര്‍ സമഗ്രമായ ഒരു അഴിച്ചുപണിയാണ് ആവശ്യപ്പെടുന്നത്.
 
അതുപോലെത്തന്നെ തെരഞ്ഞെടുപ്പില്‍ സ്വീകരിച്ച തന്ത്രം കേരള കോണ്‍ഗ്രസിന്റെ ഭാവിതന്നെ ചോദ്യചിഹ്‌നമാക്കിയിട്ടുണ്ട്. യു.ഡി.എഫിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കെ.എം. മാണിതന്നെ പരസ്യമായി പ്രചരണത്തിന് ഇറങ്ങിയിരുന്നു.
 
എന്നിട്ടും കഴിഞ്ഞതവണത്തേതിനെക്കാള്‍ മോശം പ്രകടനം യു.ഡി.എഫിന് ഉണ്ടായ സാഹചര്യത്തില്‍ മാണി കോണ്‍ഗ്രസിന്റെ പ്രസക്തിതന്നെ ചോദ്യമാകുകയാണ്. കണ്ണടച്ചുകൊണ്ട് യു.ഡി.എഫിനെ പിന്തുണച്ച കെ.എം. മാണിക്ക് ഇനി ഇടതുമുന്നണിയുമായോ, യു.ഡി.എഫുമായോ ഒരു വിലപേശലിനും കഴിയില്ല.
 
ഏതെങ്കിലും മുന്നണി നല്‍കുന്നതും വാങ്ങി അച്ചടക്കമുള്ള കുട്ടിയെപ്പോലെ നീങ്ങുക മാത്രമേ മാര്‍ഗ്ഗമുള്ളു.പി.ജെ. ജോസഫിന്റെയും കൂട്ടരുടെയും സമ്മര്‍ദ്ദതന്ത്രത്തിന് വഴങ്ങിയ മാണിക്ക് ഏറ്റ തിരിച്ചടിയാണിത്. ഇത് മാണികോണ്‍ഗ്രസിലും പുതിയ പ്രശ്‌നങ്ങള്‍ക്ക് വഴിവയ്ക്കും.
 
അതേസമയം ബി.ഡി.ജെ.എസ് തങ്ങളുടെ ശക്തി തെളിയിച്ചിരിക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി സ്ഥാനാര്‍ത്ഥി നേടിയതിന്റെ പതിമൂവായിരത്തോളം വോട്ട് കുറവു മാത്രമാണ് ഇക്കുറി കിട്ടിയത്.
 
അതുകൊണ്ടുതന്നെ കഴിഞ്ഞ തവണ ബി.ജെ.പിക്ക് കിട്ടിയ വോട്ടുകളുടെ നല്ലപങ്കും ബി.ഡി.ജെ.എസിന്റേതായിരുന്നുവെന്നാണ് വ്യക്തമാക്കുന്നത്. ഇക്കുറി വാഗ്ദാനലംഘനത്തിനെതിരെ ശക്തമായി പ്രതിഷേധിച്ച് മാറി നില്‍ക്കുകയായിരുന്നു ബി.ഡി.ജെ.എസ്.
 
മാത്രമല്ല, അവരുടെ സംഘടനയുടെ പ്രവര്‍ത്തനം ഇടതുസ്ഥാനാര്‍ത്ഥിക്ക് വേണ്ടിയായിരുന്നു. ഇത് ഫലം കണ്ടുവെന്നതാണ് വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ ബി.ഡി.ജെ.എസിന്റെ വിലപേശല്‍ ശക്തി വര്‍ദ്ധിച്ചിട്ടുമുണ്ട്.
 
ലോക്‌സഭാതെരഞ്ഞെടുപ്പില്‍ കേരളത്തില്‍ നിന്നും കഴിയുന്നത്ര വോട്ട് കൈവരിക്കാന്‍ ശ്രമിക്കുന്ന ബി.ജെ.പിക്ക് ഇനി ബി.ഡി.ജെ.എസിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കാതിരിക്കാന്‍ കഴിയില്ല.
 
പൊതുവില്‍ ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് കേരള രാഷ്ട്രീയത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കും. ഇതോടെ പിണറായി വിജയന്റെ സ്ഥാനം കുറേക്കുടി ശക്തമായി ഉറപ്പിക്കപ്പെട്ടു.
 
അതേസമയം പ്രതിപക്ഷനേതൃസ്ഥാനത്തെചൊല്ലി പ്രശ്‌നങ്ങള്‍ ഉടലെടുക്കാനുള്ള സാദ്ധ്യതയും തള്ളിക്കളയാനാവില്ല. മാത്രമല്ല, യു.ഡി.എഫിന്റെ ഇപ്പോഴത്തെ സ്ഥിതി സംബന്ധിച്ചും ശക്തമായ അവലോകനം ആവശ്യമായി വരും.


Other stories from this section