16-Aug-2018

സഭകള്‍ക്കു സമ്മതന്‍, വെള്ളാപ്പള്ളിയുടെ 'മാനസപുത്രന്‍': സജി ചെറിയാന്റെ മിന്നും വിജയത്തിന്റെ പിന്നില്‍

തിരുവല്ല June 1: എല്‍.ഡി.എഫിന്റെ കണക്കുകൂട്ടലുകള്‍ പോലും തെറ്റിച്ച് ഭൂരിപക്ഷം. ചെങ്ങന്നൂരിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വിജയവുമായി എല്‍.ഡി.എഫ്. തകര്‍ത്തത് 1987 ല്‍ കോണ്‍ഗ്രസ് (എസ്)ലെ മാമ്മന്‍ ഐപ്പ് നേടിയ 15703 വോട്ടിന്റെ ഭൂരിപക്ഷം. ഇത്തവണത്തെ ഭൂരിപക്ഷം 20956 വോട്ടുകള്‍.
 
*****എല്‍.ഡി.എഫ്. വിജയഘടകങ്ങള്‍
 
സംസ്ഥാന സെക്രട്ടേറിയേറ്റംഗം എം.വി. ഗോവിന്ദന്‍മാസ്റ്റര്‍, മന്ത്രി തോമസ് ഐസക്ക്, ശോഭനാ ജോര്‍ജ്, വിവിധ ക്രിസ്ത്യന്‍ സഭകള്‍, എസ്.എന്‍.ഡി.പി., മുസ്ലിംവോട്ടുകള്‍, മണ്ഡലത്തിലെ വികസനത്തിനായുള്ള വോട്ടുകള്‍ ഒക്കെകൂടിയതായിരുന്നു എല്‍.ഡി.എഫ്. വിജയം.
 
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടംമുതലുള്ള എല്‍.ഡി.എഫ്. മുന്‍തൂക്കം അവസാനംവരെ നിലനിര്‍ത്തി. ഒരു ഘട്ടത്തില്‍പോലും എല്‍.ഡി.എഫ്. തോല്‍വി മണത്തിരുന്നില്ല.
 
കൃത്യമായ ഗൃഹപാഠം ചെയ്തുള്ള പ്രവര്‍ത്തനങ്ങള്‍, ഓരോ ജാതിവോട്ടിലും കൃത്യമായ കണ്ണുവെച്ച് അത്തരം പ്രവര്‍ത്തകരെ തന്നെ രംഗത്തിറക്കി. കുറഞ്ഞത് ഒരു വീട്ടില്‍ 10 തവണയെങ്കിലും കയറി വോട്ട് ഉറപ്പാക്കി.
 
തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടത്തില്‍തന്നെ ബി.ജെ.പി. പിന്നോട്ടു പോകുമെന്ന് വ്യക്തമായിരുന്നു. ബി.ഡി.ജെ.എസുമായുള്ള തര്‍ക്കമാണ് ഇതിന് കാരണമായിവന്നത്. ദേശീയരാഷ്ട്രീയത്തിലെ ബി.ജെ.പിയുടെ തിരിച്ചടി, പെട്രോള്‍വിലയിലെ കുതിച്ചുകയറ്റം, കഴിഞ്ഞതവണ ഇലക്ഷന്‍ കഴിഞ്ഞ് സ്ഥാനാര്‍ഥിക്ക് മണ്ഡലവുമായി ബന്ധമില്ലാതിരുന്നത് ഒക്കെ ബി.ജെ.പി.ക്ക് വിനയായി.
 
കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ പറ്റുന്ന ഏറ്റവും സുപരിചിതനായ ആളെത്തന്നെ കളത്തിലിറക്കിയെങ്കിലും ജനവികാരം അനുകൂലമാക്കാനായില്ല. കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ തുടക്കംമുതല്‍തന്നെ പാളിയിരുന്നു.
 
ഇപ്പോഴും കോണ്‍ഗ്രസുകാര്‍ വോട്ട് ചോദിക്കാന്‍ കയറാത്ത വീടുകള്‍ ചെങ്ങന്നൂരിലുണ്ടെന്നറിയുമ്പോള്‍ മനസിലാകും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനം എത്രത്തോളംവരുമെന്ന്. തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ എത്തിയ ഉമ്മന്‍ചാണ്ടിയുടെ പ്രവര്‍ത്തനം കോണ്‍ഗ്രസിനെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് പ്രതീതി ജനിപ്പിച്ചുവെങ്കിലും വോട്ടാക്കാനായില്ല.
 
40 ശതമാന ന്യൂനപക്ഷ വോട്ടുകളും അതോടൊപ്പം നിലവിലുള്ള ഇടതുപക്ഷവോട്ടുകളും നിലനിര്‍ത്താനുമായാല്‍ വിജയം അനായാസമാവുമെന്ന് എല്‍.ഡി.എഫ്. കണക്കുകൂട്ടിയിരുന്നു. 70000 വോട്ടുകളാണ് എല്‍.ഡി.എഫ്് കേന്ദ്രങ്ങള്‍ പ്രതീക്ഷിച്ചിരുന്നത്. 67303 വോട്ടുകള്‍ സജി ചെറിയാന് ലഭിച്ചു. കണക്കുകൂട്ടലുകളില്‍ കാര്യമായ പിഴവ് സംഭവിച്ചില്ല.
 
ഓര്‍ത്തഡോക്‌സ്, മാര്‍ത്തോമ്മാ, പെന്തക്കോസ്ത്, ക്‌നാനായ സമുദായങ്ങളില്‍നിന്നും പ്രതീക്ഷിച്ചതിലധികം വോട്ടുകള്‍ സജി ചെറിയാന് ലഭിച്ചപ്പോള്‍ ഇവിടെനിന്നെല്ലാം യു.ഡി.എഫിന് പരമ്പരാഗതമായി ലഭിച്ച വോട്ടുകള്‍ നഷ്ടപ്പെട്ടു.
 
മുസ്ലിം സമുദായകേന്ദ്രങ്ങളായ കൊല്ലകടവും മാന്നാറുമുള്‍പ്പെടെയുള്ള സ്ഥലങ്ങള്‍ എല്‍.ഡി.എഫിനെ തുണച്ചു. എല്ലാകാലത്തും എല്‍.ഡി.എഫ്. മൂന്നാംസ്ഥാനത്തുനിന്നിരുന്ന തിരുവന്‍വണ്ടൂരില്‍ പോലും ചെറിയ വോട്ടിനാണെങ്കിലും എല്‍.ഡി.എഫ്. ലീഡ് ചെയ്തത് യു.ഡി.എഫ്., ബി.ജെ.പി. കേന്ദ്രങ്ങളെ ഞെട്ടിച്ചു. ഇവിടെ സി.പി.എം, കോണ്‍ഗ്രസ് പിന്തുണയോടെ കേരളാ കോണ്‍ഗ്രസാണ് ഭരണത്തില്‍.
 
യു.ഡി.എഫ്. സ്വാധീനമുള്ള മാന്നാര്‍, തിരുവന്‍വണ്ടൂര്‍, പുലിയൂര്‍, ബുധനൂര്‍, ചെങ്ങന്നൂര്‍ മുനിസിപ്പാലിറ്റി, വെണ്‍മണി, ചെന്നിത്തല പഞ്ചായത്തുകളില്‍ പുറകില്‍പോയതാണ് യു.ഡി.എഫ്. പരാജയകാരണം.
 
രമേശ് ചെന്നിത്തല വോട്ട് ചെയ്ത ബൂത്തിലും ഉമ്മന്‍ ചാണ്ടിയുടെ കുടുംബവീടിരിക്കുന്ന ബൂത്തിലും യു.ഡി.എഫ്. സ്ഥാനാര്‍ഥി വിജയകുമാറിന്റെ പഞ്ചായത്തിലും ഒക്കെ യു.ഡി.എഫ്. പുറകിലായി.
 
കേരളാ കോണ്‍ഗ്രസിന്റെ രംഗപ്രവേശനവും യു.ഡി.എഫിനെ സഹായിച്ചില്ല. പരമ്പരാഗത കേരളാ കോണ്‍ഗ്രസ് സ്വാധീനമേഖലകളായ തിരുവന്‍വണ്ടൂരിലും മുനിസിപ്പല്‍ പ്രദേശങ്ങളും യു.ഡി.എഫിനെ കൈവിട്ടു. കഴിഞ്ഞതവണ ബി.ജെ.പിക്ക് ലഭിച്ച ബി.ഡി.ജെ.എസ്. വോട്ട് ഇത്തവണ ലഭിച്ചിട്ടില്ലെന്ന് വ്യക്തമാണ്. ആ വോട്ടുകളില്‍ പകുതിയെങ്കിലും വെള്ളാപ്പള്ളിയുടെ 'മാനസപുത്രനാ'യ സജിക്ക് പോയിട്ടുണ്ടാവുമെന്ന് കരുതാം.
 
ഉമ്മന്‍ചാണ്ടിയുടെ ഇടപെടലും ക്രൈസ്തവസഭകളെ യു.ഡി.എഫിന് അനുകൂലമാക്കാന്‍ കഴിഞ്ഞില്ല. കഴിഞ്ഞതവണത്തെ വോട്ടില്‍നിന്നും പുറകില്‍പോയില്ല എന്നുമാത്രം ആശ്വസിക്കാം.
 
കേരളാ കോണ്‍ഗ്രസ് വോട്ടുകളും സജി ചെറിയാന് കിട്ടിയിട്ടുണ്ടെന്ന് വ്യക്തം. അതില്‍ കെ.എം. മാണിയുടെ ഇടപെടലുകള്‍ക്കൊന്നും കാര്യമായ സ്വാധീനം ചെലുത്താന്‍ കഴിഞ്ഞിട്ടില്ല.
 
തെരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ യു.ഡി.എഫ്. ക്യാമ്പിലെത്തിയ മാണിക്ക് യു.ഡി.എഫിനെ സഹായിക്കാനായില്ല. പ്രവര്‍ത്തകര്‍ മാനസികമായി യു.ഡി.എഫുമായി നേരത്തെതന്നെ അകന്നിരുന്നു. അതൊട്ട് യോജിപ്പിക്കാനുമായില്ല. ഫലത്തില്‍ നല്ല ശതമാനം കേരളാ കോണ്‍ഗ്രസ് വോട്ടുകളും എല്‍.ഡി.എഫിന് ലഭിച്ചു.
 
ശോഭനാ ജോര്‍ജിനെയും തീര്‍ത്തും തള്ളിക്കളനാവില്ല. കഴിഞ്ഞതവണ മത്സരിച്ച് മൂവായിരത്തോളം വോട്ടുകള്‍ സ്വന്തം നിലയില്‍ പിടിക്കാനവര്‍ക്ക് കഴിഞ്ഞിരുന്നു. തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ടം മുതല്‍ എല്‍.ഡി.എഫിനായി അവര്‍ സജീവമായി രംഗത്തുണ്ടായിരുന്നു. കഴിഞ്ഞദിവസം പള്ളികളിലൊക്കെ കയറിയിറങ്ങി സജിക്ക് വേണ്ടി പ്രാര്‍ഥനയിലായിരുന്നു അവര്‍.
 
ഓര്‍ത്തഡോക്‌സ് സഭയിലെ ഉന്നതരുമായി അവസാനനിമിഷം എല്‍.ഡി.എഫ്. നടത്തിയ ചര്‍ച്ച അധികമാരും അറിഞ്ഞിട്ടുണ്ടാവില്ല. അതിനായി സി.പി.എം. സംസ്ഥാന സെക്രട്ടറി തന്നെ രംഗത്തിറങ്ങിയെന്നത് യാഥാര്‍ഥ്യം. പിന്നെ വിശ്വകര്‍മ്മ, പെന്തക്കോസ്ത് സഭ തുടങ്ങിയവയുമായി ആദ്യംതന്നെ എല്‍.ഡി.എഫ്. ധാരണയിലെത്തിയിരുന്നു.
 
ചുരുക്കത്തില്‍ ഒരു വിജയത്തിനുള്ള വെടിമരുന്ന് എല്‍.ഡി.എഫ്. കരുതിയിരുന്നു. ഇത്രയും രാഷ്ട്രീയസാഹചര്യങ്ങള്‍ പ്രതികൂലമായിരുന്നിട്ടും തെരഞ്ഞെടുപ്പ് വിജയമെന്ന സത്യത്തെ പുല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞത് അതുകൊണ്ടാണ്.
 
വോട്ട് നില :-

എല്‍.ഡി.എഫ്- 67303 , യു.ഡി.എഫ്. - 46347 , ബി.ജെ.പി. - 35270


Other stories from this section