24-May-2018

പള്ളിയില്‍ പ്രവേശിക്കാന്‍ ഓര്‍ത്തഡോക്‌സ് വിഭാഗം ; തടയാന്‍ യാക്കോബായ സഭ; പിറവത്തു സഭാതര്‍ക്കം

 പിറവം May 8: രാജാധിരാജ സെന്റ് മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രല്‍ സംബന്ധിച്ച സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തില്‍ പിറവത്തു യാക്കോബായ-ഓര്‍ത്തഡോക്‌സ് സഭാ തര്‍ക്കം രൂക്ഷമായി.
 
ഓര്‍ത്തഡോക്‌സ് വിഭാഗം നാളെ രാവിലെ ഏഴിനു പള്ളിയില്‍ പ്രവേശിക്കുമെന്ന സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള അറിയിപ്പിനെത്തുടര്‍ന്ന് ഏതു വിധേനയും തടയാനുള്ള ശ്രമങ്ങള്‍ യാക്കോബായ സഭാ വിശ്വാസികള്‍ ആരംഭിച്ചു.
 
നാളെ പുലര്‍ച്ചെ അഞ്ചിനു ''പുലരിയില്‍ ഒരു തീനാളം'' എന്ന പേരില്‍ യാക്കോബായ സഭാ വിശ്വാസികള്‍ പള്ളിയില്‍ പ്രത്യേക പ്രാര്‍ത്ഥന നടത്തും. ശ്രേഷ്ഠ കാതോലിക്ക ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയും മെത്രാപ്പോലീത്തമാരും നേതൃത്വം നല്‍കും.
 
ഇടവകയില്‍ ബഹുഭൂരിപക്ഷമായ യാക്കോബായ വിശ്വാസികള്‍ കഴിഞ്ഞ 19 ലെ കോടതിവിധിയെത്തുടര്‍ന്നു പള്ളിയില്‍ തുടര്‍ച്ചയായി പ്രാര്‍ത്ഥന നടത്തിവരികയാണ്.
 
രണ്ടാഴ്ച തുടര്‍ച്ചയായി പ്രതിഷേധ റാലികളും പിറവത്തു സംഘടിപ്പിച്ചു. ഇരു വിഭാഗവും ബാവമാരുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയെ കണ്ട് തങ്ങളുടെ ആവശ്യങ്ങള്‍ അറിയിച്ചിട്ടുണ്ട്.
 
പിറവം ഇടവകയ്ക്കു പിന്തുണ പ്രഖ്യാപിച്ചു വിവിധ പള്ളികളില്‍നിന്ന് ഇന്നലെ പിറവത്തേക്കു വാഹന റാലി നടത്തി.
 
നീറാംമുകള്‍ സെന്റ് പോള്‍സ് ആന്‍ഡ് സെന്റ് പീറ്റേഴ്‌സ് യാക്കോബായ പള്ളി, കാരിക്കോട് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി, മോര്‍ ഗ്രിഗോറിയോസ് വിദ്യാര്‍ഥി പ്രസ്ഥാനം തുടങ്ങിയവരുടെ ആഭിമുഖ്യത്തില്‍ മുളന്തുരുത്തിയില്‍നിന്നാണു വാഹന റാലി സംഘടിപ്പിച്ചത്.
 
തുടര്‍ന്നു പള്ളിയില്‍നിന്ന് ആരംഭിച്ച വിശ്വാസ പ്രഖ്യാപന റാലിയില്‍ നൂറുകണക്കിനു വിശ്വാസികള്‍ പങ്കെടുത്തു.
 
മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയാസ് മോര്‍ പോളിക്കോര്‍പ്പസ് ഫഌഗ് ഓഫ് ചെയ്തു. ഡോ.മാത്യൂസ് മോര്‍ ഈവാനിയോസ്, ഏലിയാസ് മോര്‍ അത്താനാസിയോസ്, കുര്യാക്കോസ് മോര്‍ തെയോഫിലോസ്, വികാരി െസെമണ്‍ ചെല്ലിക്കാട്ടില്‍ കോര്‍ എപ്പിസ്‌കോപ്പ, ഫാ.ജിബി ഇച്ചിക്കോട്ടില്‍, ഫാ.വര്‍ഗീസ് പനച്ചിയില്‍, ഫാ. ബിജു ചക്രവേലില്‍, കൗണ്‍സിലര്‍ ബെന്നി വി. വര്‍ഗീസ്, ട്രസ്റ്റിമാരായ വി.വി. ജോണ്‍, ബേബി കിഴക്കേക്കര, സെക്രട്ടറി ജോബി ചിറയ്ക്കല്‍ എന്നിവര്‍ നേതൃത്വം നല്‍കി.


Other stories from this section